പദ്മനാഭന് തിക്കോടി
കോവിലനെ അറിയാത്ത മലയാളി വായനക്കാര്‍ വിരളമായിരിക്കും. അദ്ദേഹത്തിന്റെ കഥകളിലെയും നോവലുകളിലെയും അനുകരിക്കാന്‍ വളരെ ബുദ്ധിമുട്ടുള്ള തുളച്ചുകയറുന്ന ഭാഷയും ശക്തമായ കഥാപാത്രാവിഷ്കാരവും ഗ്രാമ്യതയും ഗോത്രഭാവങ്ങളും ഇണചേരുന്ന രചനാപാടവവും ഇന്നും ഒരനുഭവമായി നമ്മിലുണ്ട്. കഥകളിലൊക്ക അദ്ദേഹം കേവലമനുഷ്യനെ ദാര്‍ശനിക പരിപ്രേക്ഷ്യത്തില്‍ ചോദനകളുടെ ശുദ്ധരൂപത്തില്‍ കത്തിമുനവരപോലെ കോറിവച്ചു. ഇവയ്ക്ക് പച്ച മനുഷ്യന്റെ കാലാതീതമായ നെഞ്ചുറപ്പും ദാര്‍ഢ്യവും ഉണ്ടായിരുന്നു.
പരുക്കന്‍ ഭാഷകൊണ്ട് ചോരപൊടിയുമ്പോഴും വാക്കറിവുകളുടെ ഉള്ളങ്ങളില്‍ തോറ്റം പാട്ടുകളുടെ ഇമ്പമാര്‍ന്ന സംഗീതം അവയിലുണ്ടായിരുന്നു.
ആധിപത്യവ്യവസ്ഥയുടെ വിപത്തുകളെക്കുറിച്ച് വിളിച്ചോതാന്‍ തന്റെ എഴുത്തുകളുടെ സാദ്ധ്യതയും കരുത്തും പ്രയോജനപ്പെടുത്തി, ഈ സര്‍ഗ്ഗാത്മക സാഹിത്യകാരന്. നാട്ടറിവുകളെയും ദേശചരിത്രത്തെയും അദ്ദേഹം എഴുത്തിലൂടെ മടക്കിക്കൊണ്ടുവന്നു.
പതിമൂന്നാം വയസ്സില്‍ ചിന്തയിലേക്കും എഴുത്തിലേക്കും മനസ്സുതുറന്ന കോവിലന്റെ ആദ്യമോഹം കവിയാകണം എന്നായിരുന്നു. അതിനായി പ്രശസ്ത കവികളുടെ രചനകളൊക്കെ വായിച്ചു മനഃപാഠമാക്കി.
ആദ്യകവിതകള്‍ വിഷയമാക്കിയത് ചുറ്റും കണ്ടനുഭവിച്ചിരുന്ന ജന്മിത്വം, ജാതീയത, ദാരിദ്ര്യം, വൈദേശിക ചൂഷണം ഇവയൊക്കെ തന്നെ.
ജീവിതത്തോട് നീതിപുലര്‍ത്താന്‍ കൂടുതല്‍ സാദ്ധ്യത കഥയെഴുത്തിനാണെന്ന് ബോധ്യം വന്നപ്പോള്‍ ആ വഴി സ്വീകരിക്കുകയായിരുന്നു.
അതോടെ വിയര്‍പ്പും ചെളിയും നാട്ടുനന്മകളും ലയിച്ചുകിടക്കുന്ന അക്ഷരസ്മാരകങ്ങള് കഥാരൂപത്തില്‍ ആ തൂലികയില്‍ നിന്ന് പുറത്തുവന്നു തുടങ്ങി.
സൈനികസേവനകാലത്താണ് ഇദ്ദേഹം കോവിലനാകുന്നത്. ആ കാലത്തെഴുതപ്പെട്ട കൃതികളില്‍ പട്ടാളജീവിതം വളരെ മിഴിവോടെ ആവിഷ്കരിയ്ക്കപ്പെട്ടു, അവിസ്മരണീയങ്ങളും വ്യത്യസ്തങ്ങളുമായ മുഹൂര്‍ത്തങ്ങളിലൂടെ.
സൈനിക സേവനത്തില്‍ നിന്ന് വിരമിച്ച ശേഷം നാം കാണുന്നത് പുറംലോകത്തെ ഓരോ ചലനത്തിലും സദാ ജാഗരൂകനായ, സാമൂഹികാവബോധമുള്ള, സൈനികന്റെ അച്ചടക്കം ലംഘിക്കുന്ന ഒരു ക്ഷുഭിതവയോധികനെയാണ്.
തോറ്റങ്ങള്‍ മുതലുള്ള മികച്ച രചനകളൊക്കെ പിറവിയെടുത്തത് ഈ കാലഘട്ടത്തിലാണ്. എനിയ്ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കോവിലന് കൃതി, അദ്ദേഹത്തിന്റെ ആത്മകഥാംശങ്ങളടങ്ങിയ, സ്വന്തം ഗ്രാമത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ, തലമുറകളുടെ ചരിത്രം പറയുന്ന ‘തട്ടകം’ തന്നെ.
മൂപ്പിലിശ്ശേരി ദേശം ദേവിയുടെ തട്ടകമാണ്. ദേവിയെ ഉപാസിച്ചുപോന്ന മാതാപിതാക്കളുടെയും ബന്ധുക്കളുടെയും ഗൃഹാതുരതയുണര്‍ത്തുന്ന സ്മരണകള്‍ ദ്രാവിഡത്തനിമയുള്ള ഭാഷയില്‍ നാടന്‍ താളബോധത്തോടെ ആഖ്യാനം ചെയ്യപ്പെടുന്നു ഈ കൃതിയില്‍.
അനുഭവങ്ങളും ഐതിഹ്യവും ഭാവനയും ഗോത്രസ്വത്വങ്ങളുടെ താളക്രമത്തില്‍ കെട്ടുപിണഞ്ഞുകിടക്കുന്നുണ്ടിതില്. ഇതിലൂടെ ഇദ്ദേഹം തന്റെ കണ്ടാണശ്ശേരിയെ ഒരു ആഗോളമാതൃകയാക്കുന്നു.
നാട്ടുവഴക്കങ്ങളും മിത്തുകളും ഇഴചേര്‍ന്ന കോവിലന്റെ ഭാഷ മലയാളിക്ക് പുതിയ അനുഭവമായി. ഈ കഥകളൊക്ക സഞ്ചരിച്ചിരുന്നത് നാട്ടുജീവിതത്തിന്റെ ചുളിവുകളിലൂടെയും ചെരിവുകളിലൂടെയും. ഇവയിലൂടെ തെളിയുന്ന തീവ്രമുഹൂര്ത്തങ്ങളും അസ്പൃശ്യതയും അന്ധവിശ്വാസങ്ങളും അനുഭവിച്ചറിഞ്ഞവന്റെ എഴുത്തുഭാഷ്യമായിരുന്നു.
തട്ടകം, തോറ്റങ്ങള്‍, താഴ്വരകള്‍, ഏഴാമെടങ്ങള്‍, ജന്മാന്തരങ്ങള്, ഹിമാലയം, ഭരതന്, എ മൈനസ് ബി തുടങ്ങി 12 നോവലുകളും ശകുനം, സുജാത, ഒരു കഷണം അസ്ഥി, ഈ ജീവിതം അനാഥമാണ് തുടങ്ങി 10 ചെറുകഥാസമാഹാരങ്ങളും ഒരു നാടകവും മൂന്ന് ലേഖനസമാഹാരവും അദ്ദേഹത്തിന്റേതായി പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പല സമയങ്ങളിലായി നിരവധി പുരസ്കാരങ്ങളാണ് കോവിലനും അദ്ദേഹത്തിന്റെ രചനകളും വാരിക്കൂട്ടിയത്.
പതിറ്റാണ്ടുകളോളം മലയാളസാഹിത്യ സാംസ്കാരിക മണ്ഡലങ്ങളില്‍ ശക്തമായ സാന്നിദ്ധ്യമായിരുന്ന ആ യുഗപുരുഷന് 2010 ജൂണ്‍ 2 ന് കഥാവശേഷനായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: