ഇരിട്ടി: കോവിഡ് അതി വ്യാപനവും ഇതിനെത്തുടര്‍ന്ന് വന്ന ലോക്ക് ഡൗണും പ്രവര്‍ത്തി തടസ്സപ്പെടുത്തുമെന്ന് കരുതിയെങ്കിലും കൂട്ടുപുഴ പാലം നിര്‍മ്മാണം പുരോഗമിക്കുന്നു. അഞ്ച് സ്പാനുകളിലായി നിര്‍മ്മിക്കുന്ന പാലത്തിന്റെ 3-ാം സ്പാനിന്റെ ഉപരിതല സ്ലാബ് വാര്‍പ്പ് പൂര്‍ത്തിയായി. 2 സ്പാന്‍ വാര്പ് കൂടി പൂര്‍ത്തിയാക്കി ജൂലൈ 30 നുള്ളില്‍ പാലം പ്രാവര്‍ത്തികമാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
കോവിഡിന്റെ രണ്ടാം വരവും തുടര്‍ന്നുണ്ടായ അടച്ചിടലും പാലത്തിന്റെ നിര്‍മ്മാണ പ്രവര്‍ത്തി തടസ്സപ്പെടുമെന്നായിരുന്നു കരുതിയത്. പ്രവര്‍ത്തിയില്‍ ഏര്‍പ്പെട്ട പകുതിയോളം അന്യ സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാടുകളിലേക്ക് മടങ്ങിയതും വ്യാവസായിക ആവശ്യങ്ങള്‍ക്കുള്ള ഓക്സിജന്‍ സിലിണ്ടറുകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. എന്നാല്‍ നിര്‍മാണ മേഖലയ്ക്ക് ഇളവ് നല്കി എന്ന പ്രഖ്യാപനം വന്നതോടെ ഇവിടെ അവശേഷിച്ച 21 തൊഴിലാളികളെ ഉപയോഗപ്പെടുത്തിയാണ് പ്രവര്‍ത്തി തുടര്‍ന്നത്. ഇവര്‍ 20 ദിവസം കൊണ്ട് ഒരു സ്പാന്‍ വാര്‍ക്കുകയായിരുന്നു .
കര്‍ണാടക വനം വകുപ്പിന്റെ തടസ്സവാദം മൂലം 3 വര്‍ഷത്തോളം മുടങ്ങി കിടന്ന പാലം പണി കഴിഞ്ഞ ജനുവരിയിലാണ് പുനരാരംഭിച്ചത്. 5 സ്പാന്‍ ഉള്ള പാലത്തിന്റെ 3 സ്പാന്‍ വാര്‍പ്പാണ് പൂര്‍ത്തിയാകാനുണ്ടായിരുന്നത്. ഇതില്‍ അവശേഷിച്ച 3 സ്പാനില്‍ ഒന്നാണ് പൂര്‍ത്തിയായത്. അടുത്ത സ്പാനിന്റെ തൂണ് വാര്‍പ്പ് അന്തിമഘട്ടത്തിലാണ്. ഫൗണ്ടേഷന്റേയും പിയറിന്റെയും പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. അടുത്ത ഘട്ടത്തിലുള്ള പിയര്‍ ക്യാപും ഗര്‍ഡറും സ്ലാബ് വാര്‍പ്പും 20 ദിവസം കൊണ്ട് പൂര്‍ത്തിയാക്കാനാകുമെന്ന് കെഎസ്ടിപി അധികൃതര്‍ പറഞ്ഞു. അവസാനത്തെ സ്പാന്‍ കര പ്രദേശത്തായതിനാല്‍ മഴക്കാലത്തും പ്രവര്‍ത്തി നടത്തുന്നതില്‍ തടസ്സമുണ്ടാവില്ല. പാലം പണിയുടെ ഇപ്പോഴുള്ള ഘട്ടങ്ങളില്‍ വെല്‍ഡിങ് അടക്കമുള്ള പ്രവൃത്തികള്‍ക്ക് ഓക്സിജന്‍ സിലിണ്ടര്‍ ആവശ്യമാണ്. കോവിഡ് പ്രതിസന്ധി വന്നതു മുതല്‍ വ്യാവസായിക അടിസ്ഥാനത്തിലുള്ള സിലിണ്ടര്‍ വിതരണം നിര്‍ത്തിയതും പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. പകരമായി വെല്‍ഡിങ് ആര്‍ക്ക് ഉപയോഗിച്ചും കട്ടര്‍ ഉപയോഗിച്ചും പണി നടത്തുന്നതിന്റെ താമസവും നേരിടുന്നുണ്ട്.
കര്‍ണ്ണാടക വനം വകുപ്പ് 2017 ഡിസംബര്‍ 27 നാണ് കൂട്ടുപുഴ പാലം പണി തടസപ്പെടുത്തിയത്. കര്‍ണാടക വനഭൂമിയിലാണ് പാലത്തിന്റെ മറുകര എത്തുന്നതെന്ന വാദം ഉയര്‍ത്തിയായിരുന്നു ഈ നീക്കം. തലശ്ശേരി – വളവുപാറ റോഡ് നവീകരണ പദ്ധതിയില്‍പ്പെടുത്തിയാണ് കൂട്ടുപുഴ ഉള്‍പ്പെടെയുള്ള 7 പുതിയ പാലങ്ങളുടെ പണി നടക്കുന്നത്. 2018 സെപ്റ്റംബറില്‍ പൂര്‍ത്തീകരിക്കേണ്ട നവീകരണ പദ്ധതി 4 തവണ കാലാവധി ദീര്‍ഘിപ്പിച്ചു നല്‍കേണ്ടി വന്നു. ഇരിട്ടി ഉള്‍പ്പെടെ 5 പാലങ്ങളുടെ പണി പൂര്‍ത്തിയായി. ഇനി എരഞ്ഞോളി, കൂട്ടുപുഴ പാലങ്ങളുടെ പ്രവര്‍ത്തിയാണ് അവശേഷിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: