കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പില്‍ നേരിട്ട പരാജയത്തിന്റെ ഉത്തരവാദിത്വം നേതൃത്വം ഒറ്റക്കെട്ടായി ഏറ്റെടുക്കുന്നുവെന്ന് ബിജെപി ജനറല്‍ സെക്രട്ടറി എംടി രമേശ്. വീഴ്ചയുടെ കാരണങ്ങള്‍ സംഘടന അന്വേഷിച്ച് കണ്ടെത്തി തിരുത്തുമെന്നും അദേഹം പറഞ്ഞു. നാം മുന്നോട്ടു തന്നെയാണ്,ജാഗ്രതയോടെ ചുവടുകള്‍ ഉറച്ച് അജയ്യമായ ഒരാശയത്തെ പിന്‍പറ്റി നമുക്ക് മുന്നോട്ടു പോയേ മതിയാകു.കാരണം ഏതെങ്കിലും പദവിക്കോ അധികാരത്തിനോ വേണ്ടി മാത്രമായിരുന്നില്ല നമ്മള് ഈ പ്രസ്ഥാനത്തെ നെഞ്ചോട് ചേര്‍ത്തത്.
പക്ഷെ, തിരഞ്ഞെടുപ്പുകള്‍ ഓരോ രാഷ്ട്രീയ പ്രസ്ഥാനത്തിനും സ്വയം മാറ്റുരയ്ക്കാനുള്ള അവസരമാണ്. ഇവിടെ ഇന്നത്തെ തിരഞ്ഞെടുപ്പ് ഫലം നമ്മുക്കെതിരാണ്. അത് നാം അംഗീകരിച്ചെ മതിയാകു, അതിന്റെ കാരണങ്ങള്‍ തിരിച്ചറിഞ്ഞ് കൂടുതല്‍ ഉത്തരവാദിത്വത്തോടെ നമുക്ക് മുന്നോട്ട് പോകണം, പരാജയങ്ങള്‍ നമുക്ക് പുത്തരിയല്ല, മഹാനായ മാരാര്‍ജി പോലും പല തവണ തോറ്റിട്ടുണ്ട്.
പക്ഷെ, അവിടെ നാം തളര്‍ന്നിരുന്നിട്ടില്ല. കൂടുതല്‍ കരുത്താര്‍ജിച്ച് മുന്നോട്ട് കുതിയ്ക്കുകയായിരുന്നു.കഴിഞ്ഞ ഒരു മാസത്തിലധികമായി ഓരോ ബി.ജെ.പി പ്രവര്‍ത്തകനും അഹോരാത്രം അക്ഷീണം തിരഞ്ഞെടുപ്പ് രംഗത്ത് സജീവമായിരുന്നു, നമ്മുടെ കഷ്ടപ്പാട് വിഫലമായി പോയിട്ടില്ല. കനത്ത ഇടത് തരംഗത്തിലും കേഡര്‍ വോട്ടുകളും അഭ്യുദയകാംശികളുടെ പിന്തുണയും നഷ്ടപ്പെടാതെ പാര്‍ട്ടിയുടെ അടിത്തറ ഇളകാതെ സംരക്ഷിയ്ക്കാന്‍ നമുക്കായി.
ഇനി സംഘടന ശക്തിപ്പെടുത്തേണ്ട സമയമാണ്, യാഥാര്‍ത്ഥ്യ ബോധ്യത്തോടെ കേരളത്തിന്റെ സാമൂഹ്യ രാഷ്ട്രീയ സാമുദായിക കാലാവസ്ഥ മനസ്സിലാക്കി മുന്നോട്ട് പോകാനുള്ള ഊര്‍ജം സംഭരിയ്ക്കണം, യുഡിഎഫ് ശിഥിലമാവുകയാണ്, തുടര്‍ഭരണം വന്നതോടെ കേരളത്തില്‍ കൂടുതല്‍ ഉത്തരവാദിത്വമുള്ള പ്രതിപക്ഷമാവാനുള്ള നിയോഗമാണ് ബി.ജെ.പിക്ക് വന്നു ചേര്‍ന്നിരിക്കുന്നത്. നാം മുന്നോട്ട് തന്നെയാണെന്നും അദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: