രണ്ടരപ്പതിറ്റാണ്ടിലേറെയായിട്ടും കെട്ടടങ്ങാത്ത ഐഎസ്ആര്‍ഒ ചാരക്കേസ് സിബിഐ അന്വേഷണത്തിനുവിട്ട സുപ്രീംകോടതി വിധി സ്വാഗതാര്‍ഹമാണ്. നിക്ഷിപ്ത താല്‍പ്പര്യക്കാര്‍ക്കു മാത്രമേ ഈ തീരുമാനത്തില്‍ വിയോജിപ്പുണ്ടാകാന്‍ ഇടയുള്ളൂ. കേസില്‍ ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞന് നമ്പി നാരായണനെതിരെ പോലീസിലെ അന്വേഷണ ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തിയോ എന്നു കണ്ടെത്താന്‍ സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നിയോഗിക്കപ്പെട്ട ജസ്റ്റിസ് ഡി.കെ. ജയിന് അധ്യക്ഷനായ ജുഡീഷ്യല്‍ കമ്മിറ്റി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. മുദ്ര വച്ച കവറില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീംകോടതിയാണ് കമ്മിറ്റിയുടെ കണ്ടെത്തലുകള്‍ പ്രാഥമികാന്വേഷണമായി കണക്കാക്കി കൂടുതല്‍ അന്വേഷണം നടത്താനും, മൂന്നുമാസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും സിബിഐയോട് നിര്‍ദ്ദേശിച്ചിരിക്കുന്നത്. ജയിന് കമ്മിറ്റി റിപ്പോര്‍ട്ട് പരസ്യമാക്കാനോ, കേസിലെ മറ്റു പ്രതികള്‍ക്ക് കൈമാറാനോ പാടില്ലെന്ന് സുപ്രീംകോടതി നിര്‍ദ്ദേശിച്ചിട്ടുള്ളത് ശ്രദ്ധേയമാണ്. ഇതില്‍നിന്നുതന്നെ റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം സ്ഫോടനാത്മകമാണെന്ന് കരുതേണ്ടിയിരിക്കുന്നു.
അപസര്‍പ്പക കഥകളെ വെല്ലുന്ന സംഭവവികാസങ്ങളാണ് ഐഎസ്ആര്‍ഒ ചാരക്കേസില്‍ അരങ്ങേറിയത്. ഐഎസ്ആര്‍ഒയ്ക്കുവേണ്ടി ക്രയോജനിക് എഞ്ചിന് സാങ്കേതിക വിദ്യ വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് രാജ്യരഹസ്യങ്ങള്‍ ചോര്‍ത്തിയെന്നാണ് കേസ്. മാലിക്കാരികളായ മറിയം റഷീദയും ഫൗസിയ ഹസനും പ്രതികളായതോടെ കേസിന് മറ്റൊരു മാനവും കൈവന്നു. ആദ്യം കേരളാ പോലീസും പിന്നീട് സിബിഐയും അന്വേഷിച്ച കേസില്‍ എല്ലാ പ്രതികളെയും വെറുതെ വിടുകയാണുണ്ടായത്. അന്വേഷണ ഉദ്യോഗസ്ഥര്‍ തന്നെ കുടുക്കുകയാണെന്ന് ആരോപിച്ചും, നഷ്ടപരിഹാരം ആവശ്യപ്പെട്ടും നമ്പി നാരായണന് നടത്തിയ നിയമ യുദ്ധമാണ് കേസിന് പുതുജീവന്‍ നല്‍കിയത്. സുപ്രീംകോടതിയുടെ നിര്‍ദ്ദേശപ്രകാരം നമ്പി നാരായണന് നഷ്ടപരിഹാരവും ലഭിച്ചു. യഥാര്‍ത്ഥത്തില്‍ ഐഎസ്ആര്‍ഒയുമായി ബന്ധപ്പെട്ട് എന്തൊക്കെയാണ് നടന്നതെന്ന് ഇപ്പോഴും വ്യക്തമല്ല. റഷ്യയുടെ സഹായത്തോടെ ബഹിരാകാശ രംഗത്ത് ഭാരതം നേട്ടം കൈവരിക്കുന്നത് തടയാന്‍ അമേരിക്ക ശ്രമിച്ചുവെന്നും, ഇതിനുവേണ്ടി ചിലര്‍ ദല്ലാള്‍ പണിയെടുത്തെന്നുമാണ് ആരോപണം. വിവാദം കാരണം ക്രയോജനിക് പദ്ധതിയില്‍ രാജ്യം ഒന്നരപ്പതിറ്റാണ്ട് പിന്നിലായിപ്പോയെന്ന് നമ്പി നാരായണന് പറയുന്നതില്‍ കഴമ്പുണ്ട്.
കേസ് സൃഷ്ടിച്ച രാഷ്ട്രീയ കോളിളക്കങ്ങളാണ് ഏറെ ശ്രദ്ധേയമായത്. കെ. കരുണാകരനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് തെറിപ്പിക്കാന്‍ കോണ്‍ഗ്രസ്സിലെതന്നെ ഒരു വിഭാഗം കേസിനെ ആയുധമാക്കി. പോലീസ് മേധാവിയും, കരുണാകരന്റെ വിശ്വസ്തനുമായിരുന്ന രമണ്‍ ശ്രീവാസ്തവയ്ക്ക് പ്രതികളില്‍ ചിലരുമായി ബന്ധമുണ്ടെന്ന ആരോപണമാണ് ഇതിനിടയാക്കിയത്. സമ്മര്‍ദ്ദത്തെ തുടര്‍ന്ന് കരുണാകരന് ശ്രീവാസ്തവയെ സ്ഥാനത്തുനിന്ന് നീക്കേണ്ടിവന്നു. അധികം വൈകാതെ കരുണാകരനും രാജിവച്ചു. ‘ചാരപ്രവര്‍ത്തനത്തില്‍’ പ്രധാനമന്ത്രി പി.വി. നരസിംഹറാവുവിന്റെ മകന് ബന്ധമുണ്ടെന്ന ആരോപണവുമുയര്‍ന്നു. കരുണാകരന്റെ സാമര്‍ത്ഥ്യത്താലാണ് റാവു പ്രധാനമന്ത്രിയായത്. പക്ഷേ ചാരക്കേസില്‍ റാവു കയ്യൊഴിഞ്ഞു. കരുണാകരനെ അധികാര ഭ്രഷ്ടനാക്കാന്‍ ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ഒരു വിഭാഗം ചാരക്കേസിനെ മറയാക്കിയെന്നും, ഇവരുടെ പ്രേരണയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ നമ്പി നാരായണനെപ്പോലുള്ളവരെ മനഃപൂര്‍വം പീഡിപ്പിക്കുകയായിരുന്നു എന്നുമാണ് ഇപ്പോഴും നിലനില്‍ക്കുന്ന ആക്ഷേപം. സിബിഐ നടത്താന്‍ പോകുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദുവും ഇതായിരിക്കും. ഇതിലൂടെ സത്യം പുറത്തുവരുമെന്ന് പ്രത്യാശിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: