മ്യൂണിക്ക്: തുടക്കം മുതല്‍ ഒടുക്കം വരെ ആവേശം നിറഞ്ഞു നിന്ന മത്സരത്തില്‍ നിലവിലെ ചാമ്പ്യന്മാരായ ബയേണ്‍ മ്യൂണിക്കിനെ വീഴ്ത്തി പാരീസ് സെന്റ് ജര്‍മന്‍ (പിഎസ്ജി) ചാമ്പ്യന്‍സ് ലീഗിന്റെ സെമിക്കരികിലെത്തി. ബയേണിന്റെ തട്ടകത്തില്‍ നടന്ന ആദ്യ പാദ ക്വാര്‍ട്ടര്‍ ഫൈനലില്‍ രണ്ടിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഫ്രഞ്ച് ടീമായ പിഎസ്ജി വിജയിച്ചത്. മത്സരത്തിലെ ആദ്യ ഗോളും (മൂന്നാം മിനിറ്റ്്)അവസാന ഗോളും (68-ാം മിനിറ്റ്) നേടിയ കിലിയന്‍ എംബാപ്പെയാണ് പിഎസ്ജിയുടെ വിജയശില്‍പ്പി. രണ്ടാംപാദ ക്വാര്‍ട്ടറില്‍ തോല്‍ക്കാതിരുന്നാല്‍ പിഎസ്ജിക്ക് സെമിഫൈനലില്‍ കടക്കാം.
ചാമ്പ്യന്‍സ് ലീഗില്‍ തുടര്‍ച്ചയായ പത്തൊമ്പത് മത്സരങ്ങളില്‍ തോല്‍വിയറിയാതെ മുന്നേറിയ ബയേണ്‍ മ്യൂണിക്കിന്റെ ആദ്യ തോല്‍വിയാണിത്. പരിക്കേറ്റ് പ്ലേമേക്കര്‍ റോബര്‍ട്ട് ലെവന്‍ഡോസ്കിയുടെ അസാന്നിദ്ധ്യം ബയേണിന്റെ പ്രകടനത്തെ ബാധിച്ചു. പിഎസ്ജിക്ക് മധരു പ്രതികാരമായി ഈ വിജയം. പോയ സീസണിലെ ഫൈനലില്‍ പിഎസ്ജിയെ തോല്‍പ്പിച്ചാണ് ബയേണ്‍ കിരീടമുയര്‍ത്തിയത്.
കളിയുടെ മൂന്നാം മിനിറ്റില്‍ തന്നെ എംബാപ്പെയുടെ ഗോളില്‍ പിഎസ്ജി ലീഡ് എടുത്തു. ബ്രസീലിയന്‍ സൂപ്പര്‍ സ്റ്റാര്‍ നെയ്മറാണ് ഗോളിന് വഴിയൊരുക്കിയത്. നെയ്മറുടെ പാസ് എംബാപ്പെ അനായാസം വലയിലാക്കി. 28-ാം മിനിറ്റില്‍ മാര്‍ക്വിഞ്ഞോസ് ലീഡ് 2-0 ആയി ഉയര്‍ത്തി. നെയ്മറാണ് ഈ ഗോളിനും വഴിയൊരുക്കിത്്. രണ്ട് ഗോള്‍ വലയില്‍ വീണതോടെ ബയേണ്‍ പോരാട്ടം മുറുക്കി. ഇടവേളയ്ക്ക് മുമ്പ് ഒരു ഗോള്‍ മടക്കി. ചോപ്പോ മോട്ടിങ്ങാണ് സ്കോര്‍ ചെയ്തത്. രണ്ടാം പകുതിയുടെ തുടക്കത്തില്‍ തോമസ് മുള്ളറും ഗോള്‍ നേടിയതോടെ ഇരു ടീമുകളും ഒപ്പത്തിനൊപ്പം (2-2). എന്നാല്‍ 68-ാം മിനിറ്റില്‍ നിര്‍ണായക ഗോളിലൂടെ എംബാപ്പെ പിഎസ്ജിക്ക് വിജയമൊരുക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: