തിരുവനന്തപുരം: സ്വര്‍ണക്കടത്തുകേസ് അന്വേഷിക്കുന്ന എന്‍ഫോഴ്സ്മെന്റിനെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച കേരളസര്‍ക്കാരിന്റെ നടപടി നൂറുശതമാനം ഭരണഘടനാ വിരുദ്ധമാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. തീരുമാനം നിര്‍ഭാഗ്യകരമാണ്. ഇത് രാജ്യത്തെ ഫെഡറല്‍ സംവിധാനത്തെ വെല്ലുവിളിക്കുന്നതും ചോദ്യം ചെയ്യുന്നതുമാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
നൂറുശതമാനം സാക്ഷരത ഉണ്ടായിട്ടും കേരളം എന്തുകൊണ്ട് പുറകില്‍ നില്‍ക്കുന്നെന്ന് ഏഴുപതിറ്റാണ്ട് മാറിമാറി ഭരിച്ച എല്‍ഡിഎഫും യുഡിഎഫും വ്യക്തമാക്കണം. പരസ്പരം വാക് യുദ്ധം നടത്തുന്ന എല്‍ഡിഎഫും യുഡിഎഫും വാസ്തവത്തില്‍ സൗഹൃദമത്സരത്തിലൂടെ കേരള ജനതയെയാണ് പരാജയപ്പെടുത്തുന്നത്. രണ്ടായിരം കിലോമീറ്റര്‍ അപ്പുറത്ത് ബംഗാളില്‍ ഇവര്‍ പ്രണയത്തിലാണ്. പ്രകടനപത്രികയിലെ വാഗ്ദാനങ്ങള്‍ ഏതൊക്കെ പാലിച്ചെന്ന് എല്‍ഡിഎഫ് സത്യസന്ധമായി മറുപടി പറയണം. വികസനം മുരടിപ്പിച്ച് സദ്ഭരണത്തില്‍ നിന്ന് അകറ്റി ന്യൂനപക്ഷ പ്രീണനത്തിലൂടെ പിണറായി സര്‍ക്കാര്‍ കേരളത്തിലെ സാമൂഹ്യസന്തുലനം തകര്‍ത്തു. കോവിഡ് കൈകാര്യം ചെയ്യുന്നതില്‍ പിണറായി സര്‍ക്കാര്‍ പൂര്‍ണമായും പരാജയപ്പെട്ടു. അഴിമതിയും അക്രമവും മാത്രമാണ് എല്‍ഡിഎഫിന്റെ മുഖമുദ്ര. മാറ്റം ആഗ്രഹിക്കുന്ന കേരള ജനതയ്ക്ക് വ്യാജവാഗ്ദാനങ്ങള്‍ നല്കി എല്‍ഡിഎഫും യുഡിഎഫും നിരന്തരം വഞ്ചിക്കുകയാണ്. ആഴക്കടല്‍ മത്സ്യബന്ധനത്തിന് വിദേശകമ്പനിയുമായി ധാരണാപത്രം ഒപ്പിട്ട സംസ്ഥാനസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളെയും വഞ്ചിച്ചു.
കേന്ദ്രത്തില്‍ മത്സ്യബന്ധനവകുപ്പ് പുതുതായി രൂപീകരിച്ചത് മോദി സര്‍ക്കാരാണ്. എന്നാല്‍ പ്രതിപക്ഷമായ കോണ്‍ഗ്രസ് ഇപ്പോഴും ആ കാര്യം അറിഞ്ഞിട്ടില്ല. കര്‍ഷകര്‍ക്ക് കിസാന്‍ കാര്‍ഡ് ഏര്‍പ്പെടുത്തിയതു പോലെ കേന്ദ്രസര്‍ക്കാര്‍ മത്സ്യത്തൊഴിലാളികള്‍ക്കും ഫിഷര്‍മെന്‍ കാര്‍ഡ് കൊണ്ടുവരും. കര്‍ഷകര്‍ക്ക് 6000 രൂപ നല്കിയതുപോലെ മത്സ്യത്തൊഴിലാളികള്‍ക്കും ആനുകൂല്യം നല്‍കുന്നത് പരിഗണനയിലുണ്ട്.
കേരളത്തില്‍ അധികാരത്തിലെത്തിയാല്‍ ശബരിമല ആചാരസംരക്ഷണത്തിന് ശക്തമായ നിയമം കൊണ്ടുവരും. എല്ലാ കേന്ദ്രപദ്ധതികളും പൂര്‍ണമായും നടപ്പാക്കും. ഭൂരഹിതരായ പട്ടികജാതി പട്ടികവര്‍ഗക്കാര്‍ക്ക് അഞ്ചേക്കര്‍ കൃഷിഭൂമി നല്‍കും. ബിപിഎല്‍ കുടുംബങ്ങള്‍ക്ക് വര്‍ഷംതോറും ആറു ഗ്യാസ് സിലിണ്ടര്‍ സൗജന്യമായി നല്‍കും. കേരളത്തിലെ രാഷ്ട്രീയ കൊലപാതകങ്ങള്‍ പൂര്‍ണമായും അവസാനിപ്പിക്കും. ക്രമസമാധാനനില ഭദ്രമാക്കും. പ്രകടനപത്രികയില്‍ പറയുന്നത് പൂര്‍ണമായും നടപ്പാക്കുന്നതിനാലാണ് ബിജെപിയുടെ വിശ്വാസ്യത വര്‍ധിക്കുന്നത്. 370ാം വകുപ്പ് റദ്ദാക്കിയതും മുത്തലാഖ് നിര്‍ത്തലാക്കി ക്രിമിനല്‍ കുറ്റമാക്കിയതും ഉദാഹരണം. വാക്കും പ്രവൃത്തിയും അജഗജാന്തരമായ എല്‍ഡിഎഫിനും യുഡിഎഫിനും ഈ വിശ്വാസ്യത അവകാശപ്പെടാനാകില്ല.
ബിജെപിക്ക് മാത്രമേ സദ്ഭരണം കാഴ്ചവയ്ക്കാനാകൂ. എല്ലാവരെയും വിശ്വാസത്തിലെടുത്തു മാത്രമേ ഏകീകൃത സിവില്‍കോഡ് നടപ്പാക്കൂ. ഇന്ധനവില നിയന്ത്രണത്തിന് സംസ്ഥാന സര്‍ക്കാരുകള്‍ കൂടി നികുതി കുറയ്ക്കണമെന്നും അദ്ദേഹം പറഞ്ഞു.
കര്‍ണാടക ഉപമുഖ്യമന്ത്രി അശ്വത് നാരായണന്, കേരള പ്രഭാരി സി പി രാധാകൃഷ്ണന്, ജനറല്‍ സെക്രട്ടറി, ജോര്‍ജ്ജ് കുര്യന്, സെക്രട്ടറി എസ് സുരേഷ് എന്നിവരും ഒപ്പമുണ്ടായിരുന്നു
പ്രതികരിക്കാൻ ഇവിടെ എഴുതുക: