സ്റ്റോക്ഹോം: നാല്‍പ്പത്തിയൊന്നാം വയസില്‍ 2022 ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാന്‍ തയ്യാറെടുക്കുകയാണ് സ്വീഡന് സ്ട്രൈക്കര്‍ സ്ലാട്ടന് ഇബ്രാഹിമോവിച്ച്. വിരമിക്കല്‍ മതിയാക്കി മുപ്പത്തിയൊമ്പതാം വയസില്‍ കളിക്കളത്തിലേക്ക് തിരിച്ചുവന്ന ഇബ്രാ നാളെ ജോര്‍ജിയക്കെതിരായ ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ സ്വീഡനായി വീണ്ടും ബൂട്ടുകെട്ടും. 2016 നുശേഷം ഇതാദ്യമായാണ് ഇബ്രാ സ്വീഡനായി കളിക്കളത്തില്‍ ഇറങ്ങുന്നത്.
ജൂണില്‍ ആരംഭിക്കുന്ന യൂറോപ്യന്‍ ചാമ്പ്യഷിപ്പില്‍ സ്വീഡനായി കളിക്കണമെന്നാണ് ഇബ്രായുടെ ആദ്യ മോഹം. 2022 നവംബര്‍- ഡിസംബര്‍ മാസങ്ങളില്‍ ഖത്തറില്‍ അരങ്ങേറുന്ന ലോകകപ്പിലും ബൂട്ടണിയാന്‍ മോഹമുണ്ട്. ലോകകപ്പ് നടക്കുന്ന 2022 ല്‍ ഇബ്രായ്ക്ക് നാല്‍പ്പത്തിയൊന്ന് വയസാകും.
ഇബ്രാ ഇത്വരെ രണ്ട് ലോകകപ്പ് ഫൈനല്‍സുകളില്‍ കളിച്ചിട്ടുണ്ട്. 2002 ലും 2006 ലും. പക്ഷെ ഈ രണ്ട് ലോകകപ്പിലും ഒരു ഗോള്‍ പോലും അടിക്കാനായില്ല. ഖത്തറില്‍ ഈ കുറവ് നികത്താമെന്ന പ്രതീക്ഷയിലാണ് ഇബ്രാ.
സ്വീഡനായി ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരമാണ്. 112 രാജ്യാന്തര മത്സരങ്ങളില്‍ സ്വീഡന്റെ കുപ്പായമണിഞ്ഞ ഇബ്രാ 62 ഗോളുകള്‍ എതിരാളികളുടെ വലയില്‍ അടിച്ചുകയറ്റി.
2017 ല്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനായി കളിക്കുന്നതിനിടെ കാല്‍മുട്ടിന് പരിക്കേറ്റ ഇബ്രായ്ക്ക് ഏഴു മാസം കളിക്കളത്തില്‍ നിന്ന് വിട്ടുനില്‍ക്കേണ്ടിവന്നു. യുണൈറ്റഡിനായി ഏഴു മത്സരങ്ങള്‍ കൂടി കളിച്ച ശേഷം ലോസ് ഏയ്ഞ്ചല്‍സ് ഗാലക്സിയിലേക്ക് ചേക്കേറി. രണ്ട് സീസണില്‍ അവര്‍ക്കായി കളിച്ചു. 2019 ല്‍ ഇറ്റാലിയന്‍ ടീമായ എസി മിലാനില്‍ ചേര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: