കേരള രാഷ്ട്രീയത്തില്‍, 2021 ഏപ്രിലില്‍ നടന്ന നിയമസഭാ തെരഞ്ഞെടുപ്പ് ഉണ്ടാക്കിയ സ്വാധീനവും മാറ്റവും എന്താണ്? മെയ് രണ്ടിന് തെരഞ്ഞെടുപ്പു ഫലം വരുമ്പോഴേ അറിയാനാവൂ ആരൊക്കെയാണ് കേരള നിയമഭസയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്, ഏതു പാര്‍ട്ടിക്കാണ് കൂടുതല്‍ എംഎല്‍എമാര്‍, ഏതു മുന്നണിക്കാണ് ഭരിക്കാനുള്ള ഭൂരിപക്ഷം, ആരായിരിക്കും സര്‍ക്കാര്‍ രൂപീകരിക്കുക എന്നെല്ലാം. പിന്നെയും കാത്തിരിക്കണം, മുഖ്യമന്ത്രിയാരെന്നും ആരൊക്കെയാണ് മന്ത്രിമാരെന്നും അവര്‍ക്ക് ഏതൊക്കെ വകുപ്പായിരിക്കുമെന്നും അറിയാന്‍. അതുവരെ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വിഷയങ്ങള്‍ പലത് അപ്പപ്പോള്‍ കിട്ടും. പക്ഷേ, ഏറെ പ്രസക്തമായ, ഏറ്റവും പ്രധാനപ്പെട്ട ഒരു വിഷയം കിട്ടിയിട്ട് എന്തുകൊണ്ട് കേരളം ചര്‍ച്ച ചെയ്യുന്നില്ല എന്നതാണ് ഏറെ കൗതുകകരം. ഒരുപക്ഷേ, കേരളമല്ല, ഇന്ത്യയുമല്ല, അതിനപ്പുറം ആഗോള തലത്തില്‍ ചര്‍ച്ചയാകേണ്ട വിഷയമാണത്, എന്നിട്ടുകൂടി. ചര്‍ച്ച ഒഴിവാക്കുന്നതോ, ചര്ച്ചചെയ്യേണ്ടവര്ക്ക് അതിന്റെ ഗൗരവം ബോധ്യമാകാത്തതോ?
വോട്ടെടുപ്പ് നടന്ന ഏപ്രില്‍ ആറിനാണ് അത് സംഭവിച്ചത്. കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ഇന്ത്യയിലെ ശേഷിക്കുന്ന ഭരണ സംസ്ഥാനത്തെ മുഖ്യമന്ത്രിയും സിപിഎമ്മിന്റെ പോളിറ്റ് ബ്യൂറോ അംഗവും പാര്‍ട്ടിയുടെ നയ നിലപാടുകള്‍ നിശ്ചയിക്കുന്നതില്‍ നിര്‍ണായക സ്ഥാനമുള്ളയാളുമായ പിണറായി വിജയന്റെ പ്രസ്താവനയാണ് വിഷയം. പ്രസ്താവന കൃത്യമായി ഇങ്ങനെയായിരുന്നു: ‘അയ്യപ്പനും നാട്ടിലെ മുഴുവന്‍ ദേവഗണങ്ങളും എല്ലാ വിശ്വാസികളുടേയും ആരാധനാ മൂര്‍ത്തികളും ഇക്കുറി ഇടതുപക്ഷത്തിനൊപ്പമാണ്. ജനങ്ങള്‍ക്ക് ഗുണം ചെയ്യുന്നവരുടെ കൂടെയാണ് എല്ലാ ദേവഗണങ്ങളും,’ കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ നേതൃത്വത്തിലുള്ള സിപിഎമ്മിന്റെ ഈ നിലപാടിനെ ഇതുവരെ ഒരു കമ്യൂണിസ്റ്റ് പാര്‍ട്ടി ഘടകങ്ങളും ചോദ്യം ചെയ്തിട്ടില്ല, തിരുത്തിയിട്ടില്ല.
തെരഞ്ഞെടുപ്പ് കമ്മീഷന് അംഗീകാരം നല്കിയ, രജിസ്ട്രേഷന് നല്കിയവയാണ് ഇന്ത്യയിലെ എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും. അവയെല്ലാം ജനാധിപത്യം, സോഷ്യലിസം, മതേതരത്വം, സ്വാതന്ത്ര്യം എന്നീ വിഷയങ്ങളില്‍ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ചിട്ടുള്ള വ്യവസ്ഥകള്‍ പാലിക്കുന്നവയാണ്. പരിപാടികളില്‍, പരിപാടികളുടെ നടത്തിപ്പില്‍, ഭരണ ക്രമത്തിലെ മുന്‍ഗണനയുടെ കാര്യത്തില്‍ നിലപാടുകളില്‍ ഒക്കെയാണ് വാസ്തവത്തില്‍ പാര്‍ട്ടികള്‍ തമ്മില്‍ വ്യത്യാസം. തെരഞ്ഞെടുപ്പു കമ്മീഷന് അംഗീകരിച്ച എല്ലാ പാര്‍ട്ടികളുടെയും നിലപാട് ഒന്നാണ്. പാര്‍ട്ടിയുടെ ആശയ, ആദര്‍ശ കാര്യങ്ങളിലാണ് തമ്മില്‍ ഭിന്നത.
കമ്യൂണിസ്റ്റ് പാര്‍ട്ടി ആശയവും ആദര്‍ശവും വ്യക്തമായി നിര്‍വചിച്ച് കൃത്യമായി പിന്തുടരുന്ന പാര്‍ട്ടിയാണ്. മാര്‍ക്സും ഏംഗല്‍സും ലെനിനും നിര്‍വചിച്ച മനുഷ്യവളര്‍ച്ചയുടെ സിദ്ധാന്തം, കമ്യൂണിസം നടപ്പാക്കുകയാണ് ആ പാര്‍ട്ടിയുടെ അടിസ്ഥാന ആശയം. പലകാലങ്ങളായി, പരിപാടികളിലുണ്ടായ ഭിന്നതയുടെ അടിസ്ഥാനത്തില്‍ ആഗോളതലത്തില്‍ മുതല്‍ അതി പ്രാദേശിക തലത്തില്‍വരെ കമ്യൂണിസ്റ്റ് പാര്‍ട്ടികള്‍ പലതായി. അതില്‍ പ്രബലമായി മാറിയത് മാര്‍ക്സിസ്റ്റ് ഗ്രൂപ്പായിരുന്നു. തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ കിട്ടിയ മേല്ക്കൈയാണത്. അപ്പോഴും ഇടതുപക്ഷ കക്ഷികള്‍ എന്ന പൊതു വേദിയില്‍ കമ്യൂണിസ്റ്റുകളെല്ലാം ഏറെക്കുറേ ഒന്നാണ്.
മാനവര്ക്കൊപ്പമെന്ന മുദ്രാവാക്യത്തോടൊപ്പം മനുഷ്യനപ്പുറം ഒന്നുമില്ലെന്ന തത്ത്വവും കമ്യൂണിസ്റ്റ് പരിപാടിയാണ്. മതം, ജാതി, ഈശ്വര വിശ്വാസം, ദേശീയത, സംസ്കാര വൈവിധ്യം, പൈതൃകം തുടങ്ങിയവയെല്ലാം പിന്തിരിപ്പനാണെന്നും സമൂഹപുരോഗതിക്ക് തടസമാണെന്നുമാണ് അവരുടെ അടിസ്ഥാന കാഴ്ചപ്പാട്. കോണ്‍ഗ്രസിനെ സംബന്ധിച്ച് അത്തരം വിഷയങ്ങളില്‍ പ്രശ്നങ്ങളൊന്നുമില്ല. സ്വാതന്ത്ര്യ ലബ്ധിക്ക് രൂപപ്പെട്ട വലിയൊരു പ്രസ്ഥാനത്തിന്റെ തുടര്‍ച്ചയായി നിലനിന്നു പോരുന്ന, ഇന്ത്യന്‍ ഭരണം ലഭിച്ചതിനാല്‍ നിലനിന്നു പോരുന്ന രാഷ്ട്രീയ സംവിധാനമാണത്. ഇന്ത്യന്‍ ജനതയുടെ ഹൃദ്സ്പന്ദമായി മാറിയ ഗാന്ധിജിയെ സംഘടനയുടെ പ്രതീകമാക്കി മാറ്റിയതുവഴി ചെയ്യുന്ന എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും ഗാന്ധിജിയുടെ കാഴ്ചപ്പാടെന്ന മറക്കുട പിടിക്കാന്‍ അവര്‍ക്ക് കഴിയുന്നു.
ഇതു രണ്ടില്‍നിന്നും വ്യത്യസ്തമായ ആശയ-ദര്‍ശനമാണ് ബിജെപി പ്രതിനിധാനം ചെയ്യുന്നത്. അത് ഏകാത്മമാനവ ദര്‍ശനം എന്ന തത്വത്തില്‍ അധിഷ്ഠിതമാണ്. ഭാരതീയ തത്വ ചിന്തകളും ദര്‍ശന മീമാംസകളും ആധാരമാക്കി, ആധുനിക മനുഷ്യജീവത സാഹചര്യങ്ങള്‍ക്ക് അനുസൃതമായി, രാഷ്ട്ര രാഷ്ട്രീയ വികസന പൂര്‍ണതയ്ക്ക് പണ്ഡിറ്റ് ദീനദയാല്‍ ഉപാധ്യായ ആവിഷ്കരിച്ച ആശയദര്‍ശനങ്ങള്‍. അത് മനുഷ്യ കേന്ദ്രിതവും സംസ്കാരാധിഷ്ഠിതവും ധര്‍മവും കര്‍മവും മനസും ശരീരവും ഭൗതികവും ആത്മീയവുമായ സകലതിനെയും സമന്വയിച്ച് മുന്നേറുന്ന ജീവിത ദര്‍ശനമാണ്.
കമ്യൂണിസത്തിന്റെ അടിത്തറ ഭൗതികതയിലാണ്, എന്നല്ല, അതുമാത്രമാണ്. അവിടെ തൊഴിലാളിയും മുതലാളിയും തമ്മിലുള്ള സംഘര്‍ഷവും ഭൗതിക നേട്ടങ്ങളുടെ പരമാവധിയും അതിന്റെ തുല്യതയുമാണ് ലക്ഷ്യം. അതുകൊണ്ടുതന്നെ ആത്മീയതയ്ക്ക് അവിടെ പ്രസക്തിയും പ്രവേശനവുമില്ല. വൈരുദ്ധ്യാത്മിക ഭൗതിക വാദമാണ് അതിന്റെ പക്ഷം. എന്നുമാത്രമല്ല, മതത്തേയും ദൈവത്തേയും ദൈവ വിശ്വാസത്തേയും അതിനെ പോഷിപ്പിക്കുന്ന സകലതിനേയും ചോദ്യം ചെയ്തും ചെറുത്തും തോല്‍പ്പിച്ചും മുന്നേറണമെന്നാണ് അതിന്റെ പാഠം. ആദ്യകാല കമ്യൂണിസ്റ്റ് പ്രവര്‍ത്തനങ്ങള്‍ അങ്ങനെയായിരുന്നു; അധികാരം, ഭരണം, ആഡംബര സൗകര്യം തുടങ്ങിയവ ലഭിക്കുംവരെ. പിന്നെപ്പിന്നെ അതില്‍ അവസരങ്ങള്‍ക്കൊത്ത് മായം ചേര്‍ത്തു. അങ്ങനെ നിലപാടുകളില്‍ വരുത്തിയ മാറ്റങ്ങള്‍ക്കും താത്വിക പരിവേഷം നല്കാന് അടവുനയം എന്ന പേരും വിളിച്ചു.
ഈ അടവുനയങ്ങള്‍ ഓരോകാലത്തും തെരഞ്ഞെടുപ്പ് വേളകളില്‍ വോട്ടു നേടാനും ഭരണം പിടിക്കാനും ജനങ്ങളെ ഒപ്പം നിര്‍ത്താനും കൈകൊണ്ട വിചിത്ര നിലപാടുകളായിരുന്നു. അങ്ങനെ ആവര്‍ത്തിച്ച അടവു നയങ്ങളിലൂടെ കമ്യൂണിസത്തില്‍നിന്ന് അകന്നകന്നു പോയി പേരില്‍ മാത്രമായി കമ്യൂണിസവും മാര്‍ക്സിസവുമെന്ന വിമര്‍ശനങ്ങളും ചര്‍ച്ചകളും പലകാലമായി നടന്നിട്ടുള്ളതാണ്. പക്ഷേ, ഏറ്റവും പുതിയ ‘അടവുനയം’ അടിസ്ഥാന നയങ്ങളെയാകെ തള്ളി. അത് ചര്‍ച്ചയാകുന്നില്ല എന്നതാണ് ഇവിടെ ചര്‍ച്ചയാക്കുന്നത്.
അവസാന സര്‍ക്കാരിനെ നിലനിര്‍ത്താനുള്ള ഞാണിന്മേല്‍ക്കളിയായിരുന്നു മുഖ്യമന്ത്രിയും സിപിഎം പോളിറ്റ് ബ്യൂറോ അംഗവുമായ പിണറായി വിജയന്റെ പ്രസ്താവന. അതുപക്ഷേ, ശബരിമലയെന്ന അടവുനയത്തിനും അപ്പുറത്തേക്ക് പോയി. എട്ട് അടിസ്ഥാന ചോദ്യങ്ങള്‍ ഉയര്‍ത്തുന്നതാണ് പ്രസ്താവന:
1. ദൈവമുണ്ടോ?
2. ദൈവ ഗണങ്ങളുണ്ടോ?
3. ബഹുദൈവങ്ങളില്‍ ഏതിനെയാണ് അംഗീകരിക്കുത്?
4. ആരാധനയ്ക്ക് മൂര്ത്തിയാകാമോ?
5. ദൈവമുണ്ടെങ്കില്‍ മതം ഇല്ലേ?
6. മതേതരത്വം പറഞ്ഞ് പ്രതിജ്ഞയെടുത്ത, മതേതരത്വം ഘോഷിക്കുന്ന സര്‍ക്കാറിന്റെ മുഖ്യമന്ത്രിക്ക് അങ്ങനെ പറയാമോ?
7. തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങളുടെ ലംഘനമല്ലേ?
8. സിപിഎം നേതാവിന് ഇടതു പക്ഷത്തിന്റെ നിലപാടായി പറയാമോ?
പക്ഷേ, ഈ ചോദ്യങ്ങള്‍ ആരും ചോദിച്ചില്ല. വിഷയംചര്ച്ചയായില്ല. ഒരു പ്രസ്ഥാനം അതിന്റെ അടിസ്ഥാന പ്രമാണങ്ങളെ തള്ളിപ്പറഞ്ഞ് ഒറ്റ ദിവസംകൊണ്ട് മറ്റൊരു പാര്‍ട്ടിയായി രൂപാന്തരപ്പെടുകയായിരുന്നു. ആത്മാവില്ലാതാകുകയായിരുന്നു. ഇതാണ് തെരഞ്ഞെടുപ്പ് ഫലം. വരാനിരിക്കുന്നതിലെ ഊഹങ്ങള്‍ക്കും വന്നുകഴിഞ്ഞുള്ള വിശകലനങ്ങള്‍ക്കും അപ്പുറം ചര്‍ച്ച ചെയ്യേണ്ടത് ഈ വിഷയമാണ്.
ഇന്ത്യയില്‍ കമ്യൂണിസം വിവക്ഷിക്കുന്ന വൈരുദ്ധ്യാത്മിക ഭൗതികവാദം പ്രായോഗികമല്ലെന്ന് പാര്‍ട്ടിയുടെ നേതാവ് എം.വി. ഗോവിന്ദന് പ്രസംഗിച്ചത് വിവാദമായി. അതിനെക്കുറിച്ച് ചര്‍ച്ചകള്‍ വന്നപ്പോള്‍ അത് തെറ്റായി വ്യാഖ്യാനിച്ചതാണെന്ന് ചിലര്‍ ലഘൂകരിച്ചു. പക്ഷേ, അങ്ങനെയല്ല, ആ പ്രസ്താവന കമ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ അടവുനയത്തിനപ്പുറം അടിത്തറ മാറ്റമാണെന്ന് തിരിച്ചറിയണം, അറിയിക്കണം. ഇതിന് രാഷ്ട്രീയാതീതമായ തലത്തിലും വേദികള്‍ ഒരുങ്ങണം.
ഇതിന് നാടുനീളെ ചര്‍ച്ചകള്‍ നടക്കണം. വലിയ ഹാളുകളിലല്ല, നാടിന്റെ മുക്കിനും മൂലയിലും ചര്‍ച്ചകളും സംവാദങ്ങളും ഉണ്ടാകണം. അതില്‍ എല്ലാ വിഭാഗത്തില്‍പ്പെട്ട ആളുകള്‍ക്കും അഭിപ്രായം പറയാന്‍ അവസരം വരണം. രണ്ടു കാര്യങ്ങളാണ് അതുവഴി സംഭവിക്കാന്‍ സഹായകമാകുന്നത്. ഒന്ന്: ഏറെ തെറ്റിദ്ധരിപ്പിച്ച് അനുയായികളേയും അണികളേയും കബളിപ്പിക്കുന്ന പ്രസ്ഥാനം ഒന്നുകില്‍ ഇല്ലാതാകും, അല്ലെങ്കില്‍ നേരേയാകും. രണ്ട്: ഒട്ടേറെ മേഖലകളില്‍ വൈദേശികമായ ആശയങ്ങള്‍ അടിച്ചേല്‍പ്പിച്ച്, നടപ്പാക്കാനാകാത്ത സങ്കല്പ്പങ്ങളില് സ്വപ്നം കാണിച്ച്, ചിലര്‍ രാജ്യപുരോഗതിക്ക് സൃഷ്ടിച്ച തടസം മാറിക്കിട്ടും.
ഇടതുപക്ഷം നശിക്കരുത്. അതിന് കമ്യൂണിസ്റ്റുകള്‍ നേതൃത്വം നല്കുന്ന ഇടതുപക്ഷമല്ല വേണ്ടത്. അധികാരവും മേല്‍ക്കൈയും കൊണ്ട് വഴിതെറ്റി പോകാവുന്ന ഭരണക്രമത്തെ തിരുത്താന്‍ കഴിവുറ്റ, നിയമനിര്‍മാണ സഭയില്‍ ഉണ്ടാകുന്ന ജനപ്രതിനിധികളുടെ സംഘമാണ്, ആകണം, ഇടതുപക്ഷം. ഫ്രഞ്ച് വിപ്ലവാനന്തരം തിരുത്തല്‍ ശക്തിയായവരാണ് ഇടതുപക്ഷമായത്. നിലപാടും നയവും അവസരത്തിനൊത്ത് തിരുത്തുകയും അധികാരത്തിലേറിക്കഴിഞ്ഞാല്‍ മറ്റൊരു നിലപാടെടുക്കുകയും ചെയ്യുന്നവരുടെ നിലപാടുമാറ്റം ചര്‍ച്ച ചെയ്യാത്തത് കുറ്റകരമായ മറ്റൊരു ഗൂഢാലോചനതന്നെയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: