മുംബൈ: വീണ്ടും ശിവസേന-കോണ്‍ഗ്രസ്-എന്‍സിപി സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ മുംബൈ പൊലീസ് കമ്മീഷണര്‍ പരംബീര്‍ സിംഗ്. ഇക്കുറി എന്‍സിപി നേതാവും മഹാരാഷ്ട്ര ആരോഗ്യമന്ത്രിയുമായ അനില്‍ ദേശ്മുഖിനെതിരായ ആരോപണം പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഡിജിപി തന്നെ നേരില്‍ സമീപിച്ചുവെന്നാണ് പരംബീര്‍ സിംഗ് വെളിപ്പെടുത്തിയത്.
ഇക്കാര്യം ചൂണ്ടിക്കാട്ടി പരംബീര്‍സിംഗ് സിബിഐയ്ക്ക് കത്തയച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ പരംബീര്‍ സിംഗിനെതിരെ ഉത്തരവിട്ട അന്വേഷണം പിന്‍വലിക്കാന്‍ താന്‍ സഹായിക്കാമെന്നും അതിന് ആദ്യം അനില്‍ ദേശ്മുഖിനെതിരായ ആരോപണം പിന്‍വലിക്കാനുമായിരുന്നു മഹാരാഷ്ട്ര ഡിജിപി സഞ്ജയ് പാണ്ഡെ ആവശ്യപ്പെട്ടതെന്നാണ് പരംബീര്‍ സിംഗിന്റെ വെളിപ്പെടുത്തല്‍. അനില്‍ ദേശ്മുഖിനെതിരെ നടക്കുന്ന സിബി ഐ അന്വേഷണം ഏത് വിധേനെയും അട്ടിമറിക്കാന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ശ്രമിക്കുന്നതായും പരംബീര്‍ സിംഗ് കത്തില്‍ വ്യക്തമാക്കി. ഈ കേസില്‍ സാക്ഷികളായവരെ മുഴുവന്‍ കണ്ട് സ്വകാര്യ ഡീലുകള്‍ ഉണ്ടാക്കുന്നതായും പരംബീര്‍ സിംഗ് ആരോപിച്ചു.
ഇതോടെ വീണ്ടും മഹാരാഷ്ട്ര സര്‍ക്കാര്‍ പ്രതിക്കൂട്ടിലാവുകയാണ്. നേരത്തെ മഹാരാഷ്ട്രയിലെ 1750ഓളം വരുന്ന ബാറുകള്‍, പബ്ബുകള്‍, ഡാന്‍സ് ബാറുകള്‍ എന്നിവിടങ്ങളില്‍ നിന്നായി ബലംപ്രയോഗിച്ച് മാസം തോറും 100 കോടി രൂപ വീതം പിരിക്കാന്‍ ആരോഗ്യമന്ത്രിയായിരുന്ന അനില്‍ ദേശ്മുഖ് ആവശ്യപ്പെട്ടതായി പരംബീര്‍സിംഗ് വെളിപ്പെടുത്തിയതോടെയാണ് അനില്‍ ദേശ്മുഖ് മന്ത്രിസ്ഥാനം രാജിവെച്ചത്. മാത്രമല്ല, അനില്‍ ദേശ്മുഖിനെതിരായ ഈ ആരോപണം സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കണമെന്ന പരംബീര്‍ സിംഗിന്റെ ആവശ്യം സുപ്രീംകോടതി അംഗീകരിച്ചത് ഉദ്ധവ് താക്കറെ സര്‍ക്കാരിന് മുഖത്തേറ്റ അടിയായിരുന്നു. ഒപ്പം അംബാനിയുടെ വീട്ടില്‍ സ്ഫോടകവസ്തുക്കള്‍ നിറച്ച വാഹനം എത്തിച്ച സച്ചിന് വാസെ എന്ന ഇപ്പോള്‍ സസ്പെന്റ് ചെയ്യപ്പെട്ട ക്രൈംബ്രാഞ്ച് എഎസ് ഐ എന്‍ ഐഎ പിടികൂടിയതും ഉദ്ധവ് താക്കറെ- ശരത്പവാര്‍ കൂട്ടുകെട്ടിന് വെല്ലുവിളിയായിരിക്കുകയാണ്.
ഇപ്പോള്‍ ഏത് വിധേനയും സിബി ഐ പിടിയില്‍ നിന്നും രക്ഷപ്പെടാന്‍ നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഡിജിപി തന്നെ നേരിട്ട് മുന്‍മന്ത്രി അനില്‍ ദേശ്മുഖിനെതിരായ പരാതി പിന്‍വലിക്കാന്‍ ആവശ്യപ്പെട്ട് ഒത്തുതീര്‍പ്പ് ഫോര്‍മുലയുമായി വന്നുവെന്ന ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: