തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാരിന്റെ തെറ്റായ നയങ്ങളെ തുടര്‍ന്ന് കേരളത്തിലെ മത്സ്യത്തൊഴിലാളികള്‍ ഭീതിയിലാണെന്ന് കേന്ദ്ര ഫിഷറീസ് മന്ത്രി ഗിരിരാജ് സിങ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശ ട്രോളറുകള്‍ക്ക് അനുമതി നല്‍കിയുള്ള കരാര്‍, തുറമുഖങ്ങളില്‍ മത്സ്യത്തൊഴിലാളികള്‍ക്ക് ഏര്‍പ്പെടുത്തിയിരിക്കുന്ന പ്രത്യേക ഫീസ് തുടങ്ങി സംസ്ഥാന സര്‍ക്കാരിന്റെ നടപടികളാണ് അവരെ ഭീതിയിലാക്കുന്നത്. മോദി സര്‍ക്കാര്‍ കേന്ദ്രം ഭരിക്കുമ്പോള്‍ മത്സ്യത്തൊഴിലാളികള്‍ക്ക് യാതൊരു ഭയവും ആശങ്കയും വേണ്ടെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ഫിഷറീസ് മന്ത്രാലയം വേണമെന്നാണ് അടുത്തിടെ കോണ്‍ഗ്രസ് എംപി രാഹുല്‍ ആവശ്യപ്പെട്ടത്. എന്നാല്‍ 2019 ല്‍ തന്നെ മോദി സര്‍ക്കാര്‍ ഇത് പ്രത്യേക മന്ത്രാലയമായി രൂപീകരിച്ചത് അദ്ദേഹം അറിഞ്ഞിട്ടില്ല. അദ്ദേഹം മത്സ്യബന്ധനവുമായി ബന്ധപ്പെട്ട ചില ചോദ്യങ്ങള്‍ ഫിഷറീസ് മന്ത്രി എന്ന നിലയില്‍ എന്നോട് പാര്‍ലമെന്റില്‍ ചോദിച്ചിരുന്നു. അതിനുള്ള കൃത്യമായ മറുപടിയും നല്കി. പിന്നെ എന്തിനാണ് അദ്ദേഹം ഇത്തരം മണ്ടത്തരങ്ങള്‍ പറയുന്നതെന്ന് അറിയില്ല. മുമ്പ് ഫിഷറീസ് മന്ത്രാലയത്തിന്റെ ഉത്തരം തേടി പാര്‍ലമെന്റില്‍ ചോദ്യം ചോദിച്ചത് രാഹുല്‍ തന്നെയാണോ അതോ മറ്റ് വല്ല തട്ടിപ്പുകാരുമാണോ എന്നും അദ്ദേഹം ചോദിച്ചു.
പശ്ചിമ ബംഗാളില്‍ പണം കട്ടെടുക്കുന്ന സര്‍ക്കാരാണെങ്കില്‍ കേരളത്തില്‍ കമ്മീഷന് സര്‍ക്കാരാണ്. ഇവിടെ കമ്മീഷന് കൊടുക്കാതെ ഒന്നും നടക്കില്ല. കമ്മീഷന് പണം കൊണ്ടാണ് സര്‍ക്കാര്‍ പോലും തുടരുന്നത്. ന്യൂനപക്ഷ പ്രീണനം നടത്തുന്ന പിണറായി സര്‍ക്കാര്‍ ലൗ ജിഹാദും ഹലാലും പ്രോത്സാഹിപ്പിക്കുകയാണ്. ലോകം കേരളത്തെ അറിയുന്നത് നാളികേരത്തിന്റെയും കയറിന്റെയും പേരിലാണ്. ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങള്‍ നടത്തിയിരുന്നവര്‍ ഇടതു സര്‍ക്കാരിന്റെ തെറ്റായ നയം മൂലം അയല്‍സംസ്ഥാനങ്ങളിലേക്ക് ചേക്കേറി.
തീരത്തോടടുത്ത് കടലില്‍ മത്സ്യസമ്പത്ത് വര്‍ധിപ്പിക്കുന്നതിന് മത്സ്യപ്രജനനത്തിന് പ്രത്യേകപദ്ധതി കൊണ്ടുവന്നിട്ടുണ്ട്. പദ്ധതിക്കായി 25 ശതമാനം സബ്സിഡി തുക സര്‍ക്കാര്‍ നല്‍കുന്നുണ്ട്. എന്നാല്‍, കേരളം അതിനു വേണ്ടി ഒന്നും ചെയ്യുന്നില്ല. ഇരുനൂറിലധികം കടലോര ഗ്രാമങ്ങളെ സ്മാര്‍ട്ട് വില്ലേജുകളാക്കാനുള്ള പദ്ധതി ആവിഷ്കരിച്ചു. 2014ന് ശേഷം 9600 കോടി രൂപ മത്സ്യബന്ധന മേഖലയില്‍ ചെലവഴിക്കാന്‍ മോദി സര്‍ക്കാരിന് സാധിച്ചെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തില്‍ പുതുതായി നിര്‍മ്മിച്ച ഒമ്പത് ഹാര്‍ബറുകളില്‍ നാലെണ്ണത്തിന്റെ നിര്‍മ്മാണത്തിന് 75 ശതമാനം പണവും നല്‍കിയത് കേന്ദ്ര സര്‍ക്കാരാണ്. പക്ഷേ അതിന്റെ ഉദ്ഘാടന ചടങ്ങിലേക്ക് കേന്ദ്ര സര്‍ക്കാരുമായി ബന്ധപ്പെട്ട ആരെയും പിണറായി സര്‍ക്കാര്‍ ക്ഷണിച്ചില്ല. രൂക്ഷമായ കടലാക്രമണം നേരിടുന്ന കേരള തീരത്ത് കടല്‍ഭിത്തി നിര്‍മ്മിക്കാന്‍ ഈ സര്‍ക്കാര്‍ ഒന്നും ചെയ്തില്ല. സംസ്ഥാന ഫിഷറീസ് വകുപ്പ് മന്ത്രി എന്ന നിലയില്‍ ജെ. മേഴ്സിക്കുട്ടിയമ്മ ഇതുവരെ കേന്ദ്ര ഫിഷറീസ് മന്ത്രാലയത്തില്‍ വരികയോ നേരിട്ടു കാണുകയോ ചെയ്തിട്ടില്ല. കടല്‍ഭിത്തി നിര്‍മ്മാണത്തിന് സമഗ്രമായ പദ്ധതി കേന്ദ്ര സര്‍ക്കാര്‍ നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: