ന്യൂദല്‍ഹി: മുതിര്‍ന്ന അഭിഭാഷകര്‍ സുപ്രീംകോടതിയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണെന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്ഡെയുടെ വിമര്‍ശനം. തന്റെ അവസാന പ്രവൃത്തിദിനത്തിലായിരുന്നു ചീഫ് ജസ്റ്റിസിന്റെ തുറന്നടിച്ചുള്ള ഈ അസാധാരണഏറ്റുപറച്ചില്. കോടതി കേസുകളില്‍ വിധി പറയുംമുമ്പ് തന്നെ കോടതിക്ക് താല്പര്യങ്ങളുണ്ടെന്ന് വരുത്തിതീര്ക്കുകയാണെന്ന് ബോബ്ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ച് അഭിപ്രായപ്പെട്ടു.
കോവിഡുമായി ബന്ധപ്പെട്ട് സ്വമേധയ ഇടപെട്ട സുപ്രീംകോടതി ബെഞ്ച് ഈ കേസ് പരിഗണിക്കുന്നതിനിടെയാണ് ഇത്തരമൊരു പരാമര്‍ശം നടത്തിയത്. കോവിഡ് സംബന്ധിച്ച കേസുകളില്‍ അമിക്കസ് ക്യൂറിയായി സീനിയര്‍ അഭിഭാഷകന് ഹരീഷ് സാല്‍വെയെ നിയമിച്ചതിനെതിരെ പല മുതിര്‍ന്ന അഭിഭാഷകരും എതിര്‍പ്പുമായി രംഗത്തെത്തിയതില്‍ വേദനയുണ്ടെന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. അദ്ദേഹത്തിന്റെ നിയമനത്തിന് പിന്നില്‍ ദുഷ്ടലാക്കുണ്ടെന്നായിരുന്നു ചില മുതിര്‍ന്ന അഭിഭാഷകരുടെ വിമര്‍ശനം. എന്നാല്‍ അഭിഭാഷകവൃത്തിയില്‍ കഴിവ് തെളിയിച്ച സീനിയര്‍ അഭിഭാഷകനാണ് ഹരീഷ് സാല്‍വെ. അദ്ദേഹത്തെ അമിക്കസ് ക്യൂറിയായി നിയമിച്ചത് കൂട്ടായ തീരുമാനമായിരുന്നു എന്നും സുപ്രീംകോടതി ബെഞ്ച് പറഞ്ഞു. കോവിഡുമായി ബന്ധപ്പെട്ട് ഹൈക്കോടതിയില്‍ ഉള്ള കേസുകള്‍ സുപ്രീംകോടതിയിലേക്ക് മാറ്റുന്നതിനെതിരെയും ചില അഭിഭാഷകര്‍ വിമര്‍ശിച്ചിരുന്നു. ഈ പശ്ചാത്തലത്തിലായിരുന്നു സുപ്രീംകോടതി ബെഞ്ചിന്റെ നിരീക്ഷണം.
വിമര്‍ശനങ്ങളെ തുടര്‍ന്ന് ഹരീഷ് സാല്‍വേ അമിക്കസ് ക്യൂറി സ്ഥാനത്ത് നിന്നും പിന്മാറുന്നതായി വെള്ളിയാഴ്ച പ്രഖ്യാപിച്ചു. ‘വളരെ പ്രധാനപ്പെട്ട കേസാണിത്. താന്‍ ചീഫ് ജസ്റ്റിസിന്റെ പഴയ സഹപാഠിയായി എന്നതിന്റെ നിഴലില്‍ ഈ കേസ് തീരുമാനിക്കപ്പെടാന്‍ പാടില്ല. ആരോപണങ്ങള്‍ ഉയര്‍ന്നുകൊണ്ടിരിക്കുന്നതിനാല്‍ അഭിപ്രായഭിന്നതകള്‍ ഉണ്ടാകാം,’ താന്‍ രാജിവെച്ച സാഹചര്യം വിശദീകരിച്ച് ഹരീഷ് സാല്‍വേ പറഞ്ഞു.
എന്നാല്‍ ഹരീഷ് സാല്‍വേയോട് രാജിവെക്കരുതെന്നും സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങരുതെന്നും സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത പറഞ്ഞു. ‘സുപ്രീംകോടതിയെ അപകീര്‍ത്തിപ്പെടുത്താനുള്ള നീക്കം നിര്‍ഭാഗ്യകരമായ ഒരു വഴിത്തിരിവില്‍ എത്തിയിരിക്കുന്നു. ചില വീഡിയോ ഡിജിറ്റല്‍ മാധ്യമങ്ങള്‍ അക്ഷരാര്‍ത്ഥത്തില്‍ സുപ്രീംകോടതിയെ അപമാനിക്കുകയാണ്. നീതിന്യായവ്യവസ്ഥയില്‍ ഉള്ള ആരെങ്കിലും ഇതില്‍ ഇടപെട്ടേ മതിയാവൂ. അത് നീതിയുടെ പ്രശ്നമാണ്,’ തുഷാര്‍ മേത്ത പറഞ്ഞു.
രാജ്യമെങ്ങും ആറ് ഹൈക്കോടതികള്‍ കോവിഡ് സംബന്ധിച്ച ഹര്‍ജികളില്‍ വാദം കേള്‍ക്കവെയാണ് സുപ്രീംകോടതിയും വിഷയത്തില്‍ ഇടപെട്ടത്. ഓക്സിജന്‍ വിതരണം, ആശുപത്രികളിലെ കിടക്കകള്‍, റെംഡെസിവിര്‍ മരുന്നുകള്‍ തുടങ്ങിയവയെക്കുറിച്ചുള്ള ഹര്‍ജികളാണ് വിവിധ ഹൈക്കോടതികള്‍ പരിഗണിക്കുന്നത്. ദല്‍ഹി, ബോംബെ, സിക്കിം, മധ്യപ്രദേശ്, കൊല്‍ക്കൊത്ത, അലഹബാദ് ഹൈക്കോടതികളാണ് ഇത്തരം ഹര്‍ജികള്‍ പരിഗണിക്കുന്നത്. സുപ്രീംകോടതി ശനിയാഴ്ചയും വാദം കേള്‍ക്കള്‍ തുടരും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: