ചൂരല്‍മല: ഉരുള്‍പൊട്ടല്‍ ബാധിതരുടെ താത്കാലിക പുനരധിവാസത്തിന് ഇപ്പോള്‍ കണ്ടെത്തിയ വാസ സ്ഥലങ്ങള്‍ അപര്യാപ്തം. പലതും വാസ യോഗ്യമല്ല. അറ്റകുറ്റപ്പണിക്കുതന്നെ ഏറെ സമയമെടുക്കും.
നടപടി വേഗത്തിലാക്കുമെന്ന് സര്‍ക്കാര്‍ പറയുമ്പോഴും ക്യാമ്പുകളിലടക്കമുള്ള ദുരിത ബാധിതരെ പുനരധിവസിപ്പിക്കുന്നത് വെല്ലുവിളിയാണ്. ഉരുള്‍പൊട്ടലില്‍ രക്ഷപ്പെട്ട 661 കുടുംബങ്ങളിലെ 2217 പേരാണ് വിവിധ ക്യാമ്പുകളിലുള്ളത്. ഇവരെയെല്ലാം സുരക്ഷിതമായി എല്ലാ സൗകര്യങ്ങളോടെയും പുനരധിവസിപ്പിക്കണം.
സര്‍ക്കാര്‍ ക്വാര്‍ട്ടേഴ്സുകള്‍ ഉള്‍പ്പെടെ താത്കാലിക പുനരധിവാസത്തിനുപയോഗിക്കുമെന്ന് മന്ത്രി പറഞ്ഞിരുന്നു. പൊതുമരാമത്ത് വകുപ്പിന്റെ 27 ക്വാര്‍ട്ടേഴ്സുകളാണ് ഇതിനായി കണ്ടെത്തിയത്. കല്‍പ്പറ്റയില്‍ 15, പടിഞ്ഞാറത്തറയില്‍ ആറ്, ബത്തേരിയില്‍ രണ്ട്, കാരാപ്പുഴയില്‍ നാല് എന്നിങ്ങനെയാണ് ക്വാര്‍ട്ടേഴ്സുകള്‍. എന്നാല്‍ കാരാപ്പുഴയുള്പ്പെടെയുള്ള ക്വാര്‍ട്ടേഴ്സുകള്‍ പലതും വാസയോഗ്യമല്ല. കാടുകയറി മരങ്ങളും മറ്റും വളര്‍ന്ന സ്ഥിതിയിലാണ്. അറ്റകുറ്റപ്പണികള്‍ ആരംഭിച്ചെങ്കിലും പൂര്‍ത്തിയാക്കാന്‍ ദിവസങ്ങളെടുത്തേക്കാം. മറ്റു ക്വാര്‍ട്ടേഴ്സുകളുടെ അവസ്ഥയും വ്യത്യസ്തമല്ല, പലതിലും വെള്ളം കിട്ടാന്‍ പോലും ഏറെ പണിയെടുക്കണം. കൃത്യമായ സംരക്ഷണമില്ലാത്തതിനാല്‍ താറുമാറായ സ്ഥിതിയിലാണ്. വാസയോഗ്യമായ കെട്ടിടങ്ങള്‍ ഇല്ലെന്നുതന്നെ പറയാം. ഒഴിഞ്ഞ വീടുകള്‍ കണ്ടെത്തുകയെന്നതിലേക്കും കടന്നിട്ടേയുള്ളൂ. പുനരധിവാസ പാക്കേജുകളും പ്രഖ്യാപനങ്ങളും മലവെള്ളം പോലെയുണ്ടെങ്കിലും എത്ര മാത്രം പ്രായോഗികമാകുമെന്നത് ആശങ്കയിലാണ്.
പുത്തുമലയുടെ നേര്‍സാക്ഷ്യം മുന്നിലുണ്ട്, അഞ്ചു വര്‍ഷം പിന്നിടുമ്പോഴും വീടു കിട്ടാത്തവരുണ്ട്. അതുകൊണ്ടുതന്നെ മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടലില്‍ എല്ലാം നഷ്ടമായവര്‍ക്കുള്ള പുനരധിവാസവും ജീവനോപാധികളും എത്ര പേര്‍ക്ക്, എന്നു കിട്ടുമെന്നാണ് പലരുടെയും ആശങ്ക.
ഹെല്‍ത്ത് സെന്റര്‍, അങ്കണവാടി, ബസ് സ്റ്റോപ്പ് ഉള്‍പ്പെടെ പ്രഖ്യാപിച്ച ഹര്‍ഷം പദ്ധതിയില്‍ പുത്തുമലക്കാരെ പുനരധിവസിപ്പിച്ചിടത്ത് ആര്‍ക്കൊക്കെ, എന്തൊക്കെയെന്നത് പുനര്‍ വിചിന്തനം നടത്തണമെന്ന് പുത്തുമലക്കാര്ത്തന്നെ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: