മുംബൈ നിന്നുള്ള ഒരു പപ്പട നിര്‍മാണ സംരംഭം ബിസിനസില്‍ വിജയകരമായ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. 1959 സൗത്ത് മുംബൈ ആസ്ഥാനമായി 7 സഹോദരിമാര്‍ ചേര്‍ന്ന് കുടില്‍ വ്യവസായം എന്ന നിലക്ക് തുടക്കം കുറിച്ച ലിജാത്ത് പപ്പടനിര്‍മാണ യൂണിറ്റാണ് വിജയകരമായ 5 പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്
സംസ്ഥാനത്തെ പരമ്പരാഗത പപ്പട നിര്‍മാണ രംഗം ഉഴുന്നിന്റെ വിലവര്‍ദ്ധനവ്, കാലാവസ്ഥാ വ്യതിയാനം, പരമ്പരാഗത തൊഴിലാളികളുടെ ക്ഷാമം തുടങ്ങിയ നിരവധി പ്രശ്നങ്ങള്‍ നേരിട്ടുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ മുംബൈ നിന്നുള്ള ഒരു പപ്പട നിര്‍മാണ സംരംഭം ബിസിനസില്‍ വിജയകരമായ 50 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. 1959 സൗത്ത് മുംബൈ ആസ്ഥാനമായി 7 സഹോദരിമാര്‍ ചേര്‍ന്ന് കുടില്‍ വ്യവസായം എന്ന നിലക്ക് തുടക്കം കുറിച്ച ലിജാത്ത് പപ്പടനിര്‍മാണ യൂണിറ്റാണ് വിജയകരമായ 5 പതിറ്റാണ്ടുകള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ശ്രി മഹിളാ ഗൃഹ ഉദ്യോഗ് എന്ന കൂട്ടായ്മക്ക് കീഴില്‍ കടം വാങ്ങിയ 80 രൂപയില്‍ നിന്നുമായിരുന്നു ലിജാത്ത് പപ്പട നിര്‍മാണ യൂണിറ്റിന്റെ തുടക്കം.
എന്നാല്‍ ഇന്ന് സ്ഥിരോത്സാഹത്തിന്റെയും വ്യക്തമായ സംരംഭകത്വ മനോഭാവത്തിന്റെയും വെളിച്ചത്തില്‍ 81 ബ്രാഞ്ചുകളും 43000 തൊഴിലാളികളും 800 കോടി രൂപയുടെ വിറ്റുവരവുമായി ലിജാത്ത് പപ്പടം ജനശ്രദ്ധ നേടുകയാണ്. ഇന്ത്യയിലെ ഏറ്റവും പുരാതനമായ വനിതാ സംരംഭകത്വ പദ്ധതിയായ ശ്രീ മഹിളാ ഗൃഹ ഉദ്യോഗിന്റെ ഭാഗമായി ആരംഭിച്ചതാണ് ലിജാത്ത് പപ്പട നിര്‍മാണ യൂണിറ്റ് എന്നതിനാല്‍ തന്നെ ലിജാത്ത് പപ്പടത്തിന്റെ സംരംഭകത്വ വിജയത്തിന് ഇരട്ടി മധുരമാണ്.
രുചിയുടെ കാര്യത്തില്‍ വിട്ടുവീഴ്ച കൂടാതെ, ശുദ്ധമായ ഉഴുന്ന് മാവില്‍ ഉപ്പും മറ്റ് രുചിക്കൂട്ടുകളും ചേര്‍ത്ത് നിര്‍മിച്ച ഒരു പപ്പടത്തിന് ഒരു നാടിന്റെ സാമ്പത്തിക നില തന്നെ മാറ്റാനുള്ള കഴിവുണ്ടെന്ന് പറഞ്ഞാല്‍ വിശ്വസിക്കാനാകുമോ? 80 രൂപയുടെ നിക്ഷേപത്തില്‍ തുടങ്ങിയ ഒരു പപ്പട നിര്‍മാണ യൂണിറ്റിന് യൂറോപ്പും അമേരിക്കയും ഉള്‍പ്പെടുന്ന വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതിയുള്ള ഒരു സംരംഭമാകാന്‍ കഴിയും എന്ന് പറഞ്ഞാലോ? അതുമല്ലെങ്കില്‍ 7 പേര് ചേര്‍ന്ന് തുടങ്ങിയ ഒരു കുടില്‍ വ്യവസായത്തിന് 43000 വനിതകള്‍ക്ക് ജോലി നല്കുന്ന സംരംഭമാകാന്‍ കഴിഞ്ഞു എന്ന് പറഞ്ഞാലോ? ഇതൊന്നും വിശ്വസിക്കാന്‍ കഴിയുന്നില്ലെങ്കില്‍ തീര്‍ച്ചയായും ലിജാത്ത് പപ്പട നിര്‍മാണ യൂണിറ്റിന്റെ സംരംഭക വിജയം നിങ്ങളെ അത്ഭുതപ്പെടുത്തുക തന്നെ ചെയ്യും. ഒന്നുമില്ലായ്മയില്‍ നിന്നും കോടികളുടെ സമ്പാദ്യമുണ്ടാക്കിയെടുത്ത നിരവധി സംരംഭകരുടെ കഥകള്‍ നാം കേട്ടിട്ടുണ്ട്. ആ തലത്തിലേക്ക് ചേര്‍ത്തുവയ്ക്കാന്‍ കഴിയുന്ന ഒന്നാണ് വിദ്യാഭ്യാസ പരമായും സാമൂഹിക പരമായും ഏറെ പിന്നില്‍ നിന്നിരുന്ന ഏഴ് വനിതകള്‍ ചേര്‍ന്ന് തുടങ്ങിയ ഈ സംരംഭഹത്തിന്റെവ വിജയം
ദാരിദ്യ്രത്തിന്റെയും ഇല്ലായ്മയുടെയും പടുകുഴിയില്‍ നില്‍ക്കുമ്പോഴാണ് ജസ്വന്തിബെന്‍ ജംനദാസ് പോപ്പാട്, പാര്വതിബെന് രാംദാസ് തൊടാനി, ഉജാമ്പന് നരണ്ടസ് കുണ്ഡലെ , ബാനുബെന്‍, ലാജുബിന് അമൃതളര് ഗോകാനി, ജയബന് വിതാലാനി തുടങ്ങിയ വനിതകള്‍ ചേര്‍ന്ന് വരുമാനത്തിനായി എന്തെങ്കിലും ചെയ്യണം എന്ന് തീരുമാനിക്കുന്നത്. ഗുജറാത്തില്‍ നിന്നും സൗത്ത് മുംബൈയിലേക്ക് കുടിയേറിയ കുടുംബത്തിലെ അംഗങ്ങളായിരുന്നു അവര്‍. ജ്യേഷ്ഠാനുജ•ാരുടെ മക്കളായ ഏഴ് വനിതകള്‍ ചേര്‍ന്ന് ജോലി ചെയ്ത് വരുമാനം നേടാന്‍ തീരുമാനിച്ചെങ്കിലും എന്ത് ജോലിയാണ് ചെയ്യുക എന്ന ചോദ്യത്തിന് മുന്നില്‍ ഉത്തരമുണ്ടായിരുന്നില്ല. പലകുറി ചിന്തിച്ചു എങ്കിലും നിക്ഷേപിക്കാന്‍ കയ്യില്‍ പണമില്ലാത്തതും ആശയത്തിന് വിദ്യാഭ്യാസമില്ലാത്തതും ഒരു തിരിച്ചടിയായി. അങ്ങനെയിരിക്കെയാണ് ഗുജറാത്തി ഭക്ഷണരീതിയിലെ പ്രധാന വിഭവമായ പപ്പടത്തിന്റെ നിര്‍മാണത്തെപ്പറ്റി ചിന്തിക്കുന്നത്.
ഗുജറാത്തികളുടെ ഭക്ഷണരീതിയുടെ തുടക്കം തന്നെ ചട്ണിയില്‍ മുക്കിയ ഒരു കഷ്ണം പപ്പടം കഴിച്ചുകൊണ്ടാണ്. ഗുജറാത്തില്‍ മാത്രമാക്ക, മഹാരാഷ്ട്രയിലും പപ്പടത്തിന് മികച്ച വിപണിയുണ്ട്. അമിതമായ നിക്ഷേപവും ആവശ്യമില്ല. അതിനാല്‍ ഒരു പപ്പട നിര്‍മാണ യൂണിറ്റ് തുടങ്ങാം എന്ന ആഗ്രഹം മുന്നോട്ട് വച്ചത് ജസ്വന്തിബെന്‍ ജംനദാസ് പോപ്പാട് ആണ്. ആശയം പറഞ്ഞപ്പോള്‍ മറ്റ് സഹോദരിമാര്‍ക്കും പൂര്‍ണ സമ്മതം. വളരെ ചെറിയ തുകയുടെ നിക്ഷേപം മതി. എന്നാല്‍ ആ തുക പോലും എടുക്കാന്‍ ആ സഹോദരിമാരുടെ കയ്യിലുണ്ടായിരുന്നില്ല. എന്നാല്‍ ആത്മാര്‍ത്ഥമായ ആഗ്രഹങ്ങള്‍ യാഥാര്‍ത്ഥ്യമാകുക തന്നെ ചെയ്യും എന്നാണല്ലോ. തങ്ങളുടെ ആഗ്രഹം ജസ്വന്ത്ബെന്‍ പോപ്പാട് സാമൂഹ്യ സേവകനായ ഛഗന്‍ലാല്‍ കറംസി പരേഖ് എന്ന വ്യക്തിയുമായി പങ്കിട്ടു. മഹിളകളുടെ മുന്നേറ്റത്തെ എന്നും പിന്തുണക്കുന്ന അദ്ദേഹം അതിനുവേണ്ട എല്ലാ വിധ പിന്തുണയും നല്കി കൂടെ നിന്നു. ഛഗന്ലാലില് നിന്നും വായ്പയായി വാങ്ങിയ 80 രൂപയില്‍ നിന്നായിരുന്നു ലിജാത്ത് പപ്പട നിര്‍മാണ യൂണിറ്റിന്റെ ആരംഭം.
തുടക്കത്തിലേ തിരിച്ചടികള്‍
സംരംഭകത്വ മേഖലയെക്കുറിച്ച് വ്യക്തമായ അറിവില്ല, എങ്ങനെ വിപണി കണ്ടെത്തണമെന്ന ബോധ്യമില്ല, ഫണ്ട് മാനേജ്മെന്റിനെപ്പറ്റി ധാരണയില്ല. എന്നിരുന്നാലും തങ്ങളുടെ ലക്ഷ്യവുമായി മുന്നോട്ട് പോകാന്‍ തന്നെയായിരുന്നു ജസ്വന്ത്ബെന്‍ പോപ്പാടിന്റെയും കൂട്ടരുടെയും തീരുമാനം. ഏറ്റവും മികച്ച ഉഴുന്നുമാവ് ഉപയോഗിച്ച് തന്നെ അവര്‍ പപ്പടം നിര്‍മിച്ചു. പപ്പടത്തിന് വിപണി കണ്ടെത്തുന്നതിനായി ഛഗന്ലാലും സഹായിച്ചു. തുടക്കത്തില്‍ 7 സഹോദരിമാരെ കൂടാതെ മറ്റ് ജോലിക്കാര്‍ ആരുമുണ്ടായിരുന്നില്ല. തങ്ങളുടെ വീടിന്റെ മുകളിലെ ടെറസില്‍ ഒത്തുകൂടിയായിരുന്നു പപ്പട നിര്‍മാണം.1959 ല്‍ സ്ഥാപനം പ്രവര്‍ത്തനം ആരംഭിക്കുമ്പോള്‍ സൗത്ത് മുംബൈക്ക് അപ്പുറത്തേക്ക് ഒരു വിപണി സാധ്യതയെപ്പറ്റി സ്ഥാപകര്‍ ചിന്തിച്ചിട്ട് പോലുമുണ്ടായിരുന്നില്ല എന്നതാണ് വാസ്തവം. ചുറ്റുപാടുമുള്ള വീടുകളിലും കടകളിലും വില്ക്കാന് കഴിയുന്നത്ര പപ്പടങ്ങള്‍ മാത്രമാണ് നിര്‍മിച്ചിരുന്നത്. പ്രവര്‍ത്തനമാരംഭിച്ചത് 1959 ല്‍ ആരാണെങ്കിലും 1962 ലാണ് ലിജാത്ത് പപ്പാട് എന്ന പേര് സ്വീകരിച്ചത്. ഗുജറാത്തിയില്‍ ലിജാത്ത് എന്നാല്‍ രുചിയുള്ളതെന്നര്ത്ഥം.
തുടക്കം മികച്ച രീതിയിലായിരുന്നു എങ്കിലും പ്രവര്‍ത്തനം ആരംഭിച്ചു നാലാം മാസം സ്ഥാപനം തിരിച്ചടി നേരിട്ടു. സാധാരണ ഉണ്ടാക്കുന്നതിനേക്കാള്‍ ഏറെ പപ്പടങ്ങള്‍ നിര്‍മിച്ച സമയമായിരുന്നു അത്. എന്നാല്‍ അപ്രതീക്ഷിതമായി വന്ന മഴ വരുമാന പ്രതീക്ഷകളെ തകര്‍ത്തു. വെയില് ലഭിക്കാതെയായതോടെ നിര്‍മിച്ച പപ്പടങ്ങള്‍ ഉണ്ടാക്കിയെടുക്കാന്‍ കഴിയാതെ പൂപ്പല്‍ ബാധിച്ചു നശിച്ചു. ഇതോടു കൂടി ജസ്വന്ത്ബെന്‍ പോപ്പാടും സംഘവും തങ്ങളുടെ പപ്പട നിര്‍മാണ യൂണിറ്റ് അടച്ചിട്ടു. എന്നാല്‍ കലാകാലത്തോളം തങ്ങള്‍ക്ക് തങ്ങളുടെ സ്ഥാപനം അടച്ചിടാന്‍ സാധിക്കില്ല എന്ന തിരിച്ചറിവ് വന്നതോടെ ഛഗന്ലാലിന്റെ നിര്‍ദേശപ്രകാരം സ്ഥാപനം തുറന്നു പ്രവര്‍ത്തിപ്പിക്കാന്‍ അവര്‍ തയ്യാറായി.
എന്നാല്‍ ഇക്കുറി കുറച്ചു മുന്നൊരുക്കത്തോടെയാണ് അവര്‍ വന്നത്. തങ്ങളുടെ പപ്പട നിര്‍മാണ കൂട്ടായ്മക്ക് ശ്രീ മഹിളാ ഗൃഹ ഉദ്യോഗ് എന്ന് പേര് നല്കി. ഈ കൂട്ടായ്മക്ക് കീഴിലായിരുന്നു പിന്നീട് ലിജാത്ത് പപ്പടങ്ങള്‍ വിപണിയില്‍ എത്തിയത്. പപ്പടം ഉണ്ടാക്കുന്നതിനായി കാലാവസ്ഥയെ മാത്രം ആശ്രയിക്കാതെ അതിനായുള്ള ഉപകരണങ്ങള്‍ വാങ്ങി. അതോടെ പപ്പട നിര്‍മാണം മറ്റൊരു തലത്തിലേക്ക് കടന്നു. പ്രതിദിനം ഉല്‍പ്പാദിപ്പിക്കുന്ന പപ്പടങ്ങളുടെ എണ്ണം വര്‍ധിച്ചു വന്നു. വീണ്ടും ഉല്‍പ്പാദനം തുടങ്ങി ആറുമാസത്തിനകം തൊഴിലാളികളുടെ എണ്ണം കീഴില്‍ നിന്നും 25 ലേക്ക് വര്‍ധിച്ചു. അതൊരു മികസിച്ച തുടക്കമായിരുന്നു. ആ ഘട്ടത്തിലെത്തിയതോടെ തങ്ങളുടെ സ്ഥാപനം വിജയത്തിലേക്ക് കുത്തിക്കുകയാണെന്ന തിരിച്ചറിവുണ്ടായി. ഇന്ത്യയിലെ ഏറ്റവും പുരാതനമായ വനിതാ സംരംഭകത്വ പദ്ധതിയായ ശ്രീ മഹിളാ ഗൃഹ ഉദ്യോഗിന്റെ ഭാഗമായി ആരംഭിച്ചതാണ് ലിജാത്ത് പപ്പട യൂണിറ്റ് എന്ന വിശേഷണം വളരെ വേഗത്തിലാണ് വ്യാപിച്ചത്.
തുടര്‍ന്ന്, ലിജാത്ത് പപ്പട നിര്‍മാണ യൂണിറ്റ് ഒരു സഹകരണ സംഘം എന്ന തലത്തിലേക്ക് വളര്‍ന്നു. അതോടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി വനിതകള്‍ പപ്പട നിര്‍മാണത്തില്‍ പങ്കാളികളാകാന്‍ മുന്നിട്ടെത്തി. ലിജാത്ത് പപ്പടത്തിന്റെ ഗുണവും മേ•യും ഇഷ്ട്പ്പെട്ടവര് തുടര്‍ച്ചയായി ഓതി ബ്രാന്‍ഡ് ചോദിച്ചു വാങ്ങാന്‍ തുടങ്ങിയതോടെ വരുമാനവും വര്‍ധിച്ചു. കിട്ടുന്ന ലാഭത്തിന്റെ ഒരു വിഹിതം വനിതകളുടെ ഉന്നമനത്തിനായി മാറ്റിവച്ചു. അധികം വൈകാതെ മുംബൈ നഗരത്തിനും മഹാരാഷ്ട്രയ്ക്കും പുറത്തേക്ക് ലിജാത്ത് പപ്പടത്തിന്റെ പ്രശസ്തി വ്യാപിച്ചു. മഹാരാഷ്ട്രക്ക് ചുറ്റുമുള്ള സംസ്ഥാനങ്ങളിലേക്ക് പപ്പടത്തിന്റെ നിര്‍മാണം വര്‍ധിച്ചതോടെ അത് വരുമാനത്തിലും പ്രകടമായി. വീട്ടുചെലവുകള് നോക്കുന്നതിനായി പപ്പട നിര്‍മാണം തുടങ്ങിയ സഹോദരിമാര്‍ മികച്ച സംരംഭകരായി എന്നതാണ് വാസ്തവം. 1962 ല്‍ മാത്രം 182,000 യൂണിറ്റ് പപ്പടമാണ് വിറ്റത്.
വിപുലീകരണം ശക്തമാക്കുന്നു
പപ്പടത്തിന് ജനങ്ങള്‍ക്കിടയില്‍ നിന്നും മികച്ച പ്രതികരണം ലഭിക്കുന്നുണ്ടെന്ന് മനസിലായതോടെ വിപുലീകരണ പദ്ധതികളും ആരംഭിച്ചു. 1968 ല്‍ ഗുജറാത്തില്‍ ബ്രാന്‍ഡ് അവതരിപ്പിച്ചു. തുടര്‍ന്ന് കേവലം ഒരു തരം പപ്പടത്തില്‍ മാത്രമായി ഒതുങ്ങി വ്യത്യസ്തങ്ങളായ ഉല്‍പ്പന്നങ്ങള്‍ നിര്‍മിക്കാന്‍ ആരംഭിച്ചു. പപ്പടങ്ങള്‍, മസാല പപ്പടങ്ങള്‍, വിവിധയിനം കറിക്കൂട്ടുകള്‍ എന്നിവക്ക് പുറമെ ലെതര്‍ ഉല്‍പ്പന്നങ്ങള്‍, പലഹാരങ്ങള്‍, ഡിറ്റര്‍ജെന്റ് പൊടികള്‍ എന്നിവ വിപണിയില്‍ എത്തിച്ചു . ഈ ഉല്‍പ്പന്നങ്ങള്‍ക്കെല്ലാം തന്നെ മികച്ച വിപണി ലഭിക്കുകയും ചെയ്തു.തുടര്‍ന്ന് 1978 കോട്ടേജ് ലെതര്‍ ഇന്ഡസ്ട്രിയിലേക്ക് കടന്നെങ്കിലും പരാജയമായിരുന്നു ഫലം. പിന്നീട് അഗര്‍ബത്തികള്‍, തീപ്പെട്ടി തുടങ്ങിയ ഉല്‍പ്പന്നങ്ങള്‍ നിര്‍മിച്ചു.
1988 ലിജാത്ത് സോപ്പ് നിര്‍മാണ യൂണിറ്റിലേക്ക് കടന്നു. അപ്പോഴേക്കും സ്ഥാപനം രണ്ടാം തലമുറയിലേക്ക് എത്തിയിരുന്നു. 1990 കളില്‍ സ്ഥാപനം ഉല്‍പ്പാദനം വര്‍ധിപ്പിക്കുകയും മറ്റ് രാജ്യങ്ങളിലേക്ക് ഉല്‍പ്പന്നങ്ങള്‍ കയറ്റിയയക്കാന്‍ ആരംഭിക്കുകയും ചെയ്തു. ഈ സമയത്ത് ലിജാത്തിന്റെ വിറ്റുവരവ് 300 കോടി രൂപ കടന്നിരുന്നു. സംരംഭകത്വ മേഖലയിലെ വനിതാ നേതൃത്വത്തെ മുന്‍നിര്‍ത്തി നിരവധി അവാര്‍ഡുകള്‍ ഈ കാലഘട്ടത്തില്‍ ലിജാത്ത് സ്വന്തമാക്കുകയും ചെയ്തിരുന്നു.
നിലവില്‍ ശ്രീ മഹിളാ ഗൃഹ ഉദ്യോഗിന്റെ ട്രസ്റ്റിന് കീഴിലാണ് സ്ഥാപനങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 21 അംഗങ്ങളാണ് മാനേജ്മെന്റ് കമ്മിറ്റിയില്‍ ഉള്ളത്. ആറു ഓഫീസ് ബാരിയര്മാരുണ്ട്. ഇവര്‍ക്കെല്ലാം താഴെയാണ് പ്രസിഡന്റ് , വൈസ് പ്രസിഡന്റ് , സെക്രട്ടറി , ട്രെഷറര്‍ എന്നിവര്‍ വരുന്നത്. ആന്ധ്രാപ്രദേശ്, ബീഹാര്‍, ദല്‍ഹി, ഗുജറാത്ത്, ഹരിയാന, ജാര്‍ഖണ്ഡ്, ജമ്മു കശ്മീര്‍, കര്‍ണാടക, കേരളം, മധ്യ പ്രദേശ്, മഹാരാഷ്ട്ര, ഒറീസ, പഞ്ചാബ്, രാജസ്ഥാന്, തമിഴ്നാട് , ഉത്തര്‍ പ്രദേശ്, വെസ്റ്റ് ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങളില്‍ ഇന്ന് ലിജാത്ത് പപ്പടത്തിന്റെ ഓഫീസ് പ്രവര്‍ത്തിക്കുന്നു. വനിതകള്‍ക്ക് ജോലി നല്കാന് കഴിയുന്നു എന്നത് തന്നെയാണ് ഈ സ്ഥാപനത്തിന്റെ ഏറ്റവും വലിയ നേട്ടമെന്ന് സ്ഥാപകരില്‍ ഒരാളായ ജസ്വന്ത്ബെന്‍ പോപ്പാട് പറയുന്നു. ഓണ്‍ലൈന്‍ വഴിയും ലിജാത്ത് പപ്പടത്തിന് വില്പനയുണ്ട് .20 വയസ്സുള്ളവര്‍ മുതല്‍ 80 വയസുള്ളവര്‍ വരെ ഈ സ്ഥാപനത്തിന്റെ ഭാഗമായി മികച്ച വരുമാനം കണ്ടെത്തുന്നു
ചിട്ടയായ പ്രവര്‍ത്തന രീതിയാണ് സ്ഥാപനത്തിന്റെ എടുത്തു പറയത്തക്ക മുഖമുദ്ര. സ്ത്രീകള്‍ സ്ത്രീകള്‍ക്കായി നടത്തുന്ന സ്ഥാപനം എന്ന പേരില്‍ ലിജാത്ത് ഏറെ ശ്രദ്ധ നേടിക്കഴിഞ്ഞു. സ്ത്രീശാക്തീകരണത്തില്‍ എടുത്തുപറയത്തക്ക സ്വാധീനം ചെലുത്താന്‍ ഈ വനിതാ കൂട്ടായ്മക്ക് ആയിട്ടുണ്ട്. സ്ഥാപിതമായതിന്റെ 50 വര്‍ഷങ്ങള്‍ പിന്നിടുമ്പോള്‍ 800 കോടി രൂപയുടെ വിറ്റുവരവ് എന്ന വന്‍ നേട്ടമാണ് ലിജാത്തിനും ശ്രീ മഹിളാ ഗൃഹ ഉദ്യോഗിനുമുള്ളത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: