അമ്പലപ്പുഴ: കഞ്ഞിപ്പാടം കോലടി കാര്‍ഡ് പാടശേഖരത്തില്‍ കൊയ്ത്തു കഴിഞ്ഞ പത്ത് ദിവസമായിട്ടും നെല്ല് സംഭരിക്കാത്തതിനെതിരെ കര്‍ഷകര്‍ റോഡില്‍ നില വിളക്ക് കത്തിച്ചു നിറപറ സമര്‍പ്പിച്ച് പ്രതിഷേധിച്ചു. സര്‍ക്കാര്‍ നെല്ല് സംഭരിക്കാത്ത പക്ഷം അടുത്തപടിയായി റോഡില്‍ നെല്ല് കൂട്ടിയിട്ട് കത്തിക്കുമെന്നും തുടര്‍ന്നുള്ള രണ്ടാം കൃഷി ഉപേക്ഷിക്കുമെന്നും കര്‍ഷകര്‍ പറഞ്ഞു.
125 ഏക്കര്‍ ഉള്ള പാടശേഖരത്തില്‍ 110 ചെറുകിട കര്‍ഷകരാണ് നെല്‍കൃഷി ചെയ്യുന്നത്. പാടശേഖരം രണ്ടാം കൃഷി ഉപേക്ഷിക്കുകയാണെങ്കില്‍ അമ്പലപ്പുഴ വടക്ക് പഞ്ചായത്തിലെ ഒമ്പതാം വാര്‍ഡിലെ വീടുകള്‍ പൂര്‍ണമായും വെള്ളത്തിനടിയിലാവുന്ന സ്ഥിതിവിശേഷം ഉണ്ടാവും. തൊട്ടടുത്തുള്ള നാലുപാടം പാടശേഖരത്തിലും ഗതാഗതസൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ നെല്ല് സംഭരണം മുടങ്ങിക്കിടക്കുകയാണ്.
അടിയന്തരമായി നെല്ലുസംഭരണം ആരംഭിച്ചു നെല്ല് കിളിര്‍ത്തു നശിക്കുന്ന സ്ഥിതിവിശേഷം ഒഴിവാക്കിയില്ലെങ്കില്‍ പാഡി ആഫീസ് ഉപരോധിക്കുക ഉള്‍പ്പെടെയുള്ള സമരമാര്‍ഗങ്ങള്‍ കര്‍ഷകരെ സംഘടിപ്പിച്ച് ചെയ്യുമെന്ന് ബിജെപി അമ്പലപ്പുഴ നിയോജകമണ്ഡലം ജനറല്‍ സെക്രട്ടറി കെ അനില്‍കുമാര്‍ പാടശേഖരം സന്ദര്‍ശിച്ച ശേഷം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: