കോട്ടയം: കോവിഡ് വ്യാപനം രൂക്ഷമായതിനെ തുടര്‍ന്ന് കോട്ടയം ഗവ.മെഡിക്കല്‍ കോളജ് കാന്‍സര്‍ വിഭാഗ ത്തിലും കര്‍ശനനിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. ഓങ്കോളജി വിഭാഗത്തില്‍ മുന്നൂറോളം രോഗികളാണ് ദിവസേന ഒപിയില്‍ എത്തുന്നത്. അതിനാല്‍ പുതിയതായി വരുന്ന രോഗികളുടെ എണ്ണം 10 മുതല്‍ 15 വരെയായി ക്രമീകരിച്ചു.
ചികിത്സയുടെ ഭാഗമായ കീമോതെറാപ്പി, റേഡിയേഷന്, ശസ്ത്രക്രിയകള്‍ എന്നിവ തുടരും. എന്നാല്‍ ഒരു ദിവസം 50 മുതല്‍ 60 വരെ രോഗികളോട് മാത്രമേ കീമോ, റേഡിയേഷന് ചികിത്സയ്ക്ക് എത്താവൂ എന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്. തുടര്‍ചികിത്സയ്ക്ക് എത്തുന്നവര്‍ പരമാവധി 30 പേര്. കിടത്തി ചികിത്സയുടെ എണ്ണവും കുറയ്ക്കും.
കിടത്തി ചികിത്സയ്ക്ക് വരുന്ന രോഗിയുടെ കൂടെ ഒരാളെ മാത്രം അനുവദിക്കും. ഇവര്‍ കോവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് കൈവശം കരുതണം. അടിയന്തരഘട്ടത്തിലുള്ള രോഗികളെ മെഡിക്കല്‍ കോളജില്‍ എത്തിക്കുന്നതിന് മുമ്പ് തൊട്ടടുത്തുള്ള ആശുപത്രിയില്‍ രക്തപരിശോധന നടത്തിയ ശേഷമേ, എത്തിക്കാവൂ എന്നും മെയ് 31 വരെ ഈ നിയന്ത്രണം ബാധകമാണെന്നും അധികൃതര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: