തിരുവനന്തപുരം: ഫുഡ് കോര്പ്പറേഷന് ഓഫ് ഇന്ത്യയില്‍ നിന്ന് സംസ്ഥാനങ്ങള്‍ക്ക് അരി വിതരണം ചെയ്യുന്നത് ഒരുമാസം മുന്‍കൂറായി. ഇങ്ങനെ കിട്ടുന്ന അരി അഞ്ചുമാസം ‘പൂഴ്ത്തി’വച്ചിരിക്കുകയായിരുന്നു. സര്‍ക്കാര്‍ അരി 790717.81 മെട്രിക് ടണ്‍ വരും.
ഏപ്രില്‍ മാസത്തേക്കുള്ള അരി ഫുഡ്കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയില്‍ നിന്നും ഈമാസം വിതരണം ചെയ്ത് കഴിഞ്ഞു. കേരളത്തിന്റെ വിഹിതം കൃത്യമായി ഏറ്റെടുക്കുകയും ചെയ്തു.ഇത്തരത്തിലാണ് എല്ലാ മാസവും അരിവിതരണം ചെയ്യുന്നത്. സ്കൂളുകളിലേക്കുള്ള അരിയും ഇതേ രീതിയിലാണ് എഫ്സിഐ സംസ്ഥാനങ്ങള്‍ക്ക് നല്‍കുന്നത്. സ്കൂളുകള്‍ പൂര്‍ണമായി പ്രവര്‍ത്തിക്കാത്തതിനാല്‍ കഞ്ഞിയ്ക്കുള്ള അരിവിഹിതം ഓരോ വിദ്യാര്‍ഥിക്കും നല്‍കണമെന്ന് കേന്ദ്രം നിര്‍ദേശിച്ചിരുന്നു. ഇത് സംസ്ഥാനം ഒറ്റത്തവണ മാത്രമാണ് നല്‍കിയത്. ശേഷിക്കുന്നവ മുഴുവന്‍ തെരഞ്ഞെടുപ്പ് ലക്ഷ്യമാക്കി ഇപ്പോള്‍ വിതരണം ചെയ്യുകയാണ്.
സംസ്ഥാനത്തെ 50 ലക്ഷത്തോളം വരുന്ന മുന്‍ഗണനേതര (നീല, വെള്ള) കാര്‍ഡുകാര്‍ക്ക് കിലോയ്ക്ക് 15 രൂപ നിരക്കില്‍ 10 കിലോ അരി വിതരണം ചെയ്യാന്‍ സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത് ലോക്ഡൗണ്‍ കാലത്താണ്. ഫുഡ് കോര്പറേഷന് ഓഫ് ഇന്ത്യയില്‍നിന്ന് ഓപ്പണ്‍ മാര്‍ക്കറ്റ് സ്കീം വഴി 22.50 രൂപക്ക് വാങ്ങുന്ന അരി സബ്സിഡിയോടെ 15 രൂപയ്ക്ക് നല്‍കുമെന്നാണ് പറഞ്ഞത്. എന്നാല്‍, ഫണ്ട് അപര്യാപ്തമെന്ന് ചൂണ്ടിക്കാട്ടി മുന്നറിയിപ്പ് കൂടാതെ നവംബറോടെ സ്പെഷല്‍ അരി വിതരണം സര്‍ക്കാര്‍ നിര്‍ത്തിവെച്ചു. നവംബര്‍, ഡിസംബര്‍, ജനുവരി മാസങ്ങളില്‍ മുന്‍കൂര്‍ സ്റ്റോക്കെടുത്തത് ഇതോടെ കെട്ടിക്കിടന്നു. ഇത് പൂഴ്ത്തിവെയ്ക്കാനായി സ്റ്റോക്കില്ലാത്ത കടകളില്‍കൂടി പൂര്‍ണമായി അരി എത്തിച്ചശേഷം വിതരണം ആരംഭിച്ചാല്‍ മതിയെന്ന് ഭക്ഷ്യവകുപ്പും നിര്‍ദ്ദേശിച്ചു. ഇതിന്റെ മറവില്‍ 790717.81 മെട്രിക് ടണ്‍ അരിയാണ് (ഏകദേശം 1200 ലോഡ്) കഴിഞ്ഞ അഞ്ച് മാസമായി സംസ്ഥാനത്തെ വിവിധ റേഷന്‍ കടകളിലായി പൂഴ്ത്തി വച്ചത്.
കെട്ടിക്കിടക്കുന്ന അരി വിതരണം ചെയ്യാന്‍ അടിയന്തര നടപടി ആവശ്യപ്പെട്ട് റേഷന്‍ വ്യാപാരി സംഘടനകള്‍ നിരവധി തവണ മുഖ്യമന്ത്രിക്കും ഭക്ഷ്യമന്ത്രിക്കും നിവേദനം നല്‍കിയെങ്കിലും സര്‍ക്കാര്‍ മൗനം പാലിച്ചു. ഒടുവില്‍ തെരഞ്ഞെടുപ്പ് ഏപ്രിലില്‍ എത്തുമെന്ന് മനസ്സിലാക്കിയാണ് ഫെബ്രുവരി നാലിന് ചേര്‍ന്ന മന്ത്രിസഭാ യോഗം മാര്‍ച്ച് , ഏപ്രില്‍ മാസങ്ങളില്‍ വീണ്ടും സ്പെഷല്‍ അരി വിതരണം പുനരാരംഭിക്കാന്‍ തീരുമാനിച്ചത്. അതാണ് ഇപ്പോള്‍ വിതരണം ചെയ്യുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: