ധാക്ക: ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി വിശിഷ്ടാതിഥിയായി പങ്കെടുത്തു. തേജ്ഗാവിലെ നാഷണല്‍ പരേഡ് സ്ക്വയറിലായിരുന്നു ചടങ്ങ്.
ബംഗ്ലാദേശിന്റെ രാഷ്ട്രപിതാവ് ബംഗബന്ധു ഷെയ്ഖ് മുജീബുര്‍ റഹ്മാന്റെ ജന്മശതാബ്ദി അനുസ്മരണം കൂടി ആയി.
ഖുര്‍ആന്‍, ഭഗവദ്ഗീത, ബുദ്ധ സന്ദേശങ്ങളടങ്ങിയ ത്രിപിതക, ബൈബിള്‍ എന്നിവയുള്‍പ്പെടെ വിശുദ്ധ ഗ്രന്ഥങ്ങളില്‍ നിന്നുള്ള പാരായണത്തോടെയാണ് ആരംഭിച്ചത്. സ്വാതന്ത്ര്യത്തിന്റെ സുവര്‍ണ്ണ ജൂബിലി ആഘോഷത്തോടനുബന്ധിച്ചുള്ള ലോഗോ അനാച്ഛാദനം ചെയ്തുകൊണ്ട് ‘അനശ്വരനായ മുജിബ്’ എന്ന പേരില്‍ ഒരു അനിമേഷന്‍ വീഡിയോ അവതരിപ്പിച്ചു.ബംഗ്ലാദേശ് രാഷ്ട്ര നിര്‍മ്മാണത്തില്‍ സായുധ സേനയുടെ പങ്ക് ബന്ധിച്ച് സായുധ സേനയുടെ പ്രത്യേക അവതരണവും നടന്നു.
ഡോ. കമാല്‍ അബ്ദുള്‍ നാസര്‍ ചൗധരി സ്വാഗത പ്രസംഗം നടത്തി. 1971 ലെ ബംഗ്ലാദേശിലെ വിമോചന യുദ്ധത്തില്‍ നേരിട്ട് പങ്കെടുത്ത ഇന്ത്യന്‍ സായുധ സേനയിലെ സൈനികരെ അനുസ്മരിച്ച്, പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സാന്നിധ്യം അദ്ദേഹം പ്രത്യേകം ചൂണ്ടിക്കാട്ടി. വിവിധ രാഷ്ട്രത്തലവന്മാര്, ഗവണ്മെന്റ് മേധാവികള്‍, വിശിഷ്ട വ്യക്തികള്‍ എന്നിവരുടെ അഭിനന്ദന സന്ദേശങ്ങള്‍ പ്രദര്‍ശിപ്പിച്ചു.
2020ലെ സമാധാന സമ്മാനം ഷെയ്ഖ് മുജിബുര്‍ റഹ്മാനുള്ള മരണാനന്തര ബഹുമതിയായി അദ്ദേഹത്തിന്റെ ഇളയ മകള്‍ ഷെയ്ഖ് റെഹാനയ്ക്കും അവരുടെ സഹോദരി പ്രധാനമന്ത്രി ഷെയ്ഖ് ഹസീനയ്ക്കും നരേന്ദ്ര മോദി കൈമാറി. അഹിംസാത്മകവും മറ്റ് ഗാന്ധിയന്‍ രീതികളിലൂടെയുള്ള സാമൂഹിക, സാമ്പത്തിക, രാഷ്ട്രീയ പരിവര്‍ത്തനത്തിന് അദ്ദേഹം നല്കിയ സമഗ്ര സംഭാവനകളെ മാനിച്ചാണ് ഈ അവാര്‍ഡ്.
ഇരു രാജ്യങ്ങളുടെയും ഉഭയകക്ഷി ബന്ധത്തിന്റെ വിവിധ വശങ്ങളെ സ്പര്‍ശിച്ചു സംസാരിച്ച നരേന്ദ്ര മോദി എല്ലാ വിശിഷ്ടാതിഥികള്‍ക്കും നന്ദി അറിയിക്കുകയും ഈ അവസരത്തിന്റെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടുകയും ചെയ്തു. ഷെയ്ഖ് റെഹാന പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ‘ അനശ്വരനായ മുജിബ് ഫലകം’ സമ്മാനിച്ചു.
1971 ലെ ബംഗ്ലാദേശ് വിമോചന യുദ്ധത്തില്‍ ഇന്ത്യയുടെ പങ്കിനേയും പരിശ്രമത്തേയും പ്രശംസിച്ചാണ് പ്രസിഡന്റ് മുഹമ്മദ് അബ്ദുല്‍ ഹമീദ് പ്രസംഗിച്ചത്. ഇന്ത്യയുടെ പ്രധാനമന്ത്രിക്കും ജനങ്ങള്‍ക്കും അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു.
കോവിഡ് 19 പകര്‍ച്ചവ്യാധികള്‍ക്കിടയിലും നേരിട്ട് ഈ പരിപാടിയില്‍ പങ്കെടുത്തതിന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന കൃതജ്ഞത അറിയിച്ചു.. എല്ലായ്പ്പോഴും ബംഗ്ലാദേശിന് ഇന്ത്യാ ഗവണ്മെന്റ് നല്കിയ പിന്തുണയെ അവര്‍ അഭിനന്ദിച്ചു.സാംസ്കാരിക പരിപാടിയില്‍
വിഖ്യാത ഹിന്ദുസ്ഥാനി ക്ലാസിക്കല്‍ ഗായകന് പണ്ഡിറ്റ് അജോയ് ചക്രബര്‍ത്തി ബംഗബാന്ധുവിനായി രചിച്ചു സമര്‍പ്പിച്ച രാഗം വിശിഷ്ടാതിഥികളെയും പ്രേക്ഷകരെയും ആനന്ദിപ്പിച്ചു. എ. ആര്. റഹ്മാന്റെ മനോഹര ഗീതവും ഹൃദയങ്ങള്‍ കീഴടക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: