ഇടുക്കി: ലോക്ഡൗണും മഴയും എത്തിയതോടെ സംസ്ഥാനത്തെ ഉപഭോഗം കുത്തനെ കുറഞ്ഞത് വൈദ്യുതി ബോര്‍ഡിന് തിരിച്ചടിയാകുന്നു. ഇത് പരിഹരിക്കാന്‍ വില നോക്കി അധികമായി വരുന്ന വൈദ്യുതി വില്‍പ്പന നടത്തുകയോ ലഭിക്കുന്ന ‘പുറം വൈദ്യുതി’ തിരികെ ഏല്‍പ്പിക്കുകയോ ആണ് കെഎഎസ്ഇബി. പുറം വൈദ്യുതി പതിവായി മിച്ചം വരുന്നത് കെഎസ്ഇബിക്ക് അധിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി യൂണിറ്റിന് 4.25 രൂപയ്ക്ക് മുകളില്‍ വില ലഭിക്കുന്നുണ്ട്. ഇത്തരത്തില്‍ രണ്ട് ദിവസം കൊണ്ട് 11 മില്യണ്‍ യൂണിറ്റോളം വൈദ്യുതി വിറ്റു.
വേനല്‍ക്കാലത്ത് 80 മില്യണ്‍ യൂണിറ്റിന് മുകളില്‍ വരെ എത്തിയ പ്രതിദിന ഉപഭോഗം മഴ എത്തിയതോടെ കുത്തനെ കുറഞ്ഞിരുന്നു. പിന്നാലെ ലോക്ഡൗണ്‍ കൂടി വന്നതിനാല്‍ നിലവില്‍ 60-65 മില്യണ്‍ യൂണിറ്റിനും ഇടയിലാണ് സംസ്ഥാനത്തെ ഉപഭോഗം. മഴക്കാലമായതിനാല്‍ ചെറിയ ഡാമുകളിലെ ജലനിരപ്പ് നിയന്ത്രിച്ച് നിര്‍ത്തുന്നതിന് വേണ്ടി ഇവിടങ്ങളിലെ ഉത്പാദനം കുറയ്ക്കാനുമാകില്ല.
സംസ്ഥാനത്ത് ഉപയോഗിക്കുന്ന വൈദ്യുതി മൂന്ന് തരത്തിലാണ് പ്രധാനമായും ലഭ്യമാകുന്നത്. ഇതില്‍ ആദ്യത്തേത് ആഭ്യന്തര ഉത്പാദനം (കൂടുതലായും ജലവൈദ്യുത പദ്ധതികള്‍). രണ്ടാമത്തേത് കേന്ദ്ര വിഹിതമായി (നിശ്ചിത ശതമാനം) പ്ലാന്റുകളില്‍ നിന്ന് വാങ്ങുന്നതും അവസാനത്തേത് കെഎസ്ഇബിയുടെ ദീര്‍ഘകാല കരാര്‍ അടിസ്ഥാനത്തില്‍ ലഭിക്കുന്നതും. അവസാനത്തെ രണ്ടും ‘പുറംവൈദ്യുതി’ എന്നാണ് അറിയപ്പെടുക. ഇവ വിവിധ പവര്‍ഗ്രിഡ് വഴിയാണ് സംസ്ഥാനത്തെത്തിക്കുന്നത്.
ഉപഭോഗം കുറഞ്ഞതിനാല്‍ നഷ്ടം നികത്തുന്നതിന് കിണഞ്ഞ് പരിശ്രമിക്കുകയാണ് കെഎസ്ഇബി. ഇടുക്കി സംഭരണിയിലെ വെള്ളം കൂടുതല്‍ ഉപയോഗിക്കുന്നില്ലെങ്കിലും ഇടവിട്ട് മഴ ലഭിക്കുന്നതിനാല്‍ ചെറുകിട പദ്ധതികളിലെ ഉത്പാദനം കൂട്ടി. ഇവിടെ നിന്ന് ഉത്പാദിപ്പിക്കുന്ന വൈദ്യുതിയും (കൂടുതലായും പീക്ക് സമയത്ത്) പുറം വൈദ്യുതിയും കൂടുമ്പോള്‍ സംസ്ഥാനത്തിന് ആവശ്യമായ അളവിലും കൂടുതലാകുമിത്.
ഇത്തരത്തില്‍ മിച്ചം വരുന്ന വൈദ്യുതി തിരികെ ഏല്‍പ്പിക്കുമ്പോള്‍ ലഭിക്കുന്ന ലാഭം ആദ്യം കണക്കാക്കും. ഇതിനൊപ്പം സംസ്ഥാനത്തിന് വില്‍ക്കാനുള്ള വൈദ്യുതിയുടെ മാര്‍ക്കറ്റ് വിലയും. ഈ വില കൂടുതലാണെങ്കില്‍ ആവശ്യം അനുസരിച്ചും വിവിധ സമയങ്ങളില്‍ വില്‍പ്പന കൂട്ടും. ഇതിനെ വില്‍പ്പന എന്ന രീതിയിലല്ല കാണുന്നതെന്ന് വൈദ്യുതി ബോര്‍ഡ് പറയുന്നു. അതാത് സമയത്തുള്ള കൂടുതല്‍ വൈദ്യുതി ആണ് ഇത്തരത്തില്‍ വില്‍ക്കുക. പ്രസരണ നഷ്ടം കൂടി നോക്കിയാകും തീരുമാനം. ഇത് വലിയ സാമ്പത്തിക നഷ്ടം കുറയ്ക്കാനാണ്.
പല നിലയങ്ങളില്‍ നിന്നുള്ള വൈദ്യുതിയാണ് സംസ്ഥാനത്ത് ഇത്തരത്തിലെത്തുന്നത്. അതേസമയം, മാര്‍ക്കറ്റിലെ വില കുറയുന്ന സമയവും സമാനമായി വാങ്ങാറുമുണ്ട്. ഒന്നു മുതല്‍ 1.25 രൂപ വരെ യൂണിറ്റിന് വില വരുമ്പോള്‍ മറ്റുള്ള വൈദ്യുതി കുറച്ച് പുറത്ത് നിന്ന് ഇത് കൂടുതല്‍ വാങ്ങുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: