തിരുവനന്തപുരം: കേരളത്തിലെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാര്‍ക്സിസ്റ്റ് എപ്പോഴും ഗൗരിയമ്മയോട് ചെയ്തത് വഞ്ചനയും ചതിയുമാണ്. അത് ബാലഗോപാല്‍ അവതരിപ്പിച്ച ബജറ്റിലും തുടര്‍ന്നു- ഗൗരിയമ്മയ്ക്ക് രണ്ട് കോടി സ്മാരകത്തിന് നല്‍കുക വഴി ഗൗരിയമ്മയുടെ പൈതൃകം വീണ്ടും സ്വന്തമാക്കാമെന്നതാകാം സിപിഎം കണക്ക് കൂട്ടല്‍.
ജീവിച്ചിരിക്കുന്ന ഗൗരിയമ്മയോട് കാട്ടിയ അവഗണനയും ചതിയും മരിച്ച ഗൗരിയമ്മയോട് സ്നേഹം വാരിക്കോരി നല്കി നികത്താമെന്ന കണക്കുകൂട്ടലിലാണ് സിപിഎം. എന്നാല്‍ ഈ തന്ത്രം വീണ്ടും പിഴയ്ക്കുകയാണ്. കെ.എം. മാണി എന്ന ഏറ്റവുമൊടുവില്‍ ബാര്‍കോഴക്കേസില്‍ കുടുങ്ങി നാണംകെട്ട് ഇറങ്ങിപ്പോകേണ്ടിവന്ന ധനമന്ത്രിയ്ക്ക് സ്മാരകം പണിയാന്‍ സിപിഎം നീക്കിവെച്ചത് അഞ്ച് കോടിയാണ്. തോമസ് ഐസക് ധനമന്ത്രിയായിരുന്നപ്പോഴാണ് കഴിഞ്ഞ ബജറ്റില്‍ അഞ്ച് കോടി കെ.എം. മാണിയ്ക്ക് സ്മാരകം പണിയാന്‍ നീക്കിവെച്ചത്. അതില്‍ പകുതിയില്‍ താഴെ തുക മാത്രമാണ് (കൃത്യമായി പറഞ്ഞാല്‍ 40 ശതമാനം മാത്രം തുക) ഗൗരിയമ്മയുടെ സ്മാരകത്തിന്അനുവദിച്ചിരിക്കുന്നത്. എന്താണ് ഈ തുക വകയിരുത്തലില്‍ വന്ന വ്യത്യാസത്തിന്റെ മാനദണ്ഡം എന്നത് അറിയുന്നില്ല.
കേരളത്തിന്റെ രാഷ്ട്രീയ ചരിത്രത്തില്‍ വരാനിരിക്കുന്ന തലമുറയ്ക്ക് ഒരു പക്ഷെ കൂടുതല്‍ പഠിക്കേണ്ടി വരിക ഗൗരിയമ്മയെക്കുറിച്ചാണ്. ഇഎംഎസിന്റെ നേതൃത്വത്തില്‍ ലോകത്തിലാദ്യമായി ബാലറ്റ് പെട്ടിയിലൂടെ അധികാരത്തില്‍ വന്ന കമ്മ്യൂണിസ്റ്റ് സര്‍ക്കാരിലെ ആദ്യമന്ത്രിയായിരുന്നു ഗൗരിയമ്മ. ലാത്തിക്ക് കുഞ്ഞുങ്ങളെ പ്രസവിക്കാന്‍ കഴിയുമെങ്കില്‍ അനേകം കുഞ്ഞുങ്ങളുടെ അമ്മയായേനെ എന്ന് പിന്നീട് തുറന്നടിച്ച ഗൗരിയമ്മ സ്വാതന്ത്ര്യത്തിനും കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ വളര്‍ച്ചയ്ക്കും വേണ്ടി അനുഭവിച്ച ത്യാഗപൂര്‍ണ്ണമായ ജീവിതം….എന്ത് അളവുകോലെടുത്താലും ഒരു കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍ ഒന്നുകില്‍ കെ.എം.മാണിയ്ക്ക് നീക്കിവെച്ചതുപോലെ ഗൗരിയമ്മയുടെ സ്മാരകത്തിനും അഞ്ച് കോടി നീക്കിവെക്കേണ്ടതായിരുന്നു. എന്തായാലും മാണിയേക്കാള്‍ അമ്പതുശതമാനത്തില്‍ താഴെയാണ് ഗൗരിയമ്മയുടെ സ്ഥാനം എന്ന് പിണറായി സര്‍ക്കാര്‍ തെളിയിച്ചിരിക്കുന്നു.
ഒരു ചില്ലിക്കാശ് കയ്യിലില്ലാതെ വന്ന് രാഷ്ട്രീയത്തില്‍ നിന്ന് വാരി കോടിപതിയായതാണ് മാണിയുടെ ചരിത്രമെങ്കില്‍ കയ്യിലുള്ളതെല്ലാം പാര്‍ട്ടിക്കായി തുലച്ചതാണ് ഗൗരിയമ്മയുടെ ജീവിതം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: