ഛണ്ഡീഗഡ്: പഞ്ചാബ് കോണ്‍ഗ്രസിനുള്ളില്‍ വീണ്ടും മുഖ്യമന്ത്രി അമരീന്ദര്‍ സിംഗും വിമത നേതാവ് നവജോത് സിദ്ദുവും തമ്മിലുള്ള പോര് മുറുകുന്നു. പഞ്ചാബിലെ കോണ്‍ഗ്രസ് സര്‍ക്കാര്‍ ഭരിയ്ക്കുന്നത് അമരീന്ദര്‍ സിംഗല്ല പ്രതിപക്ഷപാര്‍ട്ടിയായ ശിരോമണി അകാലി ദളിന്റെ ബാദല്‍ കുടുംബമാണ് എന്നതാണ് കോണ്‍ഗ്രസ് എംഎല്‍എ കൂടിയായ സിദ്ദുവിന്റെ ഏറ്റവും ഒടുവിലത്തെ ആരോപണം.
ഗുരുഗ്രന്ഥ് സാഹിബിനെ കളങ്കപ്പെടുത്തിയെന്നാരോപിച്ച് നടന്ന 2015ലെ പ്രതിഷേധത്തിനിടെയുണ്ടായ പൊലീസ് വെടിവെപ്പ് സംബന്ധിച്ചുള്ള പൊലീസ് അന്വേഷണം പഞ്ചാബ് സര്‍ക്കാര്‍ കൈകാര്യം ചെയ്ത രീതിയെ സിദ്ദു ചോദ്യം ചെയ്യുന്നു. ഈയിടെ പഞ്ചാബ് ഹൈക്കോടതി ബാദല്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായ ഈ വെടിവെപ്പ് കേസിലെ അന്വേഷണം റദ്ദാക്കിയിരുന്നു. ഇതാണ് സിദ്ദുവിനെ ചൊടിപ്പിച്ചത്. മുന്‍ മുഖ്യമന്ത്രിയും ശിരോമണി അകാലിദള്‍ നേതാവുമായ പ്രകാശ് സിംഗ് ബാദലും കുടുംബവുമാണ് സര്‍ക്കാരിനെ ഭരിയ്ക്കുന്നത്, അല്ലാതെ കോണ്‍ഗ്രസ് എംഎല്‍എമാരല്ല എന്നും ബാദല്‍ സര്‍ക്കാരിന്റെ കാലത്തുണ്ടായിരുന്ന അഴിമതി ഇപ്പോഴും തുടരുകയാണെന്നും സിദ്ദു കുറ്റപ്പെടുത്തി.
2017ല്‍ പഞ്ചാബില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തില്‍ ഏറിയപ്പോള്‍ ആദ്യം ചെയ്തത് 2015ലെ പൊലീസ് വെടിവെപ്പിനെക്കുറിച്ച് അന്വേഷണം പ്രഖ്യാപിക്കലായിരുന്നു. നാല് വര്‍ഷമായിട്ടും അന്വേഷണം എവിടെയുമെത്തിയില്ല. ബാദല്‍ കുടുംബം അന്വേഷണത്തെ അട്ടിമറിയ്ക്കുകയായിരുന്നുവെന്നാണ് സിദ്ദുവിന്റെ പക്ഷം. ഏപ്രില്‍ 9ലെ പൊലീസ് അന്വേഷണം റദ്ദാക്കിക്കൊണ്ടുള്ള വിധിയില്‍ ഹൈക്കോടതി ബാദല്‍ കുടുംബത്തെ കുറ്റവിമുക്തമാക്കുകയും ചെയ്തു. ഹൈക്കോടതി ഈ കേസന്വേഷിച്ച പൊലീസ് അന്വേഷണസംഘത്തിന്റെ തലവന്‍ കുന്‍വര്‍ വിജയ് പ്രതാപ് സിംഗിനെ കുറ്റപ്പെടുത്തുകയും ചെയ്തിരുന്നു.
കഴിഞ്ഞ ഒരു വര്‍ഷമായി മുഖ്യമന്ത്രി അമരീന്ദര്‍സിംഗുമായി സിദ്ദു ഏറ്റുമുട്ടലിന്റെ പാതയിലായിരുന്നു. എന്നാല്‍ 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പഞ്ചാബിലെ നഗരപ്രദേശങ്ങളിലുള്ള കോണ്‍ഗ്രസിന്റെ വന്‍തോല്‍വിയുടെ കാരണം സിദ്ദുവാണെന്ന് അമരീന്ദര്‍ സിംഗ് സ്ഥാപിച്ചതോടെ അമരീന്ദര്‍ സിംഗ് സര്‍ക്കാരില്‍ മന്ത്രിയായിരുന്ന സിദ്ദു മന്ത്രി പദം രാജിവെച്ചു. പിന്നീട് ഒരിടവേളയുടെ നിശ്ശബദ്തയ്ക്ക് ശേഷം സിദ്ദു വീണ്ടും സജീവമാവുകയാണ്. മറ്റു പല എംഎല്‍എമാരും പൊലീസ് വെടിവെപ്പിനെക്കുറിച്ചുള്ള അന്വേഷണം ഹൈക്കോടതി റദ്ദാക്കിയ നടപടിയില്‍ അസംതൃപ്തരാണെന്നറിയുന്നു. അതേ സമയം കോണ്‍ഗ്രസിനുള്ളില്‍ നല്ലൊരു വിഭാഗം സിദ്ദുവിന് എതിരാണ്.
ഇതിനിടെ സിദ്ദു നല്കിയ രണ്ട് ടിവി അഭിമുഖങ്ങളില്‍ കോണ്‍ഗ്രസ് വിടുന്നതിനെക്കുറിച്ചും ആംആദ്മി പാര്‍ട്ടിയില്‍ ചേരുന്നതിനെക്കുറിച്ച് അരവിന്ദ് കെജ്രിവാളുമായി ചര്‍ച്ച നടത്തുന്നതിനെക്കുറിച്ചും സൂചിപ്പിച്ചതിനെതിരെ അമരീന്ദര്‍ സിംഗ് പാര്‍ട്ടി അച്ചടക്കലംഘനം ആരോപിച്ചിട്ടുണ്ട്. അങ്ങിനെ ഒരിടവേളയ്ക്ക് ശേഷം സിദ്ദു-അമരീന്ദര്‍ സിംഗ് വിഴുപ്പലക്കല്‍ പഞ്ചാബ് കോണ്‍ഗ്രസില്‍ വീണ്ടും തലപൊക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: