കൊട്ടാരക്കര: കൊവിഡ് മഹാമാരിയുടെ വ്യാപനം രൂക്ഷമായി തുടരുമ്പോഴും മുന്നണിപ്പോരാണികളായി കര്‍മ്മ രംഗത്ത് സജീവമാകുന്നവരാണ് ആശാപ്രവര്‍ത്തകര്‍. തുച്ഛമായ പ്രതിഫലത്തിന് പണിയെടുക്കുന്ന ഇവര്‍ക്ക് ഓണറേറിയം കൃത്യമായി നല്‍കുകയോ രോഗികളുമായി നേരിട്ട് സമ്പര്‍ക്കമുണ്ടാകുന്നവരായിട്ടും മഹാമാരിയെ പ്രതിരോധിക്കാന്‍ വേണ്ട സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കുകയോ ചെയ്യുന്നതില്‍ അധികൃതര്‍ ഇപ്പോഴും അലംഭാവം കാട്ടുകയാണ്.
കൊവിഡ് വ്യാപനം ഗ്രാമപ്രദേശങ്ങളില്‍ ഉള്‍പ്പെടെ ശക്തമായതോടെ ജനങ്ങളെ ബോധവല്‍ക്കരിക്കാനും മരുന്നുകള്‍ എത്തിക്കാനും ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് പ്രവര്‍ത്തിക്കുന്നവരാണ് ആശാപ്രവര്‍ത്തകര്‍. ഏത് സാഹചര്യത്തിലും വലിയ വെല്ലുവിളികള്‍ ഏറ്റെടുത്താണ് ഇവര്‍ പ്രവര്‍ത്തിച്ചുവരുന്നത്. കൊവിഡ് പോസിറ്റീവ് ആയ വീടുകളില്‍ നിരന്തരം പോയി ആരോഗ്യവിവരങ്ങള്‍ അന്വേഷിക്കുകയും ബോധവല്‍ക്കരിക്കുകയും ചെയ്യുന്നതും ആശാപ്രവര്‍ത്തകരാണ്.
മഴക്കാലമായതോടെ സാംക്രമിക രോഗങ്ങള്‍ വര്‍ധിക്കുന്നതും ശുചീകരണ പ്രവര്‍ത്തനങ്ങളില്‍ ജനങ്ങളെ ബോധവാന്മാരാക്കാനുള്ള ചുമതലയും കൂടി ആയപ്പോള്‍ ജോലിഭാരം ഇരട്ടിയായി. എന്നാല്‍ പോലും സര്‍ക്കാരിന്റെ മാര്‍ഗനിര്‍ദേശങ്ങള്‍ അനുസരിച്ചു സേവന മനോഭാവത്തോടെ പ്രവര്‍ത്തിക്കുകയാണവര്‍. ജനപ്രതിനിധികളില്‍ നിന്നും ഹെല്‍ത്ത് വിഭാഗത്തില്‍ നിന്നും ഇവര്‍ക്ക് പിന്തുണ ലഭിക്കുന്നുണ്ട്. 5,000 രൂപയാണ് ഓണറേറിയം ലഭിക്കുക. കൂടാതെ കൊറോണ പ്രതിസന്ധിയില്‍ പ്രഖ്യാപിച്ച ആയിരം രൂപയുമാണ് പ്രതിഫലം.
തുച്ഛമായ വരുമാനത്തിന് പണിയെടുക്കുമ്പോഴും അതിലൊന്നും പരാതിപ്പെടാന്‍ പോലും ഇവര്‍ക്ക് സമയമില്ല. കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് പുറമെ കുടുംബ സര്‍വേ, ഗര്‍ഭിണികളുടെ കണക്കെടുക്കല്‍, അവര്‍ക്കു സേവനങ്ങളെത്തിക്കല്‍, കുഞ്ഞുങ്ങളുടെ കൃത്യമായ കുത്തിവെപ്പ്, കിടപ്പുരോഗികള്‍, വയോധികര്‍ എന്നിവരുടെ പരിചരണം, വിവിധ ബോധവത്കരണ പരിപാടികള്‍, ആരോഗ്യ റിപ്പോര്‍ട്ട് തയാറാക്കല്‍, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ഡ്യൂട്ടി തുടങ്ങിയവയും ഇവര്‍ നിര്‍വ്വഹിക്കുന്നു. കൊവിഡിന്റെ മുന്നണിപ്പോരാളികളായി പ്രവര്‍ത്തിക്കുന്നതിനിടെ കൊവിഡ് ബാധിച്ചവരും ഇവരില്‍ ഏറെയാണ്. എങ്കിലും ഏതു മഹാമാരിയിലും ശക്തമായ ഇടപെടലുകളിലൂടെ വേറിട്ട പ്രവര്‍ത്തനം കാഴ്ചവയ്ക്കുകയാണവര്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: