കാഞ്ഞങ്ങാട്: മതിലു കെട്ടാന്‍ പൊതുമരാമത്ത് വകുപ്പ് 2.37 കോടി രൂപ എസ്റ്റിമേറ്റ് തയ്യാറാക്കിയ ചീമേനി തുറന്ന ജയിലിന് അന്തേവാസികളായ തടവ് പുള്ളികള്‍ പണിതപ്പോള്‍ ഒരു ലക്ഷം രൂപയ്‌ക്ക് ഒരു കിലോമീറ്റര്‍ പൂര്‍ത്തിയായി.
ജയില്‍ സ്ഥാപിച്ച് വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കാന്‍ കഴിയാതെപോയ പദ്ധതിയാണു ജയില്‍ സൂപ്രണ്ടിന്റെ നേതൃത്വത്തില്‍ കഴിഞ്ഞ വര്‍ഷം ആരംഭിച്ചത്. നേരത്തെ കമ്പി വേലിയാണ് ഇവിടെ ഉണ്ടായിരുന്നത്. അത് തകര്‍ന്നതോടെ പൊതുജനങ്ങള്‍ നിയന്ത്രണമില്ലാതെ വളപ്പില്‍ പ്രവേശിച്ചിരുന്നു.
308 എക്കര്‍ വിസ്തൃതിയുള്ള ജയില്‍ വളപ്പില്‍ തടവുകാര്‍ വിവിധ കൃഷി ചെയ്തു വരുന്നുണ്ട്. കാട്ടുപന്നിയടക്കമുള്ള വന്യമൃഗങ്ങളുടെ ശല്യം കാരണം കാര്‍ഷികോല്‍പന്നങ്ങള്‍ മുഴുവന്‍ നശിക്കുകയാണ്. പതിനായിരക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഇത്തരത്തില്‍ ജയിലിനുണ്ടായത്. ഇതിനു പരിഹാരം കാണാന്‍ ജയില്‍ വളപ്പിനു ചുറ്റും കമ്പിവേലി കെട്ടണമെന്ന നിര്‍ദേശമാണ് ആദ്യം ഉയര്‍ന്നത്. പിന്നീട് ചുറ്റുമതില്‍ കെട്ടാന്‍ തീരുമാനിക്കുകയായിരുന്നു. ഇതിനായി പൊതുമരാമത്ത് അധികൃതരെ ബന്ധപ്പെട്ടപ്പോള്‍ ജയില്‍ വളപ്പിനു ചുറ്റും എട്ടുകിലോമീറ്റര്‍ നീളത്തില്‍ മതില്‍ കെട്ടണമെന്നും ഇതിനായി 2.37 കോടി രൂപ ചെലവാകുമെന്ന് എസ്റ്റിമേറ്റ് നല്‍കുകയായിരുന്നു. ഇത്രയും തുക സര്‍ക്കാരില്‍ നിന്ന് അനുവദിച്ചുകിട്ടുക പ്രയാസമുള്ള കാര്യമായിരുന്നു.
ജയിലിലെ ചെങ്കല്‍ ക്വാറിയില്‍ രണ്ടാം തരത്തിലും മൂന്നാം തരത്തിലും പെട്ട കല്ലുകള്‍ പതിനായിരക്കണക്കിനുണ്ടായിരുന്നു. ഇത് വെറുതെ നഷ്ടപ്പെടുത്താന്‍ പാടില്ലെന്ന നിര്‍ദേശവുമായി സൂപ്രണ്ട് സര്‍ക്കാരില്‍ നിന്ന് അനുമതി നേടി. സര്‍ക്കാര്‍ അനുമതി നല്‍കിയതോടെ ക്വാറിയിലെ കല്ലുകള്‍ ഉപയോഗിച്ചു തടവുകാരുടെ സഹായത്തോടെ മതില്‍ നിര്‍മിക്കാനാരംഭിച്ചു. ഇതിനായി ആദ്യ പടി എന്നോണം ഒരു ലക്ഷം രൂപയാണ് സര്‍ക്കാര്‍ നല്‍കിയത്. ഈ തുക ഉപയോഗിച്ചു ഒരുകിലോമീറ്റര്‍ മതില്‍ പൂര്‍ത്തീകരിച്ചു. ഇനി ഏഴുകിലോമീറ്റര്‍ പത്തുലക്ഷത്തിനുള്ളില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് ജയില്‍ സൂപ്രണ്ട് അശോകന്‍ അരിപ്പ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: