പത്തനാപുരം: കാക്കാരശ്ശി നാടകത്തില്‍ കാക്കാനായി അച്ഛന് അരങ്ങ് വാഴുമ്പോള്‍ മക്കള്‍ ഗോദയിലാണ്. ജൂഡോയും ഗുസ്തിയും പയറ്റി മെഡല്‍ വാരുകയാണ് പട്ടാഴി ഏറത്ത് വടക്കിലെ പ്ലാവിളവീട്ടിലെ സുരേഷ്ബാബുവിന്റെ മക്കള്‍ ആര്യയും അനീഷും.
മൂന്ന് പേരാണ് സുരേഷ്ബാബുവിനും സുജാതയ്ക്കും മക്കള്‍. മൂന്ന് പേരും കായികതാരങ്ങള്‍. ഇക്കഴിഞ്ഞ കേരള യൂണിവേഴ്സിറ്റി ഗുസ്തി, ജൂഡോ മത്സരങ്ങളില്‍ ഇളയവര്‍ നേടിയത് തിളക്കമാര്‍ന്ന വിജയം. ബിരുദ വിദ്യാര്‍ഥിയായ ഇളയമകള്‍ ആര്യ ബാബു കേരള വനിതാവിഭാഗം ഗുസ്തി മത്സരത്തില്‍ മൂന്നാം സ്ഥാനവും ജൂഡോയില്‍ രണ്ടാം സ്ഥാനവും നേടി.
സഹോദരന് അനീഷ് ബാബു പുരുഷവിഭാഗം ഗുസ്തി മത്സരത്തില്‍ രണ്ടാം സ്ഥാനവും ജൂഡോയില്‍ മൂന്നാം സ്ഥാനവും സ്വന്തമാക്കി. ചെങ്ങന്നൂര്‍ ക്രിസ്ത്യന്‍ കോളേജിലെ രണ്ടാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികളാണ് ഈ മിന്നും താരങ്ങള്‍. റസലിങ്, ട്രാപ്പിളിങ് കോച്ചും റഫറിയുമായ മൂത്ത സഹോദരന് അജേഷ് ബാബുവിന്റെ ചിട്ടയായ പരിശീലന മികവിലാണ് അനുജനും അനുജത്തിയും നാടിന് അഭിമാനമായി മാറിയത്. തനിക്ക് ലഭിക്കാതെ പോയ നേട്ടങ്ങള്‍ സഹോദരങ്ങളിലൂടെ നേടിയെടുക്കാന്‍ കഴിഞ്ഞതിന്റെ അഭിമാനത്തിലാണ് അജേഷ് ബാബു.
ഇരുവര്‍ക്കും ദേശീയ തലത്തില്‍ മികവ് തെളിയിക്കുന്നതിന് കുറേക്കൂടി മികച്ച പരിശീലനം ആവശ്യമാണ്. എന്നാല്‍ ഈ ചെറിയ കുടുംബത്തിന് ഇത് അസാധ്യമായ കാര്യമാണ്. കേരളത്തിലെ അറിയപ്പെടുന്ന കാക്കാരിശി നാടക ട്രൂപ്പായ താമരക്കുടി പ്രണവം തീയറ്റേഴ്സിന്റെ നാടകങ്ങളില്‍ കാക്കാനായി വേഷമിടുന്നത് പിതാവ് സുരേഷ്ബാബുവാണ്. കോവിഡിനെ തുടര്‍ന്ന് ഉത്സവങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ വന്നതോടെ കാക്കാരിശി നാടകങ്ങളും കുറഞ്ഞു. പ്രതിസന്ധികളില്‍ കുടുംബം ഉലയുന്നതിനിടെയാണ് മക്കളുടെ അഭിമാന നേട്ടത്തിലൂടെ സന്തോഷം തിരികെ എത്തിയത്. കുട്ടികള്‍ക്ക് മികച്ച പരിശീലനം നല്‍കണമെന്നാണ് ഇവരുടെ ആവശ്യം.
അനന്ദു തലവൂര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: