ലണ്ടന്‍: യുവേഫ ചാമ്പ്യന്‍സ് ലീഗില്‍ ഓള് ഇംഗ്ലണ്ട് ഫൈനല്‍. ഇന്നലെ മുന്‍ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡിനെ തകര്‍ത്ത് ചെല്‍സി ഫൈനലിലെത്തിയതോടെയാണ് ഇംഗ്ലീഷ് ക്ലബുകള്‍ തമ്മിലുള്ള കലാശപ്പോരാട്ടത്തിന് വഴിയൊരുങ്ങിയത്. കഴിഞ്ഞ ദിവസം നടന്ന സെമിയില്‍ പിഎസ്ജിയെ തകര്‍ത്ത് മാഞ്ചസ്റ്റര്‍ സിറ്റിയും ഫൈനലില്‍ പ്രവേശിച്ചിരുന്നു.
റയലിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദത്തില്‍ 1-1ന് സമനില പാലിച്ച ചെല്‍സി സ്വന്തം മൈതാനത്തെ രണ്ടാം പാദത്തില്‍ മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്കാണ് റയലിനെ തകര്‍ത്തത്. ഇതോടെ ഇരുപാദങ്ങളിലുമായി 3-1ന്റെ തകര്‍പ്പന്‍ വിജയമാണ് ഇംഗ്ലീഷ് നീലപ്പട സ്വന്തമാക്കിയത്. 2012ല്‍ കിരീടം ചൂടിയ ശേഷം ചെല്‍സിയുടെ ആദ്യ ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. കഴിഞ്ഞ സീസണില്‍ പിഎസ്ജിയെ ഫൈനലിലെത്തിച്ച പരിശീലകന് തോമസ് ടൂഷലിന് ഇക്കുറി ചെല്‍സിക്കൊപ്പം മറ്റൊരു ഫൈനല്‍. 2018-19 വര്‍ഷത്തിലായിരുന്നു ഇതിന് മുന്‍പ് ടൂര്‍ണമെന്റില്‍ ഓള് ഇംഗ്ലണ്ട് ഫൈനല്‍ അരങ്ങേറിയത്. ലിവര്‍പൂളും ടോട്ടനവും ഏറ്റുമുട്ടിയ ഫൈനലില്‍ 2-0ന്റെ വിജയവുമായി ലിവര്‍പൂള്‍ ചാമ്പ്യന്മാരാകുകയും ചെയ്തു.
ഇന്നലെ പുലര്‍ച്ചെ സമാപിച്ച രണ്ടാം പാദത്തില്‍ 28-ാം മിനിറ്റില്‍ തിമോ വെര്‍ണര്‍, 85-ാം മിനിറ്റില്‍ മേസണ്‍ മൗണ്ട് എന്നിവരാണ് ചെല്‍സിക്കായി ഗോള്‍ നേടിയത്. കളിയില്‍ 68 ശതമാനം പന്ത് കൈവശം വയ്ക്കുകയും ലക്ഷ്യത്തിലേക്ക് 5 ഷോട്ടുകള്‍ ഉതിര്‍ത്തിട്ടും ഒരിക്കല്‍ പോലും ചെല്‍സി ഗോളി മെന്‍ഡിയെ കീഴടക്കാന്‍ ബെന്‍സേമയും ഹസാര്‍ഡും ഉള്‍പ്പെട്ട റയല്‍ താരനിരക്ക് കഴിഞ്ഞില്ല. മാത്രമല്ല കിട്ടിയ അവസരങ്ങളിലെല്ലാം റയല്‍ പ്രതിരോധത്തെ പിച്ചിചീന്തിയ ചെല്‍സി താരങ്ങള്‍ രണ്ട് തവണ ഗോളടിക്കുകയും ചെയ്തു. ആദ്യ പകുതിയില്‍ കരിം ബെന്‍സേമയുടെ ഗോളെന്നുറപ്പിച്ച ഹെഡര്‍ ഉള്‍പ്പെടെ ഒരുപിടി സേവുകളുമായി തിളങ്ങിയ ഗോള്‍കീപ്പര്‍ എദൂര്ദ് മെന്‍ഡിയുടെ മികവും ചെല്‍സി വിജയത്തില്‍ നിര്‍ണായകമായി.
പന്തു കൈവശം വച്ചും പടിപടിയായി ആക്രമണങ്ങള്‍ സംഘടിപ്പിച്ചും റയല്‍ കളം പിടിക്കാന്‍ ശ്രമിക്കുന്നതിനിടെയായിരുന്നു ചെല്‍സിയുടെ ആദ്യ ഗോള്‍. 28-ാം മിനിറ്റില്‍ മികച്ചൊരു മുന്നേറ്റത്തിനൊടുവില്‍ തടയാന്‍ മുന്നോട്ടു കയറിവന്ന മുന്‍ ചെല്‍സി താരം കൂടിയായ റയല്‍ ഗോള്‍കീപ്പര്‍ ടിബോ കുര്‍ട്ടോയെ കബളിപ്പിച്ച് തലയ്ക്കു മുകളിലൂടെ ഹാവെര്‍ട്സ് വലയിലേക്ക് കോരിയിട്ടെങ്കിലും ക്രോസ് ബാറില്‍ തട്ടി പന്ത് റീ ബൗണ്ട് ചെയ്തു. തെറിച്ചു വന്ന പന്ത് പോസ്റ്റിന് തൊട്ടു മുമ്പിലുണ്ടായിരുന്ന തിമോ വെര്‍ണര്‍ ഗോള്‍കീപ്പര്‍ തിരിച്ചെത്തും മുന്‍പേ ഹെഡ്ഡറിലൂടെ വലയിലെത്തിച്ചു. ഈ ഗോളിന് ചെല്‍സി ആദ്യപകുതിയില്‍ മുന്നിട്ടുനിന്നു.
രണ്ടാം പകുതിയില്‍ അലകടലായെത്തിയ ചെല്‍സി ആക്രമണങ്ങളില്‍നിന്ന് പലപ്പോഴും കുര്‍ട്ടോയാണ് റയലിനെ കാത്തത്. എന്‍ഗോളോ കാന്റെയും ഹാവെര്‍ട്സും തുടര്‍ച്ചയായി റയല്‍ പ്രതിരോധത്തിന് തലവേദന സൃഷ്ടിച്ചു. ചെല്‍സി താരങ്ങള്‍ തുടര്‍ച്ചയായി അവസരങ്ങള്‍ പാഴാക്കുന്നതിനിടെ രണ്ടാം ഗോള്‍ പിറന്നു. ഇക്കുറിയും ഗോളിനു വഴിയൊരുക്കിയത് കാന്റെ. 85-ാം മിനിറ്റില്‍ റയല്‍ താരങ്ങളുടെ പാസ് ബോക്സിനു തൊട്ടുമുന്പില്വച്ച് പിടിച്ചെടുത്ത കാന്റെ അത് പകരക്കാരനായി ഇറങ്ങിയ ക്രിസ്റ്റ്യന്‍ പുലിസിച്ചിനു നീട്ടി. ഇടതുവിങ്ങില്‍നിന്ന് ബോക്സിനു സമാന്തരമായി നീട്ടിയ പന്ത് മൗണ്ട് കൃത്യമായി വലയിലേക്ക് തട്ടിയിട്ടു. പിന്നീട് തിരിച്ചടിക്കാന്‍ റയല്‍ കിണഞ്ഞു ശ്രമിച്ചെങ്കിലും ചെല്‍സി പ്രതിരോധം അവയെല്ലാം സമര്‍ഥമായി പ്രതിരോധിച്ചു. ഇതോടെ 2012നുശേഷം ആദ്യമായി ചെല്‍സി ഫൈനലിലേക്ക് ടിക്കറ്റ് സ്വന്തമാക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: