ന്യൂദല്‍ഹി : രാജ്യത്ത് കോവിഡ് രോഗവ്യാപനം ക്രമാതീതമായി ഉയര്‍ന്നിരുന്ന ദല്‍ഹിയിലും ഉത്തര്‍പ്രദേശിലും കോവിഡ് രോഗികളുടെ എണ്ണം കുറയുന്നതായി കണക്കുകള്‍. ദല്‍ഹിയില്‍ 13,287 പേര്‍ക്കാണ് പുതിയതായി രോഗം സ്ഥിരീകരിച്ചത്.
യുപിയില്‍ 18,125 പേര്‍ക്കാണ് രോഗബാധ. ഇരു സംസ്ഥാനങ്ങളിലെ ലോക്ഡൗണും, കര്‍ഫ്യൂവും ഈ മാസം 17 വരെ നീട്ടിയിരുന്നു. ലോക്ഡൗണില്‍ ഇരു സംസ്ഥാനങ്ങളിലും കടുത്ത നിയന്ത്രണങ്ങളാണ് ഏര്‍പ്പെടുത്തിയത്. ഇവ ഫലം ചെയ്തെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.
രാജ്യത്ത് 24 മണിക്കൂറിനിടെ 3,62,727 പേര്‍ക്ക് പുതിയതായി കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ രോഗബാധിതരുടെ എണ്ണം 2.37 കോടി കടന്നു. 1.97 കോടിയിലേറേ പേര് രോഗമുക്തരായി. 37,10,525 പേര് ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകളില്‍ വ്യക്തമാകുന്നത്.
അതേസമയം പ്രതിദിന രോഗികളുടെ എണ്ണത്തില്‍ മഹാരാഷ്ട്ര തന്നെയാണ് ഇപ്പോഴും മുന്നില്‍. 46,781 പേര്‍ക്കാണ് മഹാരാഷ്ട്രയില്‍ കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചത്. കേരളം, കര്‍ണാടക, തമിഴ്നാട്, ആന്ധ്രപ്രദേശ് എന്നീ സംസ്ഥാനങ്ങളിലും രോഗബാധ തീവ്രമാണ്. രാജ്യത്തെ കോവിഡ് കേസുകളില്‍ 50.21 ശതമാനവും ഈ അഞ്ച് സംസ്ഥാനങ്ങളില്‍ നിന്നാണ്. യുപിയിലും ദല്‍ഹിയിലും അടുത്തിടെ വരെ ടെസ്റ്റ് പോസ്റ്റിവിറ്റി നിരക്ക് ഉയര്‍ന്നതായിരുന്നു. കഴിഞ്ഞ ദിവസമാണ് നിരക്ക് താഴ്ന്നത്. ഇതുവരെ 17,72,14,256 പേര്‍ക്ക് കോവിഡ് വാക്സിന് നല്‍കിയതായും കേന്ദ്ര റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: