ന്യൂദല്‍ഹി: ആഗോള മാധ്യമമായ സിഎന്‍എന്‍ വഴി വീണ്ടും ഇന്ത്യയിലെ പത്രപ്രവര്‍ത്തകര്‍ തന്നെ മോദിയെ കോവിഡ് രണ്ടാം തരംഗത്തിന്റെ പേരില്‍ നുണകള്‍ നിറച്ച് കടന്നാക്രമിക്കുന്നത് തുടരുകയാണ്. ദിവസേന അഞ്ചും ആറും ലേഖനങ്ങളാണ് ഇതില്‍ കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദിയെയും കേന്ദ്രസര്‍ക്കാരിനെയും ഇടിച്ചുതാഴ്ത്താന്‍ പ്രസിദ്ധീകരിക്കുന്നത്. അതും ഭയപ്പെടുത്തുന്ന, ഭീതി നിറയ്ക്കുന്ന, അതിവൈകാരികത ഇളക്കിവിടുന്ന തലക്കെട്ടുകള്‍ ഉപയോഗിച്ച്.
മെയ് 24 തിങ്കളാഴ്ചത്തെ സി എന്‍എന്‍ ഓണ്‍ലൈനില്‍ വന്ന വലിയ തലക്കെട്ട് ഇങ്ങിനെയാണ് – “ഇന്ത്യന്‍ മീഡിയ മോദിക്കെതിരെ തിരിയുന്നു”. ഈ ലേഖനം എഴുതിയിരിക്കുന്നത് ദിക്ഷ മധോക് എന്ന ലേഖികയാണ്. ഈ തലക്കെട്ട് കണ്ടാല്‍ എന്താണ് ഒരു ശരാശരി ഇന്ത്യക്കാരന് മനസ്സിലാക്കുക. ഇന്ത്യാടുഡേ, ഹിന്ദുസ്ഥാന്‍ ടൈംസ്, എൻഡിടിവി, ടൈംസ് നൗ തുടങ്ങിയ പ്രധാന മാധ്യമങ്ങളെല്ലാം മോദിയെ ചോദ്യം ചെയ്യുന്നു എന്നല്ലേ തോന്നുക. എന്നാല്‍ ദൈനിക ഭാസ്കര്‍ എന്ന ഹിന്ദി ദിനപ്പത്രത്തിലെ ഒരു ലേഖകന്‍ ഗംഗയില്‍ ശവങ്ങള് കണ്ടെന്നത്തിന്റെ പേരില്‍ നടത്തുന്ന വിമര്‍ശനങ്ങളും ന്യൂസ് ലോന്‍ട്രി എന്ന ഇടതു-ലിബറല്‍ ഓണ്‍ലൈന്‍ പോര്‍ട്ടലിലെ ഒരു പത്രപ്രവര്‍ത്തകന്റെ പ്രതികരണവുമാണ്. ദിക്ഷ മധോക് നിരന്തരമായി മോദിക്കെതിരെ ലേഖനങ്ങള്‍ എഴുതുന്ന ലേഖികയാണ്.
ഇവരാണോ ഇന്ത്യന്‍ മാധ്യമങ്ങള്‍. എത്ര ക്രൂരമായാണ് ഇന്ത്യയെയും മോദിയെയും ഇന്ത്യയിലെ ലേഖകര്‍ തന്നെ വിദേശമാധ്യമങ്ങളില്‍ അവതരിപ്പിക്കുന്നത് എന്നോര്‍ക്കുമ്പോള്‍ വേദനയാണ് തോന്നുന്നത്. ഇനി പ്രധാന മാധ്യമങ്ങളും ന്യൂസ് ചാനലുകളും മോദിയില്‍ നിന്നും സാമ്പത്തിക സഹായങ്ങള്‍ ലഭിക്കുന്നതിനാല്‍ മോദിയെ ചോദ്യം ചെയ്യുന്നില്ലെന്നും ദിക്ഷ മധോക് ഇതേ ലേഖനത്തില്‍ തന്നെ കുറ്റപ്പെടുത്തുന്നു. അതിനര്‍ത്ഥം ഇന്ത്യയിലെ പ്രധാനമാധ്യമങ്ങളൊന്നും -ഇന്ത്യ ടുഡേ, ടൈംസ് നൗ, ഹിന്ദുസ്താന്‍ ടൈംസ്, എന്തിന് എന്‍ഡിടിവി പോലും- ഈ രണ്ടാം തരംഗത്തിന്റെ കുറ്റം മോദിയുടെ മേല്‍ ചാര്ത്തുന്നില്ലെന്നതാണ്. ഇനി എത്ര മാധ്യമങ്ങളാണ് ഇന്ത്യയില്‍ ഇങ്ങിനെ സാമ്പത്തിക സഹായം നല്കുന്നു എന്ന കാരണത്താല്‍ സത്യം മറച്ചുപിടിക്കുക? ഇന്ത്യയിലെ മാധ്യമങ്ങള്‍ ഒരു സ്വതന്ത്രമായി ചിന്തിക്കുന്നവര്‍ തന്നെയാണ്. വസ്തുതകളില്ലാതെ അവര്‍ വൈകാരികമായി ഒരാളുടെ മേലും കുറ്റം ചാര്‍ത്തുകയുമില്ല. അതായത്, കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ മോദിയെ കുറ്റപ്പെടുത്താന്‍ വേണ്ട യാതൊന്നും ഇല്ലാത്തതിനാല്‍ അവര്‍ മോദിക്കെതിരെ തിരിയുന്നില്ല എന്ന് തന്നെയാണ് മനസ്സിലാക്കേണ്ടത്.
മറ്റൊന്ന് കോവിഡ് മരണസംഖ്യ കൂടുന്നത് മൂലം ഗുജറാത്തിലെ ദിവ്യ ഭാസ്കര്‍ ഉള്‍പ്പെടെയുള്ള പത്രങ്ങള്‍ ഗുജറാത്ത് സര്‍ക്കാരിനെ ചോദ്യം ചെയ്യുന്നു എന്നതാണ്. കഴിഞ്ഞ വര്‍ഷത്തെ കോവിഡ് ബാധയിലുണ്ടായിരുന്നതിനേക്കാള് മരണനിരക്ക് കൂടി എന്നതാണ് ഒരു ആരോപണം. പ്രഹരശേഷിയും അതിവ്യാപനശേഷിയും മാരകസ്വാഭാവമുള്ളതുമായ വൈറസ് ആക്രമണം ഉണ്ടായാല്‍ മരണസംഖ്യ കൂടുന്നത് സ്വാഭാവികം. എന്നാല്‍ മരിച്ചവരുടെ എല്ലാവരുടെയും മരണസര്‍ട്ടിഫിക്കറ്റുകളില്‍ കോവിഡ് ആണ് മരണകാരണം എന്നെഴുതിയിട്ടില്ലെന്നതാണ് ഒരു ആരോപണം. മരണസര്‍ട്ടിഫിക്കറ്റുകള്‍ തയ്യാറാക്കുന്നത് ഡോക്ടര്‍മാരും നഴ്സുമാരും ആശുപത്രിഅധികൃതരും പഞ്ചായത്തുകളും ചേര്‍ന്നാണ്. ഇതില്‍ വര്‍ധിച്ച തോതില്‍ മനപൂര്‍വ്വം തെറ്റുവരുത്താന്‍ കഴിയുന്നതിന് പരിധിയില്ലേ?
ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിക്കെതിരെയും ഒളിഞ്ഞും തെളിഞ്ഞും നെഗറ്റീവ് പരമാര്‍ശങ്ങളുണ്ട്. എ്നാല്‍ ഈ കോവിഡ് രണ്ടാം തരംഗത്തില്‍ ഏറ്റവും കാര്യക്ഷമമായി പ്രവര്‍ത്തിക്കുകയും കോവിഡ് പോസിറ്റിവിറ്റി നിരക്ക് പൊടുന്നതെ താഴേക്ക് കൊണ്ടുവരുന്നതില്‍ വിജയിക്കുകയും ചെയ്ത മുഖ്യമന്ത്രിയാണ് യോഗി ആദിത്യനാഥ് എന്നും മറക്കാതിരിക്കുക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: