തിരുവനന്തപുരം: ആചാരങ്ങള്‍ തകര്‍ക്കാന്‍ ശ്രമിച്ച് വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിച്ചവര്‍ക്ക് ഈ തെരഞ്ഞെടുപ്പിലൂടെ ശക്തമായ തിരിച്ചടി നല്കാന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ആഹ്വാനം ചെയ്തു. കഴക്കൂട്ടം മണ്ഡലത്തിലെ എന്‍ഡിഎ സ്ഥാനാര്‍ഥി ശോഭ സുരേന്ദ്രന്റെ പ്രചാരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ച റോഡ് ഷോ നയിച്ച് ആയിരങ്ങളെ അഭിസംബോധന ചെയ്യുകയായിരുന്നു യോഗി.
വിശ്വാസികള്‍ക്ക് വേണ്ടി പ്രവര്‍ത്തിക്കേണ്ട ദേവസ്വം മന്ത്രി വിശ്വാസികള്‍ക്കെതിരെ പ്രവര്‍ത്തിച്ചു. ശബരിമലയിലെ ആചാരം തകര്‍ക്കാന്‍ നേതൃത്വം നല്കിയ മന്ത്രിയാണ് കഴക്കൂട്ടത്ത് മത്സരിക്കുന്നത്. അവര്‍ക്ക് തെരഞ്ഞെടുപ്പിലൂടെ മറുപടി നല്‍കണം. ആചാരങ്ങളും വിശ്വാസങ്ങളും തകര്‍ക്കുന്നത് എല്‍ഡിഎഫ് സര്‍ക്കാര്‍ ജന്മാവകാശമായി കാണുകയാണ്. എല്‍ഡിഎഫും യുഡിഎഫും ഒരേ തൂവല്‍പ്പക്ഷികളാണ്. ഇരുകൂട്ടരും മാറി മാറി ഭരിച്ചിട്ടും കേരളത്തിന്റെ വികസനത്തിന് ഒന്നും ചെയ്തില്ല. തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ ബിജെപിയെ അധികാരത്തിലേറ്റേണ്ടത് അനിവാര്യമാണ്, യോഗി പറഞ്ഞു.
അയോധ്യയിലെ രാമക്ഷേത്ര നിര്‍മാണത്തിന് സംഭാവന നല്കിയ മുഴുവന്‍ ജനങ്ങളെയും യോഗി അഭിനന്ദിച്ചു. കഴക്കൂട്ടത്തെ കാവിക്കടലാക്കിയ റോഡ് ഷോയില്‍ കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വഥ് നാരായണും പങ്കെടുത്തു. യോഗിയെ കൂറ്റന്‍ ഹാരമണിയിച്ചാണ് പ്രവര്‍ത്തകര്‍ വരവേറ്റത്. ശോഭ സുരേന്ദ്രനെയും യോഗിയെയും കിരീടവും അണിയിച്ചു.
ഇടത്, വലത് മുന്നണികളുടേത് വോട്ടുബാങ്ക് രാഷ്ട്രീയമാണെന്ന് അടൂരില്‍ എന്‍ഡിഎ സ്ഥാനാര്‍ഥി അഡ്വ. പന്തളം പ്രതാപന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം നടത്തിയ റോഡ് ഷോയില്‍ പ്രസംഗിക്കവെ യോഗി പറഞ്ഞു. അധികാരത്തിനുവേണ്ടി രാഷ്ട്രീയ നീക്കുപോക്കാണ് ഇരുമുന്നണികളും നടത്തുന്നത്. ഒരു പക്ഷം എസ്ഡിപിഐയെ പോലെയുള്ളവരെ പ്രീണിപ്പിക്കുമ്പോള്‍ മറുഭാഗം ജമാ അത്തെ ഇസ്ലാമിയടക്കമുള്ളവരെ സന്തോഷിപ്പിക്കുന്നു. ഹൈക്കോടതി ആവശ്യപ്പെട്ടിട്ടു പോലും കേരളത്തില്‍ ലൗ ജിഹാദിനെതിരെ നടപടിയെടുക്കാന്‍ സര്‍ക്കാര്‍ തയാറായില്ല. യുവതലമുറയെ നശിപ്പിക്കുന്ന ലൗ ജിഹാദ് എന്ന വിപത്തിനെതിരെ യുപിയില്‍ നിയമം നടപ്പാക്കിയിട്ടുണ്ട്. എന്നാല്‍ വോട്ടുബാങ്ക് രാഷ്ട്രീയത്തിന്റെ പേരില്‍ കേരളത്തില്‍ അതിനു സര്‍ക്കാര്‍ തയാറാകുന്നില്ല, യോഗി പറഞ്ഞു.
കേരളത്തില്‍ ഇടത്, വലത് മുന്നണികള്‍ തമ്മില്‍ ശക്തമായ അന്തര്‍ധാരയുണ്ടെന്ന് ഹരിപ്പാട്ട് എന്‍ഡിഎ സ്ഥാനാര്‍ഥി കെ. സോമന്റെ തെരഞ്ഞെടുപ്പ് പ്രചാരണാര്‍ഥം സംഘടിപ്പിച്ച മഹാസമ്മേളനത്തെ അഭിസംബോധന ചെയ്ത് യോഗി പറഞ്ഞു. കേരള സര്‍ക്കാര്‍ അറിഞ്ഞുള്ള സ്വര്‍ണക്കടത്ത് നാടിന് ലജ്ജാകരമാണ്. കേരളത്തെ കൊള്ളയടിക്കുകയാണ് ഇവരുടെ ലക്ഷ്യം. കേന്ദ്രത്തില്‍ നിന്നുള്ള ഫണ്ട് ജനങ്ങളുടെ പുരോഗതിക്ക് വിനിയോഗിക്കാതെ പാര്‍ട്ടിയുടെ ആവശ്യങ്ങള്‍ക്ക് ഇക്കൂട്ടര്‍ ഉപയോഗിക്കുന്നതായും യോഗി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: