മലപ്പുറം: ജില്ലയിലെ ട്രിപ്പിൾ ലോക്ക് ഡൗൺ ഒഴിവാക്കാൻ കുറുക്കുവഴി ഉപദേശിക്കുന്ന വെട്ടത്തൂർ പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫയുടെ ശബ്ദസന്ദേശം വൈറലായതോടെ വെട്ടിലായിരിക്കുകയാണ് പഞ്ചായത്ത് ഭരണസമിതി അംഗങ്ങള്‍.
രോഗ ലക്ഷണമുള്ളവരെ പരിശോധിപ്പിക്കാതെ ലക്ഷണം ഇല്ലാത്തവരെ ടെസ്റ്റ് ചെയ്യുക വഴി ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കുറയ്ക്കാമെന്നാണ് മുസ്തഫയുടെ കണ്ടെത്തല്‍. അപ്പോൾ ട്രിപ്പിൾ ലോക് ഡൗൺ ഒഴിവാക്കുകയും ചെയ്യാമെന്ന് മുസ്തഫ പറയുന്നു. “സമീപ പഞ്ചായത്തുകളും ഇത് പരീക്ഷിക്കുന്നുണ്ട്. പരമാവധി ലക്ഷണങ്ങൾ ഇല്ലാത്തവരെ പരിശോധിപ്പിക്കണം. ടിപിആർ നിരക്ക് കുറഞ്ഞാൽ ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുമെന്ന് കളക്ടർ അറിയിച്ചിട്ടുണ്ട്,” മുസ്തഫയുടെ ശബ്ദ സന്ദേശത്തിൽ പറയുന്നു.
ഈ കുറുക്കുവഴി പറഞ്ഞുകൊടുക്കുന്ന മുസ്തഫയുടേതായ ശബ്ദ സന്ദേശം അതിവേഗം വൈറലായി. പിന്നീട് ഒരു സ്വകാര്യ ടിവിചാനലിന് നല്കിയ അഭിമുഖത്തില്‍ ശബ്ദം തന്റേത് തന്നെയാണെന്ന് മുസ്തഫ വ്യക്തമാക്കുകയും ചെയ്തു. “എത്രയോ നല്ല കാര്യങ്ങളും സാമൂഹിക സേവനങ്ങളും ഞങ്ങൾ പഞ്ചായത്തിൽ നടപ്പിലാക്കുന്നുണ്ട്. അതിനൊന്നും വലിയ വില നൽകാതെ ചാനലുകൾ ഇത്തരത്തിലുള്ള കാര്യങ്ങൾ ഉയർത്തിക്കാണിക്കുന്നത് ശരിയല്ല”- മുസ്തഫ അഭിപ്രായപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: