ആലപ്പുഴ: ജില്ലയില്‍ ജല ജീവന് മിഷന് പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലും ഫലപ്രദമായും നടപ്പാക്കാനായി ഏഴ് സ്ഥാപന ശാക്തീകരണ സമിതികളെ (ഇന്സ്ടിട്യൂഷന് സ്ട്രെങ്തനിംഗ് ഏജന്‍സി) നിയോഗിച്ചു. ജില്ലാ കളക്ടര്‍ എ. അലക്സാണ്ടറുടെ നേതൃത്വത്തില്‍ ജല ജീവന് മിഷന് പദ്ധതി നടത്തിപ്പുമായി ബന്ധപ്പെട്ട് വിളിച്ചുചേര്‍ത്ത ഓണ്‍ലൈന്‍ യോഗത്തിലാണ് സമിതികളെ തീരുമാനിച്ചത്. തദ്ദേശ തലത്തില്‍ പദ്ധതിയുടെ നടത്തിപ്പിന്റെ മേല്‍നോട്ടം അംഗീകരിക്കപ്പെട്ട ഏഴ് സമിതികള്‍ വഴിയാകും ഇനി പദ്ധതി നടപ്പാക്കുക. ഓരോ പഞ്ചായത്തിലും ജല ജീവന് മിഷനുമായി ബന്ധപ്പെട്ട വാട്ടര്‍ കണക്ഷനുകളുടെ കൃത്യമായ കണക്ക് ഈ സമിതികള്‍ ശേഖരിക്കും. ചങ്ങനാശ്ശേരി സോഷ്യല്‍ സര്‍വ്വീസ് സൊസൈറ്റി, ചേതന ഇന്റര്‍ഗ്രേറ്റഡ് ഡവലപ്മെന്റ് സൊസൈറ്റി, ശ്രീ സത്യസായി ഓര്‍ഫനേജ് ട്രസ്റ്റ്, എസ്യുഇ.എഫ്, രാജീവ് യൂത്ത് ഫൗണ്ടേഷന്, ഇഡിഎസ്, കുടുംബശ്രീ മിഷന് എന്നിങ്ങനെ ജില്ലക്ക് അകത്തും പുറത്തുമുള്ള ഏഴ് സ്ഥാപനങ്ങളെയാണ് ഇതിനായി തിരഞ്ഞെടുത്തിരിക്കുന്നത്.
ജലജീവന്‍ മിഷന്റെ ഗുണഭോക്തൃ വിഹിതവും ഈ ശാക്തീകരണ സമിതികള്‍ വഴിയാകും കൈപ്പറ്റുക. ജലജീവന്‍ പദ്ധതിയുടെ ഗാര്‍ഹിക കണക്ഷന് നല്‍കുന്നതിനും ജലവിതരണ മാര്‍ഗ്ഗങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി 70 കോടി രൂപ അനുവദിച്ചു. കിഫ്ബിയില്‍ ഉള്‍പ്പെട്ട പുളിങ്കുന്ന്, കാവാലം, വീയപുരം, തകഴി, കൈനകരി, എടത്വ, ചമ്പക്കുളം, പുലിയൂര്, പാണ്ടനാട്, വെണ്മണി, എന്നീ പഞ്ചായത്തുകള്‍ക്കായി പദ്ധതി നടത്തിപ്പിന്റെ ഭാഗമായി 57.64 കോടി രൂപയും ചെറിയനാട്, അരൂര്‍, പുന്നപ്ര നോര്‍ത്ത്, പുന്നപ്ര സൗത്ത്, എന്നീ പഞ്ചായത്തുകളില്‍ ഗാര്‍ഹിക കണക്ഷന് നല്‍കുന്നതിനും തുറവൂര്‍ പഞ്ചായത്തിലെ ജലവിതരണ ശൃംഘല മെച്ചപ്പെടുത്തുന്നതിനായി 8.62 കോടി രൂപയും മുതുകുളം പഞ്ചായത്തിനായി 40 ലക്ഷം രൂപയും തിരുവല്ലക്കായി 3.33 കോടി രൂപയുമാണ് അനുവദിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: