തൃശൂര്‍: ഉത്സവങ്ങളും ആഘോഷങ്ങളോടനുബന്ധിച്ച് കലാപരിപാടികള്‍ അവതരിപ്പിക്കാന്‍ സര്‍ക്കാര്‍ അനുമതി നല്കാത്തതിനാല് വിവിധ മേഖലകളിലുള്ള കലാകാരന്മാരുടെ ജീവിതം കടുത്ത ദുരിതത്തിലാണെന്ന് സംസ്ഥാന കലാകാര കുടുംബ കൂട്ടായ്മ ഭാരവാഹികള്‍. സംസ്ഥാനത്ത് ഇപ്പോള്‍ രാജഭരണമാണ് നടക്കുന്നത്. കൊവിഡിനെ തുടര്‍ന്ന് മറ്റു മേഖലകളിലുള്ളവര്‍ക്കെല്ലാം തൊഴില്‍ ചെയ്യാന്‍ സര്‍ക്കാര്‍ ഇതിനകം അനുമതി നല്കി കഴിഞ്ഞു. രാഷ്ട്രീയ പാര്‍ട്ടികളുടെ സമ്മേളനങ്ങള്‍ക്കും പരിപാടികള്‍ക്കും അനുമതിയുണ്ട്. ഉത്സവങ്ങളും പൂരങ്ങളോടനുബന്ധിച്ചുള്ള കലാപരിപാടികള്‍ക്ക് മാത്രമാണ് നിലവില്‍ അനുമതി നല്‍കാത്തത്.
തൊഴിലും വരുമാനവുമില്ലാത്തതിനെ തുടര്‍ന്ന് ഗാനമേള, മിമിക്സ് പരേഡ്, നാടകം, വാദ്യമേളങ്ങള്‍, കാവടിയാട്ടം, തെയ്യം-തിറ, സൗണ്ട് ആന്റ് ലൈറ്റ് തുടങ്ങിയ മേഖലകളിലുള്ള കലാകാരന്മാര് ആത്മഹത്യയുടെ വക്കിലാണ്. പ്രളയക്കാലത്ത് ഫണ്ട് ശേഖരണത്തിനായി സര്‍ക്കാരിനൊപ്പം വേദി പങ്കിട്ട കലാകാരന്മാരോടുള്ള അവഗണന ഇനിയെങ്കിലും അവസാനിപ്പിക്കണമെന്ന് ഭാരവാഹികള്‍ ആവശ്യപ്പെട്ടു.
കലാകാരന്മാരോടുള്ള സര്‍ക്കാരിന്റെ നടപടിക്കെതിരെ പ്രക്ഷോഭത്തിനിറങ്ങും. ഇതിന്റെ ആദ്യഘട്ടമെന്ന നിലയില്‍ വരും ദിവസങ്ങളില്‍ കളക്ട്രേറ്റ് മാര്‍ച്ച് അടക്കമുള്ള സമരപരിപാടികള്‍ നടത്തും. വാര്‍ത്താസമ്മേളനത്തില്‍ ഭാരവാഹികളായ എം.വി ബിനു, പ്രവീണ്‍രാജ്, ഇ.ബി സെബി, പി.എ സജി, എം.ടി ഷാജു എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: