ന്യൂദല്‍ഹി: ബംഗ്ലാദേശി-സ്വീഡിഷ് എഴുത്തുകാരിയും ആക്ടിവിസ്റ്റുമായ തസ്ലിമ നസ്രീന് കോവിഡ്. ഒരുവര്‍ഷമായി വീടിന് പുറത്തിറങ്ങുകയോ, ആരെയെങ്കിലും വീട്ടിലേക്ക് പ്രവേശിപ്പിക്കുകയോ ചെയ്തിട്ടില്ലെന്ന് അവര്‍ പറയുന്നു. ‘ഒരുവര്‍ഷത്തിലേറെയായി ഞാന്‍ വീട്ടില്‍നിന്ന് പുറത്തിറങ്ങിയിട്ടില്ല. വീട്ടിലേക്ക് പ്രവേശിക്കാന്‍ ആരെയും അനുവദിച്ചതുമില്ല. ഒരു പൂച്ചയ്ക്കൊപ്പം ഞാന്‍ തനിച്ചായിരുന്നു. അപ്പോഴും എനിക്ക് കോവിഡ് 19 പിടിപെട്ടു. ഇത് എങ്ങനെ പിടിപ്പെട്ടുവെന്ന് അറിയാന്‍ ആഗ്രഹിക്കുന്നു’.- അവര്‍ ട്വീറ്റ് ചെയ്തു. കഴിഞ്ഞ ഒരുവര്‍ഷമായി ആരുടെയും സഹായമില്ലാതെയാണ് വീട്ടുജോലികള്‍ എല്ലാം ചെയ്തിരുന്നതെന്ന് ഫെയ്സ്ബുക്കില്‍ പോസ്റ്റില്‍ തസ്ലിമ നസ്രീന് വ്യക്തമാക്കി.
‘ഞാന്‍ എല്ലായ്പ്പോഴും നിര്ഭാഗ്യവതിയാണ്. കഴിഞ്ഞവര്‍ഷം മാര്‍ച്ചു മുതല്‍ ഞാന്‍ വീട്ടില്‍ തനിച്ചാണ്. വീട്ടില്‍ വളര്‍ത്തുന്ന പൂച്ച കൂടെയുണ്ട്. എങ്ങോട്ടും പോയിട്ടില്ല. ആരെയും വീട്ടില്‍ കയറ്റിയിട്ടില്ല. പാചകം ചെയ്തു, വസ്ത്രങ്ങള്‍ അലക്കി, എല്ലാം തനിച്ച് ചെയ്തു. എന്നിട്ടെന്താ പ്രയോജനം’.- അവര്‍ ചോദിച്ചു. ‘ഒന്നുമില്ല. കോവിഡ് ബാധിച്ചു. രണ്ടു മാസം മുന്‍പ് രണ്ടു മണിക്കൂര്‍ മാത്രമാണ് പുറത്തുപോയത്, വാക്സിന്റെ ആദ്യ ഡോസ് സ്വീകരിക്കാന്‍. ആ ഡോസ് ചില ആന്റി ബോഡികള്‍ സൃഷ്ടിച്ചതിനാല് യാത്രയെ അതിജീവിച്ചിരിക്കാം’- തസ്ലിമ നസ്രീന് പറയുന്നു.
ചില കൃതികളുടെ പേരിലാണ് തസ്ലിമ നസ്രീനെ കരിമ്പട്ടികയില്‍ പെടുത്തിയതും നാടുകടത്തിയതും. 1994 മുതല്‍ ബംഗ്ലാദേശിന് പുറത്താണ് കഴിയുന്നത്. നിലവില്‍ ന്യൂദല്‍ഹിയില്‍ താമസിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: