പുതുപ്പള്ളി: സ്വന്തം തട്ടകമായ പുതുപ്പള്ളിയില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിക്ക് അത്ര തിളക്കമില്ലാത്ത വിജയം. 2016 ല്‍ 27,092 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ഉമ്മന്‍ചാണ്ടി വിജയിച്ചതെങ്കില്‍ ഇത്തവണ 8,504 വോട്ടിന്റെ ഭൂരിപക്ഷമാണ് ഉമ്മന്‍ചാണ്ടിക്ക് ലഭിച്ചത്. യാക്കോബായ വിഭാഗത്തിന് വന്‍ഭൂരിപക്ഷമുള്ള മണര്‍കാട് പഞ്ചായത്തിലും ഉമ്മന്‍ ചാണ്ടിയുടെ ലീഡ് നില താഴേക്ക് പോയി. 750 വോട്ടിന്റെ ലീഡാണ് പാമ്പാടിയില്‍ എല്‍ഡിഎഫ് നേടിയിരിക്കുന്നത്. കഴിഞ്ഞ തവണ പാമ്പാടിയില്‍ ഉമ്മന്‍ചാണ്ടിയുടെ ലീഡ് 3000 ന് മുകളിലായിരുന്നു. എന്നാല്‍ ഇത്തവണ പാമ്പാടി ഉമ്മന്‍ ചാണ്ടിയെ കൈവിട്ടു.
പുതുപ്പളളിയില്‍ ഭൂരിപക്ഷം കുറഞ്ഞത് വേറൊരു പാറ്റേണായി കണ്ടാല്‍ മതിയെന്നാണ് ഉമ്മൻചാണ്ടി പറഞ്ഞത്. പഞ്ചായത്തടിസ്ഥാനത്തില്‍ ബാക്കി കാര്യങ്ങള്‍ പരിശോധിക്കും. തെരഞ്ഞെടുപ്പില്‍ ജയിച്ചത് കൊണ്ട് അഹങ്കരിക്കുകയോ തോറ്റത് കൊണ്ട് നിരാശപ്പെടുകയോ ചെയ്യില്ല. സഹപ്രവര്‍ത്തകരുമായി ആലോചിച്ച് മറ്റ് കാര്യങ്ങള്‍ ആലോചിക്കുമെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
യുഡിഎഫിനുണ്ടായ പരാജയത്തിന്റെ കാരണം കൃത്യമായി പഠിക്കുമെന്നും അദ്ദേഹം പറഞ്ഞു. എല്‍ഡിഎഫിന്റെ ജെയ്ക് സി തോമസിനെയാണ് ഉമ്മന്‍ചാണ്ടി പരാജയപ്പെടുത്തിയത്. പുതുപ്പള്ളിയില്‍ നിന്ന് തുടര്‍ച്ചയായി പന്ത്രണ്ടാം തവണയാണ് ഉമ്മന്‍ചാണ്ടി നിയമസഭയില്‍ എത്തുന്നത്. ജനവിധി പൂര്‍ണമായും മാനിക്കുന്നു. പ്രതീക്ഷിക്കാത്ത തോല്‍വിയാണുണ്ടായത്. തുടര്‍ഭരണത്തിന് വേണ്ട കാര്യങ്ങളൊന്നും കഴിഞ്ഞ അഞ്ച് വര്‍ഷം സംസ്ഥാനത്ത് നടന്നിരുന്നില്ല. പരാജയം നിരാശയോടെയല്ല, വെല്ലുവിളിയോടെയാണ് ഏറ്റെടുക്കുന്നതെന്നും ഉമ്മന്‍ ചാണ്ടി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: