കൊച്ചി : കോവിഡ് ബാധിച്ച് മരിച്ച രോഗിയുടെ ആഭരണവും ഫോണും ആശുപത്രി അധികൃതര്‍ കവര്‍ന്നതായി ആരോപണം. വാരപ്പുഴ ചിറയ്ക്കകം സ്വദേശി രത്നത്തിന്റെ മരണവുമായി ബന്ധപ്പെട്ടാണ് പരാതി ഉന്നയിച്ചിരിക്കുന്നത്. രത്നം മരിച്ചശേഷം ആശുപത്രി അധികൃതര്‍ നല്കിയ ഇവരുടെ സ്വര്‍ണ്ണം അടക്കമുള്ള സാധനസാമഗ്രികളില്‍ കുറവ് വന്നിട്ടുള്ളതായാണ് ആരോപണം. ഇതുസംബന്ധിച്ച് ബന്ധുക്കള്‍ പരാതി നല്കി.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് പറവൂര്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്റ് സെന്ററിലാണ് രത്നത്തിനെ ആദ്യം ചികിത്സയ്ക്കായി പ്രവേശിപ്പിക്കുന്നത്. അവിടെ നിന്നും സിയാല്‍ എഫ്എല്‍ടിസിയിലേക്ക് മാറ്റി. പിന്നീട് രോഗം മൂര്‍ച്ഛിച്ചതിനെ തുടര്‍ന്ന് ആലുവ ഗവണ്മെന്റ് ആശുപത്രിയിലേക്കും അവരെ മാറ്റുകയായിരുന്നു. പിന്നീട് രത്നത്തിന്റെ ആരോഗ്യ നില വഷളാവുകയും വ്യാഴാഴ്ച മരണമടയുകയുമായിരുന്നു. വിട്ടില്‍ നിന്നും കോവിഡ് ചികിത്സയ്ക്കായി പോകുമ്പോള്‍ രണ്ട് കമ്മലും, അഞ്ച് സ്വര്‍ണ്ണവളകള്‍, ഒരു സ്വര്‍ണ്ണമോതിരം, വെള്ളിയുടെ രണ്ട് മിഞ്ചി എന്നിവയാണ് രത്നം ധരിച്ചിരുന്നത്. കൂടാതെ ഒരു ടച് മൊബൈല്‍ ഫോണും അവര്‍ക്കുണ്ടായിരുന്നു.
വ്യാഴാഴ്ച ആശുപത്രി അധികൃതര്‍ മൃതദേഹം കൈമാറുകയും ഇവരുടെ ആഭരണമായി ഒരു സ്വര്‍ണ്ണവളയും രണ്ട് മിഞ്ചികളും മാത്രമാണ് നല്‍കിയത്. മൊബൈല്‍ ഉള്‍പ്പെടെയുള്ള മറ്റ് ആഭരണങ്ങളൊന്നും തിരികെ നല്‍കിയിട്ടില്ല. കോവിഡ് സംസ്ഥാനത്ത് വ്യാപകമാവുകയും ആശുപത്രി അധികൃതരില്‍ മാത്രം വിശ്വാസം അര്‍പ്പിച്ചാണ് രോഗികളും അവരുടെ ബന്ധുക്കളും ഇപ്പോള്‍ കഴിയുന്നത്. അപ്പോള്‍ ഇത്തരത്തില്‍ അധികൃതരുടെ ഭാഗത്തു നിന്നും വീഴ്ചയുണ്ടാകുന്നത് മനുഷ്യത്വത്തെ ഹനിക്കുന്നതാണെന്നും ബന്ധുക്കള്‍ ആരോപിക്കുന്നു. ഇതുസംബന്ധിച്ച് ആലുവ ഗവണ്മെന്റ് ഹോസ്പിറ്റല്‍ സൂപ്രണ്ടിനും ബന്ധുക്കള്‍ പരാതി നല്‍കിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ നടപടി വേണമെന്നും അവര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: