തിരുവനന്തപുരം: കേരളത്തിലെ 45 ലധികം മണ്ഡലങ്ങളില്‍ എന്‍ഡിഎയെ പരാജയപ്പെടുത്താന്‍ സിപിഎമ്മും കോണ്‍ഗ്രസും പരസ്പരം വോട്ടുമറിച്ചിട്ടുണ്ടെന്ന് എന്‍ഡിഎ സംസ്ഥാന ചെയര്മാന് പി.കെ. കൃഷ്ണദാസ്. ഇത് സിപിഎം കേന്ദ്രകമ്മറ്റിയുടെയും കോണ്‍ഗ്രസ് ഹൈക്കമാന്റിന്റെയും പൂര്‍ണമായ അറിവോടെയാണ് സിപിഎമ്മിന്റെയും കോണ്‍ഗ്രസിന്റെയും സംസ്ഥാനഘടകങ്ങള്‍ എന്‍ഡിഎ ജയസാധ്യതയുള്ള സീറ്റുകള്‍ പകുതിവീതം പങ്കിട്ടതെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.
നിലവിലെ എന്‍ഡിഎയുടെ അക്കൗണ്ട് ക്ലോസ് ചെയ്യുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെയും മഞ്ചേശ്വരത്ത് സിപിഎം വോട്ടുമറിച്ചെന്ന കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെയും പ്രസ്താവനകള്‍ ഈ അട്ടിമറിക്ക് തെളിവാണ്. കേരളത്തിന് പുറത്ത് പരസ്യധാരണയോടെ പ്രവര്‍ത്തിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ആ സഹകരണം കേരളത്തിനുള്ളിലും നടപ്പാക്കണം. എന്നാല്‍ കേരളത്തിലെ ജനത ഇത് തിരിച്ചറിഞ്ഞ് തള്ളിക്കളഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. നിയമസഭയ്ക്ക് പുറത്ത് നിര്‍ണായക ശക്തിയായിരുന്ന ബിജെപി ഇനി നിയമസഭയ്ക്കകത്തും കേരള രാഷ്ട്രീയത്തെയും ഭരണത്തെയും നിയന്ത്രിക്കുന്ന നിര്‍ണായക ശക്തിയാകും.
മഞ്ചേശ്വരത്ത് ബിജെപിയെ തോല്‍പ്പിക്കാന്‍ മുല്ലപ്പള്ളി രാമചന്ദ്രന് സിപിഎം സഹായം തേടിയത് വരാന്‍പോകുന്ന സിപിഎം-കോണ്‍ഗ്രസ് സഖ്യത്തിന്റെ പരസ്യമായ ചുവടുവയ്പ്പാണ്. കേരളത്തില്‍ ഇതുവരെ അണിയറയില്‍ മാത്രം പ്രവര്‍ത്തിച്ചിരുന്ന ഈ സഖ്യം ഇനി അരങ്ങത്തേക്ക് വരാന്‍ പോകുകയാണ്. പാനൂരില്‍ മുസ്ലിംലീഗ് പ്രവര്‍ത്തകന്റെ കൊലപാതകം മുല്ലപ്പള്ളിക്കേറ്റ തിരിച്ചടിയാണ്. പെരിയയിലെ അടക്കം യുഡിഎഫ് പ്രവര്‍ത്തകരുടെ രക്തസാക്ഷിത്വം വിസ്മരിച്ച് സിപിഎം പിന്തുണ തേടിയ മുല്ലപ്പള്ളി അധികാരത്തിനപ്പുറം മറ്റൊന്നുമില്ലെന്ന് തെളിയിച്ചിരിക്കുകയാണ്. പാനൂരിലെ കൊലപാതകത്തില്‍ കോണ്‍ഗ്രസും യുഡിഎഫും നടത്തുന്ന പ്രതിഷേധത്തില്‍ യാതൊരു ആത്മാര്‍ഥതയുമില്ല. യുഡിഎഫ് അണികള്‍ ഇക്കാര്യത്തെക്കുറിച്ച് ആത്മപരിശോധന നടത്തണമെന്നും കൃഷ്ണദാസ് ആവശ്യപ്പെട്ടു.
എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് ഓഫ് ഇന്ത്യ, ജമായത്തെ ഇസ്ലാമി തുടങ്ങി മതതീവ്രവാദ സംഘടനകള്‍ കോണ്‍ഗ്രസിനെയും സിപിഎമ്മിനെയും ഇക്കുറി പിന്തുണച്ചു. ഈ സംഘടനകളാണ് ഇടതുവലത് മുന്നണികളെ നിയന്ത്രിക്കുന്നതെന്നും കൃഷ്ണദാസ് ആരോപിച്ചു.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി. സുകുമാരന്‍നായരെ വിരട്ടി വരുതിയിലാക്കാമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് അടക്കമുള്ള സിപിഎം നേതാക്കള്‍ കരുതേണ്ടെന്നും പി.കെ. കൃഷ്ണദാസ്. ഹിന്ദു സാമുദായിക സംഘടനാ നേതാക്കളെ ഭീഷണിപ്പെടുത്തുന്നതില്‍ നിന്ന് സിപിഎം നേതാക്കള്‍ പിന്മാറണമെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
എന്‍എസ്എസിനെ പോലുള്ള സംഘടനകളെ വിരട്ടി വരുതിയില്‍ നിര്‍ത്താമെന്ന കാലം കഴിഞ്ഞു. എന്‍എസ്എസ് ജനറല്‍സെക്രട്ടറി ജി. സുകുമാരന്‍നായരെ പിണറായി വിജയന് ഉള്‍പ്പെടെയുള്ള സിപിഎം നേതാക്കള്‍ വളഞ്ഞിട്ട് ആക്രമിക്കുകയാണ്. ഏതെങ്കിലും എല്‍ഡിഎഫ് നേതാവിനെ വിജയിപ്പിക്കാമെന്ന് എന്‍എസ്എസ് ഉറപ്പു നല്‍കിയിട്ടുണ്ടോ എന്ന് കൃഷ്ണദാസ് ചോദിച്ചു. അങ്ങനെ ഉറപ്പു നല്‍കിയിട്ട് പിന്മാറിയെങ്കില് മാത്രമേ എന്‍എസ്എസ് വഞ്ചിച്ചൂ എന്ന സിപിഎം നേതാക്കളുടെ പരിദേവനത്തില്‍ അര്‍ഥമുള്ളൂ.
കേരളത്തിലെമ്പാടും ഏകപക്ഷീയമായി സിപിഎം അക്രമം വ്യാപകമാണ്. കഴക്കൂട്ടത്ത് ബിജെപിയുടെ ബൂത്ത് ഏജന്റിന് സിപിഎമ്മുകാരുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റു. കാട്ടാക്കടയില്‍ നിരവധി ബിജെപി പ്രവര്‍ത്തകരുടെ വാഹനങ്ങള്‍ തീയിട്ടു നശിപ്പിച്ചു. വീടുകള്‍ അടിച്ചു തകര്‍ത്തു. വീടുകള്‍ക്ക് നേരെ ബോംബെറിഞ്ഞു. ധര്‍മടത്തും സമാനമായ നിരവധി അക്രമസംഭവങ്ങളുണ്ടായി. ബിജെപി പ്രവര്‍ത്തകര്‍ സംയമനം പാലിച്ചതുകൊണ്ടാണ് സംഘര്‍ഷമുണ്ടാകാത്തത്.
കാട്ടാക്കടയില്‍ കള്ളവോട്ട് കൈയോടെ പിടിച്ചതാണ് സിപിഎം പ്രകോപനത്തിന് കാരണം. കള്ളവോട്ടിലും ഇരട്ടവോട്ടിലും വിശ്വസിച്ചാണ് പിണറായി വിജയന് ഭരണത്തുടര്‍ച്ച അവകാശപ്പെട്ടത്. കാട്ടാക്കടയില്‍ അടക്കം പലേടത്തും യുഡിഎഫിന് ബൂത്ത് ഏജന്റുമാര്‍ പോലും ഇല്ലാതിരുന്നെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: