മങ്കൊമ്പ്: വേനല്‍മഴയിലെ രണ്ടുവെള്ളപ്പൊക്കത്തില്‍ നിന്നും കരകയറാന്‍ ബുദ്ധിമുട്ടുന്ന കുട്ടനാട്ടുകാര്‍ കാലവര്‍ഷം പടിവാതില്‍ക്കലെത്തിയതോടെ കടുത്ത ആശങ്കയില്‍. കുട്ടനാട്ടുകാരന് കൂടിയായ ഇപ്പോഴത്തെ എംഎല്‍എ തോമസ് കെ തോമസ് കുട്ടനാട്ടുകാരുടെ ദുരിതം കാണുന്നില്ല, അദ്ദേഹം സേവ് ലക്ഷദ്വീപ് പ്രചാരണക്കാരുടെ പിന്നാലെയാണ്.
കുട്ടനാട് മുങ്ങുമ്പോള്‍ എംഎല്‍എ രാഷ്ട്രീയം കളിക്കുകയാണെന്നാണ് വിമര്‍ശനം. രണ്ടാമത്തെ വെള്ളപ്പൊക്ക ദുരിതത്തില്‍ നിന്ന് താമസക്കാര്‍ ഇപ്പോഴും മുക്തരായിട്ടില്ല. തണ്ണീര്‍മുക്കം ബണ്ടും, തോട്ടപ്പള്ളി സ്പില്‍വേയും തുറന്നിട്ടുണ്ടെങ്കിലും കുട്ടനാട്ടിലെ ജലനിരപ്പ് നേരിയ തോതിലാണ് താഴുന്നത്. കുട്ടനാട്ടിലെ ഒട്ടുമിക്ക താഴ്ന്ന പ്രദേശങ്ങളും ഇപ്പോഴും വെള്ളക്കെട്ടിലാണ്. ആദ്യ വെള്ളപ്പൊക്കത്തില്‍ നിന്ന് മുക്തരാവുന്നതിനു മുമ്പേ രണ്ടാമതെത്തിയ വെള്ളപ്പൊക്കം കുട്ടനാട്ടുകാരെ തളര്‍ത്തിയിട്ടുണ്ട്.
കലിതുള്ളി എത്തുന്ന കാലവര്‍ഷം കാത്ത് വീടുകളിലും പരിസര പ്രദേശങ്ങളിലും കെട്ടിക്കിടക്കുന്ന ചെളിയും മാലിന്യവും നീക്കം ചെയ്യാന്‍ കുട്ടനാട്ടുകാര്‍ മടിക്കുകയാണ്. കാലാവസ്ഥാ പ്രവചനം അനുസരിച്ച് മണ്സൂണ്മഴ മൂന്നിന് കേരളതീരത്ത് എത്താന്‍ സാധ്യതയുണ്ട്. വീണ്ടുമൊരു വെള്ളപ്പൊക്കത്തെ അതിജീവിക്കാനുള്ള തത്രപ്പാടിലാണ് കുട്ടനാട്ടുകാര്‍.
വര്‍ഷാവര്‍ഷം നാലുതവണയെങ്കിലും പലായനം ചെയ്യേണ്ടിവരുന്ന കുട്ടനാട്ടുകാരെ സഹായിക്കാന്‍ ആരുമില്ലാത്ത അവസ്ഥയാണ്. പതിറ്റാണ്ടുകള്‍ കുട്ടനാടിനെ പ്രതിനിധീകരിച്ചവരും, ഇടതുവലതു മുന്നണികളും വാചക കസര്‍ത്ത് മാത്രമല്ലാതെ ക്രീയാത്മകമായ പദ്ധതികള്‍ ഒന്നും തന്നെ നടപ്പാക്കിയിട്ടില്ല. വെള്ളപ്പൊക്ക സമയത്ത് വാസയോഗ്യമല്ലാത്ത വീടുകളിലെ താമസവും, വിളകളുടെ നാശവും, യാത്രസൗകര്യമില്ലാതെ ഒറ്റപ്പെട്ട് പോകുന്ന അവസ്ഥയും കുട്ടനാട്ടുകാര്‍ക്ക് ഏറെ ദുരിതം സൃഷ്ടിക്കുന്നു. കുട്ടികളും വൃദ്ധരും അടങ്ങുന്ന നിരവധി കുടുംബങ്ങള്‍ വാസയോഗ്യമല്ലാത്ത വീടുകളിലാണ് അന്തിയുറങ്ങുന്നത്. ടൗട്ടെ, യാസ് ചുഴലിക്കാറ്റിന്റെ പ്രഭാവത്തില്‍ മഴയ്ക്കൊപ്പമെത്തിയ കാറ്റില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. ശൗചാലയങ്ങളുടെ അഭാവവും വെള്ളപ്പൊക്ക സീസണില്‍ കുട്ടനാട്ടുകാരെ അലട്ടാറുണ്ട്.
മഴക്കെടുതി അവസാനിക്കുന്നതോടെ കുട്ടനാട്ടുകാരെ വിസ്മരിക്കുന്ന ജനപ്രതിനിധികള്‍ വെള്ളപ്പൊക്ക സീസണില്‍ വാഗ്ദാനങ്ങളുമായി വീണ്ടും എത്തും. ജനപ്രതിനിധികളുടെ മുതലക്കണ്ണീരല്ല ശാശ്വത പരിഹാരമാണ് വേണ്ടതെന്ന് കുട്ടനാട്ടുകാര്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: