കോട്ടയം: നഷ്ടത്തില്‍ നിന്നും കരകയറി വരാമെന്ന പ്രതീക്ഷയ്ക്കിടെ കൊവിഡ് വ്യാപനം ശക്തമായത് സ്വകാര്യ ബസ്സ് സര്‍വ്വീസുകളെ കാര്യമായി ബാധിച്ചു തുടങ്ങി. പല പ്രദേശങ്ങളും ലോക്ഡൗണും, നിേരാധനാജ്ഞകളും ആയതോടെ മിക്ക ബസ്സുകളിലും യാത്രക്കാരുടെ എണ്ണവും നാമമാത്രമായി. ഇതിന് പുറമേ യാത്രക്കാര്‍ നിന്ന് യാത്ര ചെയ്യുന്നതിനും ജില്ലയില്‍ നിരോധനമുണ്ട്.
ഇതോടെ ബസ്സ് ഉടമകളുടെയും ജീവനക്കാരുടെയും ജീവിതം കൂടുതല്‍ ദുരിതത്തിലാക്കിയിരിക്കുകയാണ്. ബസ്സ് സര്‍വ്വീസുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങള്‍ കൂടി ഏര്‍പ്പെടുത്തിയതോടെ വന്‍ നഷ്ടത്തിലേക്കാണ് സര്‍വ്വീസുകള്‍ കൂപ്പുകുത്തുന്നതെന്ന് സ്വകാര്യ ബസ് ഉടമകള്‍ പറയുന്നു. ദിവസേന ആറു മുതല്‍ എട്ട് തവണ സര്‍വ്വീസ് നടത്തിയിരുന്ന ബസ്സുകള്‍ രണ്ടും മൂന്നുമായി ചുരുക്കി. ഇതോടെ വരുമാനത്തിലും കുറവ് വന്നുതുടങ്ങി.
സ്വകാര്യ വാഹനങ്ങള്‍ ഇല്ലാത്തവരും വിദ്യാര്‍ത്ഥികളുമാണ് ഇപ്പോള്‍ പ്രധാനമായും സ്വകാര്യബസ്സുകളെ ആശ്രയിക്കുന്നത്. രാവിലെയും വൈകിട്ടുമാണ് സ്വകാര്യ ബസുകള്‍ കൂടുതലായും നിരത്തിലിറക്കുന്നത്. ബാക്കിയുള്ള സമയം പമ്പിലും മറ്റും കയറ്റി ഇടുകയാണ് ചെയ്യുന്നത്. ഒരു ബസ് ഒരു ദിനം നിരത്തിലിറങ്ങണമെങ്കില്‍ ചുരുങ്ങിയത് 4800 രൂപയോളം ഡീസലിനായി ചെലവഴിക്കണം. കൂടാതെ, സ്റ്റാന്റ് വാടക, ജീവനക്കാരുടെ ശമ്പളം, മറ്റ് ചെലവുകള്‍ തുടങ്ങി 8000 ത്തോളം രൂപ ഉടമസ്ഥര്‍ ചെലവഴിക്കേണ്ടി വരുന്നു. ഇതിന് മുകളില്‍ ലഭിച്ചാല്‍ മാത്രമേ, ഉടമസ്ഥര്‍ക്ക് ബസ് നിരത്തിലിറങ്ങുന്നത് കൊണ്ട് എന്തെങ്കിലും പ്രയോജനം ലഭിക്കുകയുള്ളൂ.
എന്നാല്‍, ഇന്ന് ഇതിന്റെ പകുതിപോലും ലഭിക്കുന്നില്ലെന്ന് ഉടമസ്ഥര്‍ പറയുന്നു. നിലവിലെ നിയമമനുസരിച്ച് സീറ്റിംഗ് കപ്പാസിറ്റി നോക്കിയാണ് ആളുകളെ കയറ്റുന്നത്. കൊവിഡ് രൂക്ഷമായതോടെ യാത്രക്കാരില്‍ പലരും സ്വകാര്യവാഹനങ്ങളെയാണ് ആശ്രയിക്കുന്നത്. അതിനാല്‍, യാത്രക്കാരും കുറവാണ്. ഇതും ബസുകളുടെ വരുമാനത്തെ നഷ്ടത്തിലാക്കുന്നു.
ജീവനക്കാരുടെ എണ്ണവും കുറച്ചു. ഡ്രൈവറും കണ്ടക്ടറും മാത്രമാണ് ഇപ്പോള്‍ പല സ്വകാര്യ ബസുകളിലും ഉള്ളത്. മുന്‍ വര്‍ഷം ബസുകള്‍ ഓടാതിരുന്നതിനാല്‍, മെയിന്റനന്‍സ്, ഇന്‍ഷൂറന്‍സ് തുടങ്ങിയവ മൂലം നിരവധി നഷ്ടങ്ങളാണ് ഉണ്ടായത്. കൂടുതല്‍ ബസുകള്‍ ഉള്ളവര്‍ പോലും ഒന്നോ രണ്ടാ ബസുകളാണ് നിരത്തിലിക്കുന്നത്. മറ്റുള്ളവ കട്ടപ്പുറത്തായ സ്ഥിതിയാണ്. നിരത്തിലിറങ്ങുന്നതും സര്‍വ്വീസ് നടത്താതിരിക്കുന്നതും ഒരുപോലെ ദുരിതത്തിലാക്കുന്ന സ്ഥിതിയാണ്.
സര്‍വ്വീസുകള്‍ മെച്ചപ്പെടുമെന്ന ഏക പ്രതീക്ഷയിലാണ് നഷ്ടം സഹിച്ചും ബസുകള്‍ നിരത്തിലിറക്കുന്നതെന്ന് ബസ് ഉടമകള്‍ പറയുന്നു. സ്വകാര്യബസ്സുകളില്‍ യാത്രക്കാര്‍ കുറഞ്ഞതോടെ ബസ് സ്റ്റാന്റുകള്‍ കേന്ദ്രീകരിച്ച് വിവിധ കച്ചവടം നടത്തി ഉപജീവനം നടത്തുന്നവരുടെ കാര്യവും കഷ്ടത്തി ലായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: