തൃശൂര്‍: തൃശൂരില്‍ പൂരപ്പെരുക്കത്തിന്റെ നാളുകള്‍ തുടങ്ങുകയായി. തൃശൂര്‍ പൂരത്തോടനുബന്ധിച്ച് പാറമേക്കാവ്-തിരുവമ്പാടി ദേവസ്വങ്ങള്‍ സംയുക്തമായി സംഘടിപ്പിക്കുന്ന പൂരംപ്രദര്ശനത്തിന്റെ ഉദ്ഘാടനം 10ന് നടക്കും. മുന്‍വര്‍ഷങ്ങളിലെ പോലെ പ്രദര്‍ശന നഗരിയിലെ കൗണ്ടറുകളില്‍ നിന്ന് ലഭിക്കുന്ന ടിക്കറ്റ് വഴിയാണ് കാണികള്‍ക്ക് പ്രവേശനമെന്ന് പൂരം പ്രദര്‍ശന കമ്മിറ്റി പ്രസിഡന്റ് കെ.സതീഷ്മേനോനും സെക്രട്ടറി വി.രാംകുമാറും അറിയിച്ചു.
സാധാരണ ദിവസങ്ങളില്‍ ഒരാള്‍ക്ക് 30 രൂപയാണ് ടിക്കറ്റ് നിരക്ക്. പൂരം ദിവസവും തലേന്നും പിറ്റേന്നും ടിക്കറ്റ് നിരക്ക് 50 രൂപയായിരിക്കും. രാവിലെ 10 മുതല്‍ രാത്രി 8 വരെയാണ് പ്രദര്‍ശന സമയം. ഓണ്‍ലൈന്‍ ബുക്കിങ് വഴി ഒരു ദിവസം 200 പേര്‍ക്ക് പ്രദര്‍ശനം കാണാന്‍ അനുമതി നല്‍കണമെന്നായിരുന്നു നേരത്തെ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. എന്നാല്‍ ഇത് പ്രായോഗികമല്ലെന്ന് ചൂണ്ടിക്കാട്ടി പ്രദര്‍ശന കമ്മിറ്റി ഭാരവാഹികള്‍ സര്‍ക്കാരിനെ പ്രതിഷേധമറിയിച്ചതിനെ തുടര്‍ന്ന് തീരുമാനം മാറ്റുകയായിരുന്നു. പാറമേക്കാവ് ക്ഷേത്രത്തിനു മുന്‍വശം വടക്കുന്നാഥ ക്ഷേത്ര മൈതാനത്ത് നടക്കുന്ന എക്സിബിഷനില്‍ 120 സ്റ്റാളുകള്‍ സജ്ജമാക്കിയിട്ടുണ്ട്. എക്സിബിഷന് നടത്താന്‍ അനുമതി ലഭിക്കാന്‍ വൈകിയതിനാല്‍ പ്രദര്‍ശന നഗരിയുടെ നിര്‍മ്മാണ പ്രവൃത്തികള്‍ വളരെ താമസിച്ചാണ് ആരംഭിച്ചത്. ഇത്തവണ സ്റ്റാളുകളുടെ എണ്ണം ഗണ്യമായി കുറച്ചിട്ടുണ്ട്. സ്റ്റാളുകളുടെ നിര്‍മ്മാണം ധൃതഗതിയില്‍ നടക്കുകയാണ്.
കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായി പാലിച്ചായിരിക്കും ഇത്തവണ പൊതുജനങ്ങള്‍ക്ക് പ്രദര്‍ശന നഗരിയിലേക്ക് പ്രവേശനം അനുവദിക്കുക. പ്രദര്‍ശന നഗരി രണ്ടു നേരം അണുവിമുക്തമാക്കും. ശരിയായ വിധത്തില്‍ മാസ്ക് ധരിച്ചവരെ മാത്രമേ അകത്തേക്ക് കടത്തിവിടൂ. പ്രവേശന കവാടത്തില്‍ നിന്ന് തന്നെ കാണികളെ സാനിറ്റൈസര്‍ ചെയ്യും. ഇതിനായി പ്രത്യേകം ജീവനക്കാരെ നിയോഗിക്കും. 45 വയസു കഴിഞ്ഞവര്‍ക്ക് കോവിഡ് വാക്സിനെടുക്കാനുള്ള സൗകര്യം പ്രദര്‍ശന നഗരിയിലുണ്ടാകും. കാര്‍ഷിക സര്‍വകലാശാല, കുടുംബശ്രീ, വെറ്ററിനറി സര്‍വകലാശാല തുടങ്ങി സര്‍ക്കാരിന്റെ വിവിധ വകുപ്പുകളുടെ പവലിയിനുകള്‍ വരും ദിവസങ്ങളില്‍ പ്രദര്‍ശന നഗരിയില്‍ പ്രവര്‍ത്തനമാരംഭിക്കും.
10ന് വൈകീട്ട് 5ന് മന്ത്രി എ.സി മൊയ്തീന് പ്രദര്‍ശനം ഉദ്ഘാടനം ചെയ്യും. മന്ത്രി വി.എസ് സുനില്‍കുമാര്‍ അധ്യക്ഷത വഹിക്കും. മേയര്‍ എം.കെ വര്‍ഗീസ്, കൊച്ചിന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് വി.നന്ദകുമാര്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ ഡേവിസ്, കോര്പ്പറേഷന് കൗണ്‍സിലര്‍ പൂര്‍ണിമാ സുരേഷ്, പാറമേക്കാവ്-തിരുവമ്പാടി ദേവസ്വം ഭാരവാഹികള്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ഉദ്ഘാടനം കഴിഞ്ഞാലും പൊതുജനങ്ങള്‍ക്ക് പ്രവേശനം ഉണ്ടാകില്ല. സ്റ്റാളുകളുടെ നിര്‍മ്മാണം പൂര്‍ത്തിയായതിനു ശേഷം 12ന് വൈകീട്ട് മുതല്‍ കാണികള്‍ക്ക് പ്രദര്‍ശന നഗരിയിലേക്ക് പ്രവേശിപ്പിച്ച് തുടങ്ങും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: