നാഗോണ്‍: കനത്തമഴയെ തുടര്‍ന്നുണ്ടായ ഇടിമിന്നലില്‍ കാട്ടാനകള്‍ കൂട്ടത്തോടെ ചരിഞ്ഞു. അസമിലെ നാഗോണ്‍ ജില്ലയിലെ ബാമിനി ഹില്‍സിൽ 18 കാട്ടാനകള്ക്കാണ് ജീവന് നഷ്ടമായത്. സംഭവത്തില്‍ വനം വകുപ്പ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. മിന്നലേറ്റാണ് ഇവ ചരിഞ്ഞതെന്നാണ് പ്രാഥമിക വിലയിരുത്തല്‍.
ആനകളുടെ മൃതദേഹങ്ങള്‍ കൂട്ടത്തോടെ കിടക്കുന്നത് കണ്ടതിനെ തുടര്‍ന്ന് പ്രദേശവാസികളാണ് വിവരം വനം വകുപ്പിനെ അറിയിച്ചത്. കഴിഞ്ഞ ദിവസം രാത്രിയില്‍ ഇവിടെ കനത്തമഴയും ഇടിയും മിന്നലും ഉണ്ടായിരുന്നു. രണ്ടു ഗ്രൂപ്പായി തിരിഞ്ഞായിരുന്നു മൃതദേഹങ്ങള്‍ കിടന്നിരുന്നത്. 14 മൃതദേഹങ്ങള്‍ ഒരു കുന്നിന് മുകളിലും നാലെണ്ണം താഴത്തുമായിട്ടാണ് കണ്ടെത്തിയത്.
ഉള്‍വനം ആയതിനാല്‍ ഫോറസ്റ്റ് ഉദ്യോഗസ്ഥര്‍ക്ക് ഉച്ചയ്ക്ക് ശേഷമാണ് സ്ഥലത്ത് എത്താന്‍ പോലും കഴിഞ്ഞത്. ഇത്രയും ആനകള്‍ ചെരിയാനുള്ള കാര്യത്തെക്കുറിച്ച് വ്യക്തമായി മനസ്സിലാക്കാന്‍ പ്രദേശത്ത് തെരച്ചില്‍ തുടങ്ങിയിട്ടുണ്ട്. പിന്നിലെ യഥാര്‍ത്ഥ കാരണം കണ്ടെത്താന്‍ പോസ്റ്റുമാര്‍ട്ടത്തിനായി അയച്ചിട്ടുണ്ട്.
സംഭവത്തില്‍ ആസ്സാം പരിസ്ഥിതി വനം മന്ത്രി പരിമള്‍ ശുക്ലബൈദ്യ ദു:ഖം രേഖപ്പെടുത്തി. സ്ഥലം സന്ദര്‍ശിക്കുമെന്നും അദ്ദേഹം പറഞ്ഞു. സ്ഥലം സന്ദര്‍ശിച്ച് അടിയന്തിര നടപടികള്‍ സ്വീകരിക്കാന്‍ മുഖ്യമന്ത്രി ഹിമന്ദ ബിശ്വശര്‍മ്മ ബന്ധപ്പെട്ട മന്ത്രിമാരോട് ആവശ്യപ്പെട്ടു.
2017 ലെ സെന്‍സസ് പ്രകാരം ഇന്ത്യയില്‍ ആനകള്‍ ഏറ്റവും കൂടുതലുള്ള രണ്ടാമത്തെ സംസ്ഥാനമാണ് ആസാം. കര്‍ണാടകയ്ക്ക് പിന്നിലുള്ള അസമില്‍ 5719 ആനകള്‍ ഉണ്ടെന്നാണ് കണക്കാക്കിയിരിക്കുന്നത്. എന്നാല്‍ 2013 നും 2016 നും ഇടയില്‍ 100 ആനകളാണ് ചരിഞ്ഞത്. 2012 ലെ കണക്ക് 5246 ആയിരുന്നു. വേട്ടക്കാര്‍, ട്രെയിനപകടങ്ങള്‍, വിഷം കഴിക്കുന്നത്, മിന്നല്‍ എന്നിവയാണ് അസമില്‍ കാട്ടാനകള്‍ക്ക് ഭീഷണിയാകുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: