തലശേരി: തെരഞ്ഞെടുപ്പില്‍ ബിജെപി വാഗ്ദാനം ചെയ്ത പിന്തുണയെ സ്വാഗതം ചെയ്ത് തലശേരി നിയോജകമണ്ഡലം സ്ഥാനാര്‍ത്ഥി സിഒടി നസീര്‍. സിപിഎമ്മിന്റെ അക്രമരാഷ്ട്രീയത്തിന് തലശേരിയില്‍ മറുപടി നല്‍കുമെന്നും വിജയിക്കുമെന്നും നസീര്‍ പറഞ്ഞു.
ഇന്ത്യന്‍ ഗാന്ധിയന്‍ പാര്‍ട്ടിയെ പ്രതിനിധീകരിക്കുന്ന സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായാണ് നസീര്‍ തലശേരിയില്‍ മത്സരിക്കുന്നത്. ‘സിപിഎമ്മില്‍ അസ്വസ്ഥത ഉണ്ട്, കോണ്‍ഗ്രസില്‍ അസ്വസ്ഥത ഉണ്ട്. അവരുടെ അനുഭാവികള്‍ പിന്തുണ തന്നാലും സ്വീകരിക്കും,’ അദ്ദേഹം പറഞ്ഞു.
തലശേരിയില്‍ എഎന്‍ ഷംസീര്‍ ശക്തനായ എതിരാളിയല്ലെന്നും പാര്‍ട്ടിയിലെ പ്രമുഖനായ നേതാവ് എന്ന നിലയിലാണ് ഷംസീറിനെ മത്സരിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ത്ഥിയെന്ന നിലയ്ക്ക് ഷംസീറിന് ഗുണമൊന്നുമില്ലെന്നും വ്യത്യസ്താഭിപ്രായക്കാരെ ഉന്മൂലനം ചെയ്യുന്ന വ്യക്തിയാണ് ഷംസീറെന്നും ഇത് ഒരു നല്ല സ്ഥാനാര്‍ത്ഥിയുടെ ഗുണമായി തോന്നുന്നില്ലെന്നും നസീര്‍ പറഞ്ഞു.
‘നീതി എന്നത് സത്യമാണെങ്കില്‍ ഷംസീര്‍ പരാജയപ്പെടും. ജനങ്ങള്‍ക്ക് സമീപിക്കാന്‍ പറ്റാത്ത രീതിയില്‍ മാടമ്പിത്തരം കാണിക്കുന്നവരെ ജനങ്ങള്‍ വിചാരണ ചെയ്യുമെന്നും നസീര്‍ പറഞ്ഞു.
സിപിഎമ്മിന്റെ തലശേരി ലോക്കല്‍ കമ്മിറ്റി അംഗമായിരിക്കെ തലശേരി സ്റ്റേഡിയത്തില്‍ എഎന്‍ ഷംസീര്‍ എംഎല്‍എയുടെ നേതൃത്വത്തില്‍ നവീകരണ പ്രവൃത്തി നടത്തിയതില്‍ അഴിമതിയുണ്ടെന്ന ആരോപണമുയര്‍ത്തി സിപിഎമ്മിനോട് പൂര്‍ണ്ണമായി അകന്നു. 2019ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ സിപിഎമ്മിനെതിരെ വിമര്‍ശനമുയര്‍ത്തി വടകര മണ്ഡലത്തില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിച്ചു.
ലോക് സഭാ തെരഞ്ഞെടുപ്പില്‍ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കവേയാണ് നസീര്‍ സിപിഎം ഗുണ്ടകളുടെ ആക്രമണത്തിനിരയായത്. തെരഞ്ഞെടുപ്പ് ഫലം കാത്തിരിക്കുമ്പോള്‍ മൂന്ന് ബൈക്കുകളിലായെത്തിയവര്‍ സുഹൃത്തിനൊപ്പം വീട്ടിലേക്ക് സ്കൂട്ടറില്‍ പോകുന്ന നസീറിനെ ആക്രമിച്ചു. വയറിനും കാലുകള്‍ക്ക് വെട്ടേറ്റു. കൊലപ്പെടുത്താനെത്തിയ അക്രമികളെ പൊലീസ് പിടികൂടിയെങ്കിലും ഇതിന് പിന്നിലെ ഗൂഡാലോചനക്കാരെ അറസ്റ്റ് ചെയ്തില്ല. എഎന്‍ ഷംസീര്‍ എംഎല്‍എയാണ് ഈ ആക്രമണത്തിന് പിന്നിലെന്ന് നസീര്‍ ആരോപിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: