കല്‍പ്പറ്റ: ഇന്ന് വിഷു. കാര്‍ഷിക സംസ്കാരത്തിന്റെ തനിമ വിളിച്ചോതുന്ന ദിവസം. കണ്ണനെ കണികാണാന്‍ നാടും നഗരവും ഒരുങ്ങിക്കഴിഞ്ഞു. കണിക്കൊന്നയും വിഷു ഫലങ്ങളും കണ്ണനായി ഒരുങ്ങി. പുതു പ്രതീക്ഷയിലാണ് കര്‍ഷകരും ജനങ്ങളും. എന്നാല്‍ ജില്ലയിലെ കര്‍ഷകര്‍ ഇന്നും ദുരിതത്തിലാണ്. പ്രളയവും കൊറോണയും കര്‍ഷകരുടെ നട്ടെല്ലൊടിച്ചു. സര്‍ക്കാര്‍ സഹായങ്ങള്‍ ലഭിച്ചില്ല. അര്‍ഹിച്ച പാക്കേജുകളും ലഭിച്ചില്ല. വര്‍ഷങ്ങളായി പറയുന്ന ബ്രഹ്മഗിരി കാപ്പി സംഭരണവും പാതിവഴിയിലായി. നിശ്ചിത അളവിലല്ലാതെ കാപ്പി സംഭരിക്കാന്‍ കഴിയില്ല.
കര്‍ഷകരുടെ കണ്ണില്‍ പൊടിയിടുക മാത്രമായിരുന്നു ലക്ഷ്യം. കേന്ദ്ര സര്‍ക്കാരിന്റെ കിസാന്‍ സമ്മാന്‍ നിധി മാത്രമാണ് ലഭിച്ച സര്‍ക്കാര്‍ സഹായം. താങ്ങു വില നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചു. താങ്ങു വില പോയിട്ട് യഥാര്‍ത്ഥ വിലപോലും കര്‍ഷകര്‍ക്ക് ലഭിക്കുന്നുല്ല. തോട്ടം തൊഴിലാളികളുടെ സ്ഥിതിയും മറിച്ചല്ല. മിനിമം വേതനം 600 രൂപയാക്കണമെന്ന് പറയാന്‍ തുടങ്ങിയിട്ട് കാലങ്ങളായി. എന്നാല്‍ ഈ സര്‍ക്കാര്‍ വന്നിട്ട് കൂട്ടിയതാകട്ടെ വെറും അന്‍പത് രൂപ മാത്രമാണ്. കിടക്കുന്ന ലയങ്ങളാകട്ടെ പൊട്ടിപ്പൊളിഞ്ഞതും.
പേടിയോടെയാണ് ഓരോ ദിനങ്ങളും അവര്‍ തള്ളി നീക്കുന്നത്. എപ്പോള്‍ വേണമെങ്കിലും വീഴാന്‍ പാകത്തിനാണ് ഓരോ ലയങ്ങളും. വനവാസി വിഭാഗങ്ങളുടെ സ്ഥിതിയും മറിച്ചല്ല. പട്ടയം ലഭിക്കാത്ത നിരവധി വനവാസി കുടുംബങ്ങളാണ് ഇന്നും വിഷു ആഘോഷിക്കുന്നത്. എപ്പോള്‍ വേണമെങ്കിലും തങ്ങളെ ഇവിടെ നിന്നും ഇറക്കി വിടാം എന്ന പേടിയിലാണ് ഇവര്‍ കഴിയുന്നത്. ഈ വിഷുവിനും അവരുടെ കാത്തിരിപ്പ് സ്വന്തമായുള്ള ഒരു തുണ്ട് ഭൂമിക്ക് വേണ്ടിയാണ്. കണിക്കൊന്ന പൂക്കുന്നതല്ല വലുത്. സ്വന്തം മണ്ണ് പോകാമെന്ന ഭീതിയാണ് എല്ലാവരിലും. അടിസ്ഥാന ജന വിഭാഗത്തിന്റെ പ്രശ്നങ്ങള്‍ ഓരോ വിഷു വരുംതോറും കൂടുകയല്ലാതെ കുറയുന്നില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: