തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല ഹെല്‍ത്ത് സയന്‍സ് വിഭാഗം അടച്ചുപൂട്ടല്‍ ഭീഷണിയില്‍. സിന്‍ഡിക്കേറ്റിന്റെ അലംഭാവം മൂലം സര്‍വകലാശാലയ്ക്ക് സംഭവിക്കുന്നത് കോടികളുടെ നഷ്ടം. സ്കൂള്‍ ഓഫ് ഹെല്‍ത്ത് സയന്‍സും സെന്റര്‍ ഫോര്‍ ഹെല്‍ത്ത് സയന്‍സ് വിഭാഗവുമാണ് അടച്ചുപൂട്ടല്‍ ഭീഷണി നേരിടുന്നത്. ആരോഗ്യ സര്‍വകലാശാലയുടെ അംഗീകാരം ലഭിക്കാത്തതിനാല്‍ നിലവിലുള്ള പാരാമെഡിക്കല്‍ കോഴ്സുകള്‍ തുടരാന്‍ സാങ്കേതികമായി തടസ്സമുണ്ടെന്ന് അധികൃതര്‍ പറയുന്നു. അംഗീകാരം നേടിയെടുക്കാന്‍ സിന്‍ഡിക്കേറ്റ് അടക്കമുള്ള ഒരു സംവിധാനങ്ങള്‍ക്കും കഴിയുന്നില്ലെന്നാണ് പൊതുവെയുള്ള പരാതി.
മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ മൈക്രോ ബയോളജി, മെഡിക്കല്‍ ലാബ് ടെക്നോളജി, ഫുഡ് സയന്‍സ് ആന്‍ഡ് ടെക്നോളജി എന്നീ നാല് പിജി കോഴ്സുകളും മെഡിക്കല്‍ മൈക്രോബയോളജി, മെഡിക്കല്‍ ബയോ കെമിസ്ട്രി, മെഡിക്കല്‍ ലാബ് ടെക്നോളജി ഉള്‍പ്പെട്ട മൂന്ന് ഡിഗ്രി കോഴ്സുകളുമായിരുന്നു ഹെല്‍ത്ത് സയന്‍സ് വകുപ്പിന് കീഴിലുണ്ടായിരുന്നത്. എന്നാല്‍ എല്ലാ കോഴ്സുകളും ഈ മാസം അവസാനിപ്പിച്ച് സെന്റര്‍ പൂര്‍ണ്ണമായും അടച്ചുപൂട്ടാന്‍ ഒരുങ്ങുകയാണ് അധികൃതര്‍. ഇതോടെ ഇരു സെന്ററുകളുടെ കെട്ടിടവും ലാബും അനുബന്ധമായുള്ള ഉപകരണങ്ങളും ഉള്‍പ്പെടെ സര്‍വകലാശാലക്ക് കോടികളുടെ നഷ്ടം സംഭവിക്കും. മലബാറില്‍ ഇത്തരം കോഴ്സുകള്‍ നടത്തുന്നത് കാലിക്കറ്റില്‍ മാത്രമാണ്. ഈ സെന്ററുകള്‍ അടയ്ക്കുന്നതോടെ സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് വന്‍ നേട്ടം കൊയ്യാന്‍ സര്‍വ്വകലാശാല ഒത്താശ ചെയ്യുകയാണെന്ന് പരക്കെ ആരോപണമുയരുന്നുണ്ട്. മാത്രമല്ല ഇത്തരം മെഡിക്കല്‍ കോഴ്സുകള്‍ക്ക് സ്വകാര്യ സ്ഥാപനങ്ങള്‍ ഇരട്ടിയധികം തുകയാണ് ഫീസ് ഈടാക്കുന്നത്.
ടെക്നിക്കല്‍ സര്‍വകലാശാലയുടെ ഇടപെടലില്ലാതെ എഞ്ചിനീയറിങ് കോഴ്സുകള്‍ നടത്തുന്ന കാലിക്കറ്റിന് എന്തുകൊണ്ട് ഹെല്‍ത്ത് സയന്‍സ് കോഴ്സുകളും സ്വന്തം നിലയ്ക്ക് നടത്തികൂടായെന്ന ചോദ്യവുമുയരുന്നുണ്ട്. മെഡിക്കല്‍ കോഴ്സുകള്‍ നിലനിര്‍ത്തുന്നതിന് ആവശ്യമായ നടപടികള്‍ക്കായി സിന്‍ഡിക്കേറ്റിന്റെ ഉപസമിതിയെ നിയമിച്ചിരുന്നതെങ്കിലും വേണ്ടത്ര ഗൗരവം കാണിച്ചില്ലെന്നും പരാതിയുണ്ട്. ഇവരും സ്വകാര്യ മെഡിക്കല്‍ സ്ഥാപന ലോബിക്ക് വേണ്ടി ഒത്തുകളിച്ചെന്നാണ് ആരോപണം. ഇപ്പോള്‍ അവസാന വര്‍ഷ കോഴ്സുകളുടെ പരീക്ഷ മാത്രമാണ് നടത്താനുള്ളത്. ഇത് കഴിഞ്ഞാലുടന്‍ സെന്റര്‍ അടച്ചുപൂട്ടാനൊരുങ്ങുകയാണ് അധികൃതര്‍. ഇതിനകം തന്നെ കുറെ താല്‍ക്കാലിക അദ്ധ്യാപകരെയും അനദ്ധ്യാപകരെയും പിരിച്ചുവിട്ടു. കോഴ്സ് അവസാനിക്കുന്നതോടെ ബാക്കിയുള്ളവരുടെ ജോലിയും നഷ്ടപ്പെടും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: