വാഷിങ്ടണ്‍: കൊറോണ ഉണ്ടാക്കിയ സാമ്പത്തിക മാന്ദ്യം മറികടന്ന് ഇന്ത്യയുടെ സാമ്പത്തിക മേഖല അതിവേഗം തിരിച്ചുവരികയാണെന്ന് ലോക ബാങ്ക്. 2021-22 സാമ്പത്തിക വര്‍ഷത്തില്‍ ഇന്ത്യ 7.5 മുതല്‍ 12.5 ശതമാനം വരെ ജിഡിപി നിരക്ക് നേടുമെന്ന് വ്യക്തമാക്കി. ലോക ബാങ്ക് പുറത്തിറക്കിയ ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഇന്ത്യയുടെ അത്ഭുതകരമായ തിരിച്ചുവരവിനെ ചൂണ്ടിക്കാട്ടുന്നത്.
കഴിഞ്ഞ വര്‍ഷം ഇതേ സമയം രാജ്യം വന്‍ വ്യവസായശാലകള്‍ ഉള്‍പ്പെടെ അടച്ചു പൂട്ടി. സമാനതകളില്ലാത്ത പ്രതിസന്ധികളെയാണ് ആ സമയം ലോകം അഭിമുഖീകരിച്ചത്. എന്നാല്‍ ഇതിനെ എല്ലാം അതിജീവിച്ച് ഇന്ത്യന്‍ സാമ്പത്തിക മേഖല അത്ഭുതകരമായി തിരിച്ചുവരികയാണ്. ദക്ഷിണ ഏഷ്യന്‍ സാമ്പത്തിക മേഖലയിലെ സാമ്പത്തിക മാന്ദ്യം നീങ്ങിയിട്ടില്ലെന്നാണ് വാഷിങ്ടണ്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന ലോക ബാങ്കും ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ടും(ഐഎംഎഫ്) വ്യക്തമാക്കുന്നത്.
2020ല്‍ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ചാ നിരക്ക് 4.0 ശതമാനത്തിലേക്ക് താഴ്ന്നിരുന്നു. സ്വകാര്യ ഉപഭോഗത്തില്‍ കുറവു രേഖപ്പെടുത്തിയതും ബാങ്കിതര സാമ്പത്തിക സ്ഥാപനങ്ങള്‍ നേരിട്ട പ്രതിസന്ധികളുമാണ് മുന്‍ വര്‍ഷം സാമ്പത്തിക വളര്‍ച്ചയില്‍ ഇടിവുണ്ടാക്കാന്‍ കാരണമായി ചൂണ്ടിക്കാട്ടപ്പെടുന്നത്. മഹാമാരിയുടെ ഭാവിക്കനുസരിച്ചും സാമ്പത്തിക പരിഷ്കരണങ്ങളിലെ വേഗത്തിനനുസരിച്ചും 7.5 മുതല്‍ 12.5 വരെ വളര്‍ച്ചാ നിരക്ക് ഉണ്ടായേക്കാം. സാമ്പത്തിക വളര്‍ച്ചയില്‍ സ്ഥിരത ഉണ്ടാകുന്നതിന് കൊറോണ വാക്സിന്റെ വിതരണവുമായി കൂടി ബന്ധമുണ്ട്.
രണ്ടാം തരംഗത്തെ അഭിമുഖീകരിക്കുമ്പോള്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തേണ്ടി വരികയോ ലോക വിപണിയുടെ തിരിച്ചുവരവ് തുടങ്ങിയവയും ഇന്ത്യന്‍ വിപണിയേയും സ്വാധീനിക്കുമെന്നും ലോക ബാങ്ക് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: