ലണ്ടന്‍: യൂറോപ്പിലെ മുന്‍നിര ടീമുകളായ ഫ്രാന്‍സ്, ജര്‍മനി, സ്പെയിന്, ഇംഗ്ലണ്ട്, ഇറ്റലി ടീമുകള്‍ ലോകകപ്പ് യോഗ്യതാ മത്സരങ്ങളില്‍ വിജയം നേടി. സ്പെയിന് ഗ്രൂപ്പ് ബിയില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് ജോര്‍ജിയയെ പരാജയപ്പെടുത്തി. ഫെറാന്‍ ടോറസ്, ഡാനിയല്‍ ഒല്‍മോ എന്നിവരാണ് സ്പെയിനായി സ്കോര്‍ ചെയ്തത്. ജോര്‍ജിയയുടെ ആശ്വാസ ഗോള്‍ കറാത്്സ്ഖേലിയയാണ് നേടിയത്. ഈ വിജയത്തോടെ സ്പെയിന് രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി.
ഫ്രാന്‍സ് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക്് കസാക്സ്ഥാനെ തോല്‍പ്പിച്ചു. ഡെംബലെ ഒരു ഗോള്‍ നേടി. രണ്ടാം ഗോള്‍ കസാക്സ്ഥാന്റെ സംഭാവനയായിരുന്നു. ഈ വിജയത്തോടെ ഫ്രാന്‍സ് ഗ്രൂപ്പ് ഡി യില്‍ രണ്ട് മത്സരങ്ങളില്‍ നാലു പോയിന്റുമായി ഒന്നാം സ്ഥാനത്തെത്തി.
ഇറ്റലി അപരാജിത കുതിപ്പ് തുടരുകയാണ്. ബള്‍ഗേറിയയെ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. ഇറ്റലി തോല്‍വിയറിയാത്ത മുന്നേറുന്ന 24-ാം മത്സരമാണിത്. ബലോട്ടിയും ലോകേറ്റ്ലിയുമാണ് ഇറ്റലിക്കായി ഗോളുകള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ഇറ്റലി ഗ്രൂപ്പ് സിയില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഇംഗ്ലണ്ട് മടക്കമില്ലാത്ത രണ്ട് ഗോളുകള്‍ക്ക് അല്‍ബേനിയയെ തോല്‍പ്പിച്ചു. ഹാരി കെയ്ന്‍, എം. മൗണ്ട് എന്നിവരാണ് ഗോളുകള്‍ നേടിയത്. ആദ്യ മത്സരത്തില്‍ സാന്‍മാരിനോയെ തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഇതോടെ രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റായി.
ഗ്രൂപ്പ് ജെ യില്‍ ജര്‍മനി എതിരില്ലാത്ത ഒരു ഗോളിന് റുമാനിയയെ തോല്‍പ്പിച്ചു. സെര്‍ജ് ഗ്നാബ്രിയാണ് വിജയഗോള്‍ നേടിയത്. രണ്ട് മത്സരങ്ങളില്‍ ആറു പോയിന്റുമായി ജര്‍മനി ഗ്രൂപ്പില്‍ ഒന്നാം സ്ഥാനത്ത് തുടരുകയാണ്.
ഗ്രൂപ്പ് എഫില്‍ ഡെന്മാര്ക്ക് ഏകപക്ഷീയമായ എട്ട് ഗോളുകള്‍ക്ക് മോള്‍ഡോവയെ പരാജയപ്പെടുത്തി. ഡോള്‍ബെര്‍ഗും ഡാംസ്ഗാര്‍ഡും രണ്ട് ഗോള്‍ വീതം നേടി. ലാര്സണ്, ജെന്സണ്, സ്കോവ്, ഇന്ഗാര്ട്ട്സണ് എന്നിവര്‍ ഓരോ ഗോള്‍ വീതം നേടി. ഡെന്മാര്ക്കിന്റെ തുടര്‍ച്ചയായ രണ്ടാം വിജയമാണിത്.
ഗ്രൂപ്പ് ഐ യില്‍ പോളണ്ട് എതിരില്ലാത്ത മൂന്ന്് ഗോളുകള്‍ക്ക് അന്‍ഡോറയെ തോല്‍പ്പിച്ചു. രണ്ട് ഗോളും റോബര്‍ട്ട് ലെവന്‍ഡോസ്കിയാണ് നേടിയത്. മറ്റൊരു മത്സരത്തില്‍ സ്വീഡന് ഏകപക്ഷീയമായ മൂന്ന് ഗോളുകള്‍ക്ക്് കോസോവയെ തകര്‍ത്തുവിട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: