ന്യൂദല്‍ഹി: ഖാലിസ്ഥാന്‍ തീവ്രവാദി ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയെ മഹത്വവത്കരിച്ച് ഇന്ത്യന്‍ ക്രിക്കറ്റര്‍ ഹര്ഭജന് സിങ. ഭിന്ദ്രന്‍വാലെയുടെ മരണ വാര്‍ഷികത്തിലാണ് ഹര്ഭജന് സിംഗ് അദ്ദേഹത്തെ ‘രക്തസാക്ഷി’ എന്ന് പ്രശംസിക്കുകയും ഇന്‍സ്റ്റാഗ്രാം സ്റ്റോറിയില്‍ അദ്ദേഹത്തിന് പ്രണാമം അര്‍പ്പിക്കുയും ചെയ്തത്.
‘അഭിമാനത്തോടെ ജീവിക്കുക, മതത്തിനുവേണ്ടി മരിക്കുക” എന്നാണ് ഹര്ഭജന് പോസ്റ്റ് ചെയ്ത പോസ്റ്ററില്‍ പറയുന്നത്. ഓപ്പറേഷന് ബ്ലൂസ്റ്റാറിന്റെ 37-ാം വാര്‍ഷികത്തില്‍ കൊല്ലപ്പെട്ട തീവ്രവാദികള്‍ക്ക് പോസ്റ്ററില്‍ ആദരാഞ്ജലിയും അര്‍പ്പിക്കുന്നുണ്ട്. പോസ്റ്ററിന്റെ മധ്യഭാഗത്ത് നീല തലപ്പാവ് ധരിച്ച ജര്‍നൈല്‍ സിങ് ഭിന്ദ്രന്‍വാലെയുടെ ചിത്രമാണ്. ഹര്‍ഭജന്റെ പോസ്റ്ററിനെതിരേ വ്യപകമായ പ്രതിഷേധമാണ് സോഷ്യല്‍മീഡിയയില്‍ ഉയരുന്നത്.
1984 ജൂണ്‍ 1 നും ജൂണ്‍ 8 നും ഇടയിലാണ് അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രത്തില്‍ ഓപ്പറേഷന് ബ്ലൂ സ്റ്റാര്‍ നടന്നത്. ഇന്ത്യന്‍ സൈന്യം ഏറ്റെടുത്ത ഏറ്റവും വലിയ ആഭ്യന്തര സുരക്ഷാ ദൗത്യമാണിത്. അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയാണ് ഓപ്പറേഷന് ബ്ലൂസ്റ്റാറിന് ഉത്തരവിട്ടത്.
ഔദ്യോഗിക റിപ്പോര്‍ട്ടുകള്‍ പ്രകാരം 83 ഇന്ത്യന്‍ ആര്‍മി ജവാന്മാരും ഭിന്ദ്രന്‍വാലെ അടക്കം ഭീകരരും 492 പേരുമാണ് കൊല്ലപ്പെട്ടത്. കുറച്ച് മാസങ്ങള്‍ക്ക് ശേഷം, 1984 ഒക്ടോബര്‍ 31 ന് ഓപ്പറേഷന് ബ്ലൂസ്റ്റാറിനോട് പ്രതികാരം ചെയ്യാനായി ഇന്ദിരാഗാന്ധിയെ സിഖ് അംഗരക്ഷകര്‍ കൊലപ്പെടുത്തുകയായിരുന്നു. ഇത് ഇന്ത്യയില്‍ വന്‍തോതില്‍ സിഖ് വിരുദ്ധ കലാപത്തിന് കാരണമായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: