തൃശൂര്‍: ആശുപത്രിയില്‍ എത്തിച്ചിട്ടും മതിയായ ചികിത്സ നല്‍കാതെ കൊവിഡ് രോഗി മരിച്ചതായി ആക്ഷേപം. തൃശൂര്‍ ജനറല്‍ ആശുപത്രിക്കെതിരെയാണ് ഗുരുതര ആരോപണവുമായി കൊവിഡ് ബാധിച്ച് മരിച്ച വയോധികയുടെ ബന്ധുക്കള്‍ രംഗത്ത് വന്നത്. ആശുപത്രിയില്‍ എത്തിച്ച സമയത്ത് ശ്വാസമെടുക്കുന്നതിന് ചെറിയ ബുദ്ധിമുട്ട് മാത്രമാണ് ഉണ്ടായിരുന്നത്.
എന്നാല്‍ പിന്നീട് സ്ഥിതി രൂക്ഷമായിട്ടും രോഗിയെ നോക്കാനോ മതിയായ ചികിത്സ നല്‍കാനോ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാരോ നഴ്സുമാരോ ശ്രമിച്ചില്ലെന്നും ബന്ധുക്കള്‍ ആരോപിച്ചു. സ്ഥിതി മോശമാകാന്‍ തുടങ്ങുന്നതിന് മുന്‍പ് ഇക്കാര്യം ആശുപത്രി അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായില്ലെന്നും ബന്ധുക്കള്‍ പറഞ്ഞു. വളരെ മോശമായ രീതിയിലാണ് ഇവര്‍ പെരുമാറിയത്.
ചൊവ്വാഴ്ച രാത്രിയിലാണ് വാടാനപ്പള്ളി തൃത്തല്ലൂര്‍ പുതിയ വീട്ടില്‍ ഫാത്തിമ (78) യെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. വൈകിട്ട് കടുത്ത ശ്വാസതടസ്സത്തെ തുടര്‍ന്ന് ആദ്യം ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചപ്പോഴാണ് ഫാത്തിമയ്ക്ക് കൊവിഡ് സ്ഥിരീകരിച്ചത്.
അപ്പോള്‍ തന്നെ തൃശൂരിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഇവിടെ കൊവിഡ് ഐസിയു ലഭ്യമല്ലായിരുന്നു. അവിടെ നിന്നു ആംബുലന്‍സില്‍ ജനറല്‍ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. എന്നാല്‍ ആശുപത്രിയില്‍ എത്തി നാല് മണിക്കൂര്‍ കഴിഞ്ഞിട്ടും രോഗിയെ ആംബുലന്‍സില്‍ നിന്നും ഇറക്കാനോ മതിയായ ചികിത്സ നല്‍കാനോ ആശുപത്രി അധികൃതര്‍ ശ്രദ്ധിച്ചില്ലത്രെ.
രോഷാകുലരായ ബന്ധുക്കള്‍ ആശുപത്രി അധികൃതരോട് കാര്യം തിരക്കിയപ്പോഴാണ് കൊവിഡ് രോഗികളെ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് യൂണിറ്റ് വഴിയാണ് ആശുപത്രിയില്‍ എത്തിക്കേണ്ടതെന്ന വിവരം പറയുന്നത്. പ്രോട്ടോക്കാള്‍ അങ്ങനെയാണെന്ന് പറഞ്ഞ് ഇവര്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിവാകുകയായിരുന്നു.
തുടര്‍ന്നു പഞ്ചായത്ത് അംഗത്തെയും എംപി ടി.എന്‍. പ്രതാപന്റെ കൊവിഡ് ഹെല്പ് ലൈന്‍ നമ്പറിലും മറ്റും ബന്ധപ്പെട്ടുകൊണ്ടിരുന്നെങ്കിലും യാതൊരു ഫലവും ഉണ്ടായില്ല. ഇതിനിടെ രോഗിയുടെ സ്ഥിതി വഷളായി. വാക്കേറ്റത്തെ തുടര്‍ന്ന് രാത്രി 12.05ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഈ സമയത്ത് ശ്വാസമെടുക്കുന്നതിന് വളരെ ബുദ്ധിമുട്ട് കാണിച്ച ഇവരെ കൊവിഡ് ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍ പുലര്‍ച്ചെ ഇവര്‍ മരണത്തിന് കീഴടങ്ങി.
വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ്
ഫാത്തിമ മരിച്ച സംഭവത്തില്‍ ചികിത്സാ വീഴ്ചയുണ്ടായില്ലെന്ന് ആരോഗ്യവകുപ്പ്. 108നു പകരം സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ എത്തിച്ചത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെട്ടും രോഗാവസ്ഥ കണക്കിലെടുത്തും രാത്രി പന്ത്രണ്ടോടെ ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ചതായി ജില്ലാ ആശുപത്രി സൂപ്രണ്ട് ശ്രീദേവി പറഞ്ഞു. കൊവിഡ് സ്ഥിരീകരിച്ചാല്‍ ജില്ലാ പ്രോഗ്രാം മാനേജ്മെന്റ് വഴി രജിസ്റ്റര്‍ ചെയ്ത് 108 ആംബുലന്‍സ് വഴിയാണ് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിക്കേണ്ടത്. അതില്ലാതെ നേരിട്ട് സ്വകാര്യ ആംബുലന്‍സിലാണ് രോഗിയെ എത്തിച്ചത്. ഗുരുതര കൊവിഡ് അവസ്ഥയില്‍ വെന്റിലേറ്ററില്‍ കയറ്റി ഉടന്‍ ഓക്സിജന്‍ നല്‍കിയെന്നും ഇവര്‍ പറഞ്ഞു.
ജനറല്‍ ആശുപത്രിയില്‍ ഡോക്ടറില്ല, ഓക്സിജനും ക്ഷാമം
ജനറല്‍ ആശുപത്രിയില്‍ കൊവിഡ് രോഗികളെ പാര്‍പ്പിക്കുന്ന വാര്‍ഡില്‍ രാത്രി ഡോക്ടറില്ലെന്ന് പരാതി ഉയരുന്നു. രാത്രിയില്‍ ഡോക്ടറെ നിയോഗിക്കാറുണ്ടെങ്കിലും എത്താറില്ലെന്ന് രോഗികളും കൂട്ടിരുപ്പുകാരും പറയുന്നു. എന്തെങ്കിലും ആവശ്യമുണ്ടെങ്കില്‍ വിളിച്ചാല്‍ മതിയെന്ന് പറഞ്ഞ് ആശുപത്രിയില്‍ നിന്നും നേരത്തെ ഇറങ്ങുകയാണ് ഡ്യൂട്ടി ഡോക്ടര്‍മാരുടെ പതിവ്. എല്ലാ ഉത്തരവാദിത്ത്വങ്ങളും നേഴ്സുമാര്‍ക്ക് നല്‍കിയാണ് ഇവര്‍ ഇറങ്ങുന്നത്. ഇതിന് സൂപ്രണ്ട് ഒത്താശ ചെയ്യുന്നുണ്ടെന്ന ആരോപണവും ശക്തമാണ്.
കോര്‍പ്പറേഷന്റെ ചുമതലയിലാണ് ആശുപത്രി പ്രവര്‍ത്തിക്കുന്നതെങ്കിലും മേയറും ആരോഗ്യവകുപ്പ് സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമൊക്കെ എല്ലാം കണ്ടില്ലെന്ന് നടിക്കുകയാണെന്ന ആരോപണവും ശക്തമാണ്.
കൊവിഡ് വാര്‍ഡില്‍ രോഗികളെ കൊണ്ട് നിറഞ്ഞിരിക്കുകയാണ്. അമ്പതിലധികം രോഗികളാണ് കൊവിഡ് വാര്‍ഡിലുള്ളത്. ഓക്സിജന്റെ ലഭ്യതക്കുറവ് മൂലം ഐസിയുവില്‍ കിടത്തേണ്ട രോഗികളെ വരെ വാര്‍ഡിലാണ് കിടത്തിയിരിക്കുന്നത്. ആവശ്യത്തിന് സൗകര്യങ്ങളും വാര്‍ഡില്‍ ലഭ്യമല്ല. എന്തെങ്കിലും പരാതി പറഞ്ഞാല്‍ പ്രതികാര നടപടിയെടുക്കുന്നതിനാല്‍ ആരും ഒന്നും തന്നെ മിണ്ടുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: