മെഡിക്കല്‍ കോളേജ്: എസ്എറ്റി ആശുപത്രിയില്‍ ഇന്‍ ഹൗസ് ഡ്രഗ്സ് ബാങ്ക് വഴിയുള്ള മരുന്ന് വിതരണം അവതാളത്തിലായി. മെഡിക്കല്‍ കോളേജ് കൗണ്‍സിലര്‍ ഡി.ആര്. അനിലിന്റെ നേതൃത്വത്തില്‍ ഡ്രഗ്സ് ബാങ്ക് ഓഫീസ് താത്കാലികമായി പ്രവര്‍ത്തിച്ചിരുന്ന കെട്ടിടം അടച്ചു പൂട്ടിയതാണ് മരുന്ന് വിതരണം താളം തെറ്റാന്‍ കാരണമായത്.
ബുധനാഴ്ച വൈകിട്ടോടെയാണ് കൗണ്‍സിലറും സംഘവും ഡ്രഗ്സ് ബാങ്ക് താഴിട്ട് പൂട്ടിയത്. ഈ സമയത്ത് ഡ്രഗ്സ് ബാങ്ക് അധികൃതര്‍ കെട്ടിടത്തിനുള്ളില്‍ സംഭരിച്ചിട്ടുള്ള മരുന്നുകളും കംപ്യൂട്ടറുകള്‍ ഉള്‍പ്പെടെയുള്ള ഓഫീസ് സാധനങ്ങളും മറ്റൊരിടത്തേക്ക് മാറ്റിയിട്ടില്ല. അതിനുള്ള അവസരം പോലും നല്‍കാതെയായിരുന്നു കൗണ്‍സിലര്‍ കെട്ടിടം അടച്ചു പൂട്ടിയത്. ഇതോടെ എസ്എറ്റി ഹെല്‍ത്ത് എജ്യൂക്കേഷന്‍ സൊസൈറ്റിയുടെ മെഡിക്കല്‍ സ്റ്റോറില്‍ മരുന്ന് എത്തിക്കുന്നത് തടസ്സപ്പെട്ടു. മാത്രമല്ല മരുന്ന് വിതരണവുമായി ബന്ധപ്പെട്ട ബില്ലുകള്‍ നല്കാന് പോലും കഴിയാത്ത അവസ്ഥയാണ്. കെട്ടിടം അടിയന്തിരമായി തുറന്നില്ലെങ്കില്‍ സാത്ഹെസിന്റെ മെസിക്കല്‍ സ്റ്റോര്‍ പ്രവര്‍ത്തനവും നിലയ്ക്കുമെന്ന് ഡ്രഗ്സ് ബാങ്ക് അധികൃതര്‍ പറഞ്ഞു.
ക്യാന്‍സര്‍ രോഗത്തിനുള്ള മരുന്നുകള്‍ തുടങ്ങി എല്ലാത്തരം മരുന്നുകളും കുറഞ്ഞവിലയ്ക്ക് ലഭിക്കുന്ന മെഡിക്കല്സ്റ്റോറാണ് സാത്ഹെസിന്റേത്. പുറത്തെ മെഡിക്കല്‍സ്റ്റോറുകളില്‍ പതിനായിരം രൂപ വിലവരുന്ന ക്യാന്‍സറിനുള്ള മരുന്നുകള്‍ ഇവിടെ മൂവായിരം രൂപയ്ക്കാണ് നല്‍കുന്നത്. ഡ്രഗ്സ് ബാങ്കിന്റെ മരുന്ന് വിതരണം നിലയ്ക്കുന്നതോടെ ആര്സിസിയുള്പ്പെടെയുള്ള ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്ന രോഗികള്‍ പ്രതിസന്ധിയിലാകുമെന്നും പറയുന്നു. അതേ സമയം ഡ്രഗ്സ് ബാങ്ക് പ്രവര്‍ത്തനം തടസ്സപ്പെടുന്നവിധത്തിലുള്ള കൗണ്‍സിലറുടെ പ്രവൃത്തി പ്രദേശത്തെ മറ്റ് സ്വകാര്യ മെഡിക്കല്‍ സ്റ്റോറുകള്‍ക്ക് വേണ്ടിയാണെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: