ആരോഗ്യമേഖല പൂര്‍ണമായും സംസ്ഥാന വിഷയമാണ്. എന്നുകരുതി സംസ്ഥാനത്തിന്റെ ആവശ്യങ്ങളും താല്പര്യങ്ങളും ഉയര്ന്നുവുമ്പോള് കൈയും കെട്ടിനില്ക്കാന് കേന്ദ്രസര്‍ക്കാരിനാവില്ല. കൊവിഡ്-19ന്റെ ഒന്നാംവരവും രണ്ടാംവരവും സംസ്ഥാനത്തിന്റെ ശ്രദ്ധയ്ക്ക് വിട്ടു മിണ്ടാതിരിക്കാന്‍ കേന്ദ്രത്തിനാവില്ല. അതുകൊണ്ടു തന്നെയാണ് അടിക്കടി നിര്‍ദ്ദേശങ്ങള്‍ നല്‍കുകയും അവലോകനം നടത്തുകയും ആവശ്യത്തിന് മരുന്നും മുന്‍ കരുതലുമൊക്കെ നടത്തുന്നത്. കേന്ദ്ര സര്‍ക്കാര്‍ അതൊക്കെ ഫലപ്രദമായി തന്നെ ചെയ്യുന്നുണ്ട്. അതിന് ഏറെ പ്രശംസയും ലഭിക്കുന്നുണ്ട്. ലോകം അത് ശ്രദ്ധിക്കുന്നുണ്ട്. എന്നാല്‍ മലയാള മാധ്യമങ്ങളായ കൊഞ്ചാണന്മാര് അതൊന്നും കാണുന്നില്ല, കേള്‍ക്കുന്നില്ല. കേള്‍ക്കുന്നതാകട്ടെ നേരെ നരേന്ദ്രമോദിയെ തിരിഞ്ഞുകുത്താനാണ് പ്രയോജനപ്പെടുത്തുന്നത്.
നരേന്ദ്രമോദിക്കും കേന്ദ്രസര്‍ക്കാരിനും എതിരെ മറ്റൊന്നും ആയുധമാക്കാന്‍ കഴിയാത്ത പ്രതിപക്ഷത്തിന്റെ നിരാശ ഊഹിക്കാവുന്നതേയുള്ളൂ. അവരുടെ താവളമാണല്ലോ കേരളം. അവരുടെ വായ്ത്താരിയാവുകയാണ് മലയാളമാധ്യമങ്ങള്‍. മാധ്യമധര്‍മ്മം എന്ന പ്രാഥമിക കര്‍മ്മംപോലും മറന്ന് കുപ്രചരണങ്ങളുടെ കെട്ടഴിച്ചുവിടുമ്പോള്‍ ജനങ്ങളെ പരിഭ്രാന്തിയിലാക്കുകയാണവര് ചെയ്യുന്നത്. വാക്സിന് കേന്ദ്രങ്ങളിലെ തിക്കും തിരക്കും ആശങ്കയുമെല്ലാം അതിന്റെ പരിണിതഫലങ്ങളാണ്.
കോവിഡ്-19 നെതിരായ വാക്സിന് മറ്റ് രാജ്യങ്ങള്‍ക്ക് നല്‍കിയതിനെതിരെ വിമര്‍ശനവുമായി ആദ്യം ഇറങ്ങിയത് കേരളത്തിലെ എം.പിമാരാണ്. ഇപ്പോള്‍ ഇന്ത്യയില്‍ ഓക്സിജന്‍ ക്ഷാമം അനുഭവപ്പെട്ടപ്പോള്‍ നമ്മളെ സഹായിക്കാന്‍ ലോകരാജ്യങ്ങള്‍ ക്യൂ നില്‍ക്കുകയാണ്. അത് ഇന്ത്യയുടെ ഉദാരസമീപനം കണ്ടുകൊണ്ടാണെന്ന് ചിന്തിക്കാന്‍ അവര്‍ക്കാവുന്നില്ല. അതിനിടയിലാണ് മലയാളി വികാരവും മുസ്ലീം പ്രീണനവും ഊതിവീര്‍പ്പിക്കാനുള്ള ശ്രമം. മലയാള മാധ്യമ പ്രവര്ത്തകന് (?) സിദ്ദിഖ് കാപ്പനെ യുപി സര്‍ക്കാര്‍ ജയിലില്‍ ചങ്ങലക്കിട്ടിരിക്കുന്നു എന്നാണ് പ്രചാരണം. കാപ്പനെ ഡല്‍ഹി എയിംസിലേക്ക് മാറ്റണമെന്ന് ചിലര്‍ മുറവിളി കൂടുകയാണ്. ഒരു കൊടുംക്രിമിനല്‍ രോഗബാധിതനാണെങ്കില്‍ ചികിത്സിക്കാന്‍ ജയിലധികൃതര്‍ തയ്യാറാകും. അത് പതിവ്. അതിന് കേരളത്തിലെ എംപിമാര്‍ എന്തിനാണാവോ ഒച്ചവയ്ക്കുന്നത്. മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമെല്ലാം പണ്ട് മദനിയോടെന്നപോലെ കാപ്പനുവേണ്ടിയും രംഗത്തിറങ്ങി. എന്താണ് കാപ്പനുള്ളത്? ഉണ്ടായത്? യുപി പോലീസ് പറയുന്നത് നോക്കാം.
പോപ്പുലര്‍ ഫ്രണ്ട് പ്രവര്ത്തകന് സിദ്ദിഖ് കാപ്പനെ ചങ്ങലയ്ക്കിട്ട് ആശുപത്രിയില്‍ ബന്ധിച്ചിരിക്കുന്നുവെന്ന പ്രചരണം വ്യാജം. കാപ്പനെ ജാമ്യത്തില്‍ പുറത്തിറക്കാനുള്ള ചില കേന്ദ്രങ്ങളുടെ തന്ത്രമാണ് ഈ പ്രചരണത്തിനു പിന്നിലെന്നും യുപി പോലീസ് വ്യക്തമാക്കുന്നു.
കൊവിഡ് ബാധിതനായ കാപ്പന് മഥുരയില്‍ ചികിത്സയിലാണ്. മഥുര മെഡിക്കല്‍ കോളേജിലെ പ്രത്യേക കൊവിഡ് വാര്‍ഡില്‍ കഴിയുന്ന കാപ്പനെ ക്രൂരമായി പീഡിപ്പിച്ചെന്ന പ്രചരണം ശുദ്ധഅസംബന്ധവും കളവുമാണെന്നും മഥുര പോലീസ് സൂപ്രണ്ട് പറയുന്നു. കൊവിഡ് രോഗമല്ലാതെ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങള്‍ ഇയാള്‍ക്കില്ലെന്നാണ് കണ്ടെത്തല്‍.
മെയ് ഒന്നിന് മഥുര ജില്ലാ സെഷന്‍സ് കോടതിയില്‍ കാപ്പനെതിരെയുള്ള കേസിന്റെ തുടര്‍നടപടികള്‍ വരുന്നുണ്ട്. കേസില്‍ ഇയാള്‍ക്കെതിരെ ഗൗരവതരമായ വിവരങ്ങള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ടാണ് പ്രത്യേക അന്വേഷണസംഘം കോടതിയില്‍ നല്‍കിയത്. കോടതി ഇക്കാര്യങ്ങള്‍ ശരിവച്ചാല്‍ ജയില്‍ മോചിതനാകാന്‍ കഴിയില്ല. ഈ സാഹചര്യത്തില്‍ സുപ്രീംകോടതിയില്‍ മനുഷ്യാവകാശപ്രശ്നം. ഉയര്‍ത്തി ജാമ്യം തേടാനുള്ള നീക്കങ്ങളുടെ ഭാഗമാണ് വ്യാജപ്രചരണമെന്നുമാണ് യുപി പോലീസിന്റെ വിലയിരുത്തല്‍.
അന്തര്‍ദേശീയതലത്തില്‍ ഫണ്ട് പിരിവുമായും കാപ്പന് ബന്ധമുണ്ടെന്ന രേഖകള്‍ കോടതിക്ക് മുന്നിലുണ്ട്. പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് കലാപം അഴിച്ചുവിടാന്‍ നടന്ന ഗൂഢാലോചനയിലും മറ്റും കാപ്പന്റെ പങ്കു വെളിവാക്കുന്ന കണ്ടെത്തലുകളും കുറ്റപത്രത്തിലുണ്ട്. വര്‍ഷങ്ങളായി ഒളിവില്‍ കഴിഞ്ഞിരുന്ന, നിരോധിക്കപ്പെട്ട സിമിയുടെ നേതാക്കളുമായി കാപ്പനുള്ള അടുത്ത ബന്ധവും കുറ്റപത്രത്തില്‍ പരാമര്‍ശിക്കുന്നു. എന്‍ഐഎ അന്വേഷിക്കുന്ന കേസുമായി ബന്ധപ്പെട്ട ചിലര്‍, കാപ്പനുമായി വിദേശത്തു വെച്ച് കൂടിക്കാഴ്ച നടത്തിയെന്ന വിവരത്തെ തുടര്‍ന്ന് വിശദമായ അന്വേഷണം നടക്കുന്നുണ്ട്. ഒമാനില്‍ നിന്ന് കാപ്പന് സാമ്പത്തിക സഹായം ലഭിച്ചെന്ന് ഗുരുതരമായ കണ്ടെത്തലും കുറ്റപത്രത്തിലുണ്ട്. അങ്ങിനെയൊരാള്ക്കായി വല്ലാതെ വിയര്‍ക്കാന്‍ രംഗത്തിറങ്ങിയവര്‍ക്ക് ദുഷ്ടലാക്കാണുള്ളതെന്നത് വ്യക്തമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: