കോഴിക്കോട്: വാക്കിലൊതുങ്ങിയ വികസനങ്ങളുമായി തകര്‍ച്ചയുടെ വക്കിലെത്തി ബേപ്പൂര്‍ തുറമുഖം. മാറിമാറിവരുന്ന സര്‍ക്കാരുകളുടെ അലംഭാവമാണ് മുരടിപ്പിനുള്ള പ്രധാനകാരണം. വാര്‍ഫിന്റെ നീളം കൂടാത്തതും, തുറമുഖത്തിന്റെ ആഴം കൂട്ടാത്തതും, സ്ഥിരമായി ട്രെഡ്ജിങ് സംവിധാനം ഒരുക്കാത്തതുമെല്ലാം തുറമുഖത്തിനെ നാശത്തിലേക്ക് നയിക്കുകയാണ്. ഇതേതുടര്‍ന്നാണ് ലക്ഷദ്വീപിലേക്കുള്ള ചരക്ക് കപ്പലുകള്‍ മംഗലാപുരത്തേയ്ക്ക് മാറ്റിയത്.
കൂടാതെ ബേപ്പൂര്‍ തുറമുഖം വഴി നടന്നിരുന്ന പല പ്രവര്‍ത്തികളും ഇപ്പോള്‍ മംഗലാപുരം തുറമുഖത്തേയ്ക്ക് മാറ്റിയിരിക്കുകയാണ്. ലക്ഷദ്വീപിലേക്കുള്ള ഡീസല്‍ വര്‍ക്കാണ് (ഇഎല്‍ഡി) ബേപ്പൂര്‍ തുറമുഖത്ത് ഏറ്റവും കൂടുതലായി നടക്കുന്നത്. ദ്വീപിലേക്കുള്ള മുഴുവന്‍ ഡീസലും ഇവിടെ നിന്നാണ് കയറ്റുമതി ചെയ്യുന്നത്. അത് മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങള്‍ ശക്തമായി കഴിഞ്ഞു. ഇഎല്‍ഡിയുമായി ബന്ധപ്പെട്ടുള്ള ജോലി നഷ്ടമാകുന്നതോടെ വലിയ വരുമാന നഷ്ടമാണ് ബേപ്പൂര്‍ തുറമുഖത്തിന് സംഭവിക്കുക. ഇഎല്‍ഡി വര്‍ക്കിന് പിന്നാലെ സിമന്റിന്റെ വര്‍ക്കും മംഗലാപുരത്തേക്ക് മാറ്റാനുള്ള നീക്കങ്ങളും നടക്കുന്നുണ്ട്. സ്ഥല പരിമിതിയാണ് വര്‍ക്കുകള്‍ ബേപ്പൂരില്‍ നിന്നും മംഗലാപുരത്തേക്ക് മാറ്റാനുള്ള പ്രധാന കാരണം. ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് രണ്ടേക്കര്‍ ഭൂമി ഇഎല്‍ഡി വര്‍ക്കിനായി കൊടുക്കുമെന്നു പറഞ്ഞിരുന്നെങ്കിലും പിണറായി സര്‍ക്കാര്‍ അതിന് വേണ്ട നടപടികള്‍ ഒന്നും സ്വീകരിച്ചിട്ടില്ല.
പോര്‍ട്ട് പാട്ടത്തിന് നല്കിയ 3.2 ഏക്കര്‍ വരുന്ന സില്‍ക്കിന്റെ ഭൂമിയും, 2.2 ഏക്കര്‍ വരുന്ന കോവിലകം ഭൂമയും അന്യാധീനപ്പെട്ടു കിടക്കുകയാണ്. ഈ അഞ്ച് ഏക്കര്‍ ഭൂമി തിരിച്ചു പിടിച്ചാല്‍ മാത്രമേ ഇനി വികസനകാര്യത്തില്‍ നീക്കുപോക്കുകള്‍ നടക്കുകയുള്ളൂ. ലക്ഷദ്വീപിന് മാത്രമായി ഡെഡിക്കേറ്റഡ് വാര്‍ഫ് വേണമെന്ന ആവശ്യം കേരള സര്‍ക്കാരിനോട് ദ്വീപ് അഡ്മിനിസ്ട്രേഷന് ആവശ്യപ്പെട്ടിരുന്നെങ്കിലും ഇടതു- വലതു സര്‍ക്കാരുകള്‍ അതിനു വേണ്ട അനുമതിയോ സൗകര്യങ്ങളോ ചെയ്തു കൊടുത്തിട്ടില്ല. ബേപ്പൂര്‍ ചെയ്യുന്ന വാര്‍ഫിന്റെ മുഴുവന്‍ ചിലവും ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന് ഏറ്റെടുക്കാമെന്ന് അറിയിച്ചിരുന്നെങ്കിലും അതിനു പിന്തുണ നല്കാന് കേരള സര്‍ക്കാര്‍ ഇതുവരെ തയ്യാറായിട്ടില്ല. വാര്‍ഫിന്റെ നീളം കൂട്ടണം എന്നുള്ളത് വര്‍ഷങ്ങളായുള്ള ആവശ്യമാണ്. നിലവില്‍ 300 മീറ്റര്‍ ആണ് വാര്‍ഫിന്റെ നീളം.
ഇനിയും 300 മീറ്റര്‍ കൂടി വര്‍ദ്ധിപ്പിച്ചാല്‍ മാത്രമേ കൂടുതല്‍ യാത്ര, ചരക്കു കപ്പലുകള്‍ക്ക് നങ്കൂരമിടാനുള്ള സൗകര്യം ഇവിടെ ഉണ്ടാവുകയുള്ളു. ഇപ്പോഴത്തെ സാഹചര്യത്തില്‍ പുതിയ വാര്‍ഫില്‍ ഒരു കപ്പലിന് മാത്രം ലോഡ് ചെയ്യാനുള്ള സൗകര്യമാണുള്ളത്. ഒരു കപ്പല്‍ ലോഡ് ചെയ്തുപോയശേഷം മാത്രമാണ് മറ്റൊരു കപ്പലിന് അടുപ്പിക്കാനും ലോഡ് ചെയ്യാനും
സാധിക്കു. അതുവരെ വരുന്ന കപ്പലുകള്‍ പുറത്ത് നങ്കൂരം ഇടേണ്ട അവസ്ഥയാണ്. ചില സാഹചര്യങ്ങളില്‍ ഒന്നുരണ്ടു ദിവസം വരെ പുറത്ത് നങ്കൂരമിടേണ്ട സ്ഥിതിയും ഉണ്ടാകാറുണ്ട്. മണ്ണും ചെളിയും നീക്കി ആഴം കൂട്ടാത്തതിനാല്‍ വലിയ കപ്പലുകള്‍ക്കൊന്നും ഇവിടേയ്ക്ക് അടുപ്പിക്കാനും കഴിയുന്നില്ല. ഏകദേശം ആറു മീറ്റര്‍ ആഴമാണ് വേണ്ടത്. നിലവില്‍ നാലു മീറ്ററില്‍ താഴെ ആഴമാണ് ബേപ്പൂരിലുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: