ഷൊര്‍ണൂര്‍: ഷൊര്‍ണൂരിലെ മണ്‍പാത്രനിര്‍മാണ പരിശീലന കേന്ദ്രം അടച്ചുപൂട്ടിയിട്ട് മൂന്ന് പതിറ്റാണ്ട് പിന്നിട്ടു. ഒറ്റപ്പാലം എംപിയും കേന്ദ്രമന്ത്രിയുമായിരുന്ന കെ.ആര്. നാരായണന് സയന്‍സ് ആന്റ് ടെക്നോളജി വകുപ്പ് കൈകാര്യം ചെയ്തിരുന്നപ്പോഴാണ് ചുഡുവാലത്തൂര്‍ കേന്ദ്രമായി ട്രെയിനിങ് സെന്റര്‍ ആരംഭിച്ചത്. മണ്‍പാത്ര നിര്‍മാണവുമായി ബന്ധപ്പെട്ട് ഉപജീവനം കഴിക്കുന്ന കുംഭാരസമുദായത്തിന്റെ ഉന്നമനം ലക്ഷ്യമാക്കിയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരം പദ്ധതി ആവിഷ്കരിച്ച് നടപ്പിലാക്കിയത്.
ഏകദേശം 500 ഓളം കുടുംബങ്ങള്‍ക്ക് ഇതിന്റെ പ്രയോജനം തുടക്കത്തില്‍ ലഭ്യമായിരുന്നു. എന്നാല്‍ ഇടനിലക്കാരുടെ ചൂഷണത്തിനിടയായാണ് സെന്റര്‍ അടച്ചുപൂട്ടേണ്ട സ്ഥിതിയിലെത്തിയത്.
മണ്ണ് അരക്കുന്നതിനും, മണ്‍പാത്രനിര്‍മാണത്തിനും, ചൂള വെക്കുന്നതിനുമായ ആധുനിക യന്ത്ര സംവിധാനങ്ങളോടെ ലക്ഷങ്ങള്‍ ചെലവിട്ട് ആരംഭിച്ച പദ്ധതി ലക്ഷ്യത്തിലെത്താതെ നിലക്കുകയായിരുന്നു. പരിശീലന കേന്ദ്രത്തിന്റെ പ്രവര്‍ത്തനം മുന്നോട്ടുപോകാന്‍ കഴിഞ്ഞില്ലെന്നു മാത്രമല്ല, ലക്ഷങ്ങള്‍ മുടക്കി സ്ഥാപിച്ച യന്ത്രങ്ങളും കെട്ടിടങ്ങളും കാടുകയറി നശിച്ചുകൊണ്ടിരിക്കുകയാണ്. മണ്‍പാത്രനിര്‍മാണവുമായി ബന്ധപ്പെട്ട കുടുംബങ്ങളുടെ ഉന്നമനം ലക്ഷ്യമാക്കി തുടങ്ങിയ പോര്‍ട്ടേഴ്സ് വെല്‍ഫെയര്‍ സൊസൈറ്റിയുടെ പ്രവര്‍ത്തനം രാഷ്ട്രീയ നേതാക്കന്മാരുടെ അധീനതയിലായതോടെ സര്‍ക്കാര്‍ ഫണ്ട് തട്ടിക്കുന്നതിനുള്ള കേന്ദ്രമായി മാറുകയായിരുന്നു.
35 ഓളം അംഗങ്ങളുണ്ടായിരുന്ന സൊസൈറ്റിയുടെ നിയന്ത്രണം പൂര്‍ണമായും ഇടതുനേതാക്കളുടെ കൈകളിലായിരുന്നു. കേന്ദ്രസര്‍ക്കാര്‍ സ്ഥാപനം പിന്നീട് സംസ്ഥാന വ്യവസായ വകുപ്പിന്റെ കീഴിലായതോടെയാണ് പൂര്‍ണ്ണമായും അഴിമതിയില്‍ മുങ്ങിക്കുളിക്കുവാന്‍ തുടങ്ങിയത്.
ചെറിയ ചെറിയ കുടിലുകളില്‍ മണ്‍പാത്രനിര്‍മാണം നടത്തിയിരുന്ന നൂറുകണക്കിന് കുടുംബങ്ങള്‍ക്ക് ഇതൊരു ആശ്വാസകേന്ദ്രമാകുമായിരുന്നു. പല ഭാഗങ്ങളില്‍ നിര്‍മിക്കുന്ന മണ്‍പാത്രങ്ങളും, മറ്റ് കളിമണ്ണ് കൊണ്ടുള്ള നൂറിലധികം വരുന്ന വ്യത്യസ്ത ഉല്പന്നങ്ങളും സൊസൈറ്റി വഴി വ്യാപാര മേഖലകള്‍ തുറന്ന് ഇവരുടെ ജീവിതം കരുപ്പിടിപ്പിക്കാമെന്ന മോഹം ചിറകറ്റു പോയത്. ഇത് പുനരുജ്ജീവിപ്പിക്കുന്നതിനാവശ്യമായ എന്തെങ്കിലും പദ്ധതി സര്‍ക്കാരിനുണ്ടോ എന്നതാണ് മണ്‍പാത്രനിര്‍മാണവുമായി ബന്ധപ്പെട്ടവര്‍ ചോദിക്കുന്നത്.
മാത്രമല്ല, പുതിയ തലമുറയെ മണ്‍പാത്രനിര്‍മാണ പ്രവൃത്തിയിലേക്ക് ആകര്‍ഷിക്കുന്നതിനും, അതുവഴി ഇതൊരു വ്യവസായമാക്കി മാറ്റി പരിശീലന കേന്ദ്രം യാഥാര്‍ത്ഥ്യമാക്കാന്‍ സര്‍ക്കാര്‍ മുന്‍കൈയെടുക്കണമെന്നാണ് കുടുംബങ്ങള്‍ ഒന്നടങ്കം ആവശ്യപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: