കൊച്ചി: മക്കളുടെ തുടര്‍ ചികിത്സയ്ക്ക് പണം ഇല്ലാത്തതിനെ തുടര്‍ന്ന് സ്വന്തം അവയവം വില്ക്കാന് വീണ്ടും നിര്‍ബന്ധിതയാകുകയാണ് ശാന്തിയെന്ന വീട്ടമ്മ. കഴിഞ്ഞവര്‍ഷം സെപ്തംബര്‍ 30 മുതല്‍ കൊച്ചി കണ്ടെയ്നര്‍ റോഡരികിലാണ് ശാന്തിയും കുടുംബവും. രോഗബാധിതരായ മൂന്ന് മക്കളുടേയും മുഴുവന്‍ ചെലവും മുന്‍ ആരോഗ്യമന്ത്രി കെ.കെ. ഷൈലജ സര്‍ക്കാരിന്റെ ചെലവില്‍ നടത്താമെന്ന് വാക്ക് നല്‍കിയിരുന്നു. പിന്നീട് കളക്ടറും സ്ഥലത്തെത്തി ആശ്വസിപ്പിച്ചു. എന്നാല്‍ ഉറപ്പുകളും ആശ്വാസ വാക്കുകളും ശാന്തിയെ തുണച്ചില്ല. പലതവണ ഇതുസംബന്ധിച്ച് കളക്ടറേറ്റുമായി ബന്ധപ്പെട്ടപ്പോള്‍ നടപടിയുണ്ടായില്ല. സര്‍ക്കാരില്‍ നിന്ന് ഇതുവരെ തങ്ങള്‍ക്ക് നിര്‍ദേശം ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ പറഞ്ഞുവെന്നും സംഭവുമായി ബന്ധപ്പെട്ട് അസിസ്റ്റന്റ് ജില്ലാ കളക്ടര്‍ തങ്ങളെക്കുറിച്ച് മോശമായി പരാമര്‍ശിച്ചെന്നും ശാന്തി പറഞ്ഞു.
ഒമ്പതുമാസം മുമ്പാണ് ശാന്തി അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന ബോര്‍ഡുമായി ആദ്യമായി റോഡിലിറങ്ങിയത്. 12 വയസ്സുള്ള പെണ്‍കുട്ടിയും നാലാണ്‍മക്കളാണുള്ളത്. അതില്‍ പെണ്‍കുട്ടിയുള്‍പ്പെടെ മൂന്നുപേര്‍ക്ക് അടിയന്തര ശസ്ത്രക്രിയയും ആവശ്യമാണ്. ഭര്‍ത്താവ് ഉപേക്ഷിച്ചു പോയതോടെ ശാന്തി തനിച്ചായി. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയില്‍ വാടകയ്ക്ക് കഴിഞ്ഞിരുന്ന വീടും ഒഴിയേണ്ടി വന്നു. പിന്നീട് ഗത്യന്തരമില്ലാതെ റോഡരികില്‍ ഹൃദയം ഉള്‍പ്പെടെയുള്ള അവയവങ്ങള്‍ വില്‍ക്കാനുണ്ടെന്ന് ബോര്‍ഡെഴുതി. സംഭവം മാധ്യമശ്രദ്ധ പിടിച്ചു പറ്റിയതോടെ മുന്‍ ആരോഗ്യമന്ത്രി ഷൈലജ മക്കളുടെ എല്ലാ ചെലവുകളും വഹിക്കാമെന്നറിയിച്ചു. എന്നാല്‍ മാസങ്ങള്‍ പിന്നിട്ടിട്ടും ബന്ധപ്പെട്ടവര്‍ നടപടികള്‍ സ്വീകരിച്ചില്ല.
കോരിച്ചൊരിയുന്ന മഴയത്തും കാറ്റിലും വളരെ കഷ്ടപ്പാടോടു കൂടിയാണ് ഇവര്‍ റോഡരികില്‍ കഴിയുന്നത്. ലോക്ഡൗണ്‍ പ്രഖ്യാപിച്ചതോടെ തിയേറ്ററില്‍ ജോലിയുണ്ടായിരുന്ന മകന്റെ വരുമാനം നിലച്ചു. തുടര്‍ന്ന് മറ്റുവഴികളില്ലാതെ ഭിക്ഷ യാചിച്ച് കിട്ടുന്ന പണം കൊണ്ടാണ് ചെലവുകള്‍ നടത്തുന്നതെന്ന് പറയുമ്പോള്‍ ശാന്തി വിതുമ്പി. തങ്ങള്‍ക്ക് സഹായത്തിനാരുമില്ല, സഹായിക്കാമെന്ന് പറഞ്ഞവര്‍ സഹായിച്ചതുമില്ല, പെണ്‍കുട്ടിയുമായി റോഡരികില്‍ കഴിയുന്നത് നെഞ്ചിടിപ്പോടെയാണ് അവര്‍ പറഞ്ഞു.
മൂന്നു മക്കളുടെ ചികിത്സാ ചെലവും മറ്റും ഈ നാല്‍പ്പത്തിയാറുകാരിക്ക് താങ്ങാന്‍ കഴിയുന്നതിനപ്പുറമാണ്. പാവങ്ങളുടെ കണ്ണീരൊപ്പുമെന്നുപറഞ്ഞ സര്‍ക്കാര്‍ ശാന്തിയുടെ കുടുംബത്തിന് പ്രതീക്ഷ മാത്രമാണ് നല്‍കിയത്. ആരെങ്കിലും തങ്ങള്‍ക്ക് തുണയാകുമെന്ന് കരുതി കാത്തിരിക്കുകയാണ് ശാന്തിയും കുടുംബവും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: